- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനിച്ചത് തിരുവനന്തപുരത്ത്; മാതാപിതാക്കൾക്ക് ഒപ്പം എത്യോപ്യയിൽ എത്തിയത് ആറ് മാസം പ്രായമുള്ളപ്പോൾ; മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം നാട്ടിലെ ബന്ധുക്കളെ തിരയുന്നു': ഡോ.എസ്.എസ്.ലാലിന്റെ പോസ്റ്റ് വൈറലായതോടെ ലോകമെമ്പാടും നിന്ന് ബന്ധുക്കൾ; മത്യാസിനും സഹോദരി ആശയ്ക്കും ഇത് പുതുവത്സര സമ്മാനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനിച്ച് മാതാപിതാക്കൾക്ക് ഒപ്പം എത്യോപ്യയിലേക്ക് കുടിയേറിയ മലയാളി അദ്ധ്യാപകൻ മത്യാസ് ഏബ്രഹാം നാട്ടിലെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ എന്ന വിവരം പങ്കുവച്ച് ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് നിലവിൽ മത്യാസ് ഏബ്രഹാം. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം പുനഃസ്ഥാപിക്കാനുള്ള മത്യാസ് ഏബ്രഹാമിന്റെ ആഗ്രഹം വെളിപ്പെടുത്തിയുള്ള ഡോ.എസ്.എസ്.ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൊലിച്ചിരിക്കുകയാണ്. പുതുവത്സര സമ്മാനം പോലെ പോസ്റ്റ് കണ്ട് മത്യാസിന്റെ ബന്ധുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടുകയാണ്. ഇതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഡോ.എസ്.എസ്.ലാൽ പുതിയ കുറിപ്പിട്ടു.
മത്യാസിന്റെ കഥ അറിയാത്തവർക്ക്
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു! എന്ന തലക്കെട്ടോടെയാണ് ഡോ.എസ്.എസ്.ലാൽ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. തിരുവനന്തപുരത്ത് പാളയത്താണ് മത്യാസ് ഏബ്രഹാം ജനിച്ചത്. ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി.
പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലുമായിരുന്നു. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുള്ള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്തുകാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്ലേഴ്സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്.ഇത്രയും വിവരങ്ങളാണ് ആദ്യ പോസ്റ്റിൽ ഡോ.എസ്.എസ്.ലാൽ പങ്കുവച്ചത്. 2023 പിറന്നതോടെ പുതിയ വിശേഷം വരവായി
പുതുവത്സര സമ്മാനമായി പുതിയ വിശേഷം
മത്യാസിനും സഹോദരി ആശയ്ക്കും ഇതൊരു പുതുവത്സര സമ്മാനമാണ്. ഇരുവർക്കും മാത്രമല്ല, ലോകത്ത് വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കൾക്കും. മുപ്പതുകൊല്ലം മുമ്പ് അമ്മയും മൂന്നാഴ്ച മുമ്പ് അച്ഛനും മരിച്ച മത്യാസ് പതിറ്റാണ്ടുകളായി കേരളത്തിലെ തന്റെ വേരുകൾ അന്വേഷിക്കുകയായിരുന്നു. ഇതുവരെ ആരെയും ബന്ധപ്പെടാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു. ഏതായാലും ഡോ.എസ്.എസ്.ലാലിന്റെ കുറിപ്പ് കണ്ട് മത്യാസിന്റെ നിരവധി അങ്കിൾമാരും ആന്റിമാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. അമേരിക്കയിലെ അങ്കിൾ താമസിയാതെ എത്യോപ്യയിലേയ്ക്ക് വരുന്നുണ്ട്. സഹോദരി ആശ കേരളത്തിലേയ്ക്ക് പോകാൻ പദ്ധതിയിടുന്നുണ്ട്.
നാട്ടിലെ ബാക്കിയുണ്ടാകാൻ ഇടയുള്ള എന്തെങ്കിലും സമ്പത്തിനെപ്പറ്റി അന്വേഷിക്കാൻ പോലും മത്യാസിനും ആശയ്ക്കും താല്പര്യമില്ല. ബന്ധുക്കളുടെ സ്‌നേഹം മാത്രം മതി എന്നാണ് നിലപാട്. നഷ്ടപ്പെട്ട ബന്ധുക്കളെ നാല് പതിറ്റാണ്ടിന് ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മത്യാസും ചേച്ചി ആശയും. പുതിയ വർഷത്തിൽ പുത്തൻ പ്രതീക്ഷകൾ അവരുടെ ഉത്സാഹം കൂട്ടുന്നു. മത്യാസിന്റെയും ആശയുടെയും വീട്ടിൽ പോയതിന്റെ ചിത്രങ്ങളും ഡോ.എസ്.എസ്.ലാൽ പങ്കുവച്ചു.
ഡോ.എസ്.എസ്.ലാലിന്റെ പോസ്റ്റിന്റെ പൂർണരൂപം:
വിലമതിക്കാനാകാത്ത പുതുവത്സര സമ്മാനം
അതേ, ഇതൊരു പുതുവത്സര സമ്മാനമാണ്. എനിക്ക് മാത്രമല്ല, ഏതാണ്ട് ഏതാണ്ട് 40 കൊല്ലത്തിന് ശേഷം നാട്ടിലെ ബന്ധുക്കളെ തിരിച്ചു കിട്ടിയ മത്യാസിനും (അശോക്) സഹോദരി ആശയ്ക്കും എത്യോപ്യയിൽ ജീവിക്കുന്ന ഇവരെ രണ്ടുപേരെയും ഞാനുമായി ബന്ധപ്പെടുത്തിയ സിസ്റ്റർ ആശയ്ക്കും മത്യാസിന്റെയും ആശയുടെയും വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന നിരവധി അടുത്ത ബന്ധുക്കൾക്കും ഇതൊരു പുതുവത്സര സമ്മാനമാണ്.
അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂൾ പ്രിൻസിപ്പലും മലയാളിയുമായ സിസ്റ്റർ ആശയെ കണ്ടതാണ് എല്ലാ സന്തോഷത്തിന്റെയും തുടക്കം. അതേ സ്‌കൂളിൽ അദ്ധ്യാപകനായ മത്യാസിനെ സിസ്റ്റർ എനിക്ക് പരിചയപ്പെടുത്തി. മുപ്പതുകൊല്ലം മുമ്പ് അമ്മയും മൂന്നാഴ്ച മുമ്പ് അച്ഛനും മരിച്ച മത്യാസ് പതിറ്റാണ്ടുകളായി കേരളത്തിലെ തന്റെ വേരുകൾ അന്വേഷിക്കുകയായിരുന്നു. ഇതുവരെ ആരെയും ബന്ധപ്പെടാൻ കഴിയാത്തതിന്റെ വേദന പരിചയപ്പെട്ടയുടൻ മത്യാസ് എന്നോട് പറഞ്ഞു.
ഒരദ്ധ്യാപകനായ മത്യാസിന് ഇതുവരെ ബന്ധുക്കളെ കണ്ടുപിടിക്കാൻ കഴിയാതിരുന്നത് എന്നെയും അതിശയപ്പിച്ചു. വലിയ ഒരു കുടുബത്തിലെ അംഗവും വലിയ സമ്പത്തിനുടമയുമായിരുന്ന മത്യാസിന്റെ പിതാവിന്റെ സ്വഭാവത്തിന്റെ ചില പ്രത്യേകതകളും ജീവിതത്തിൽ വന്നു ചേർന്ന ചില ശീലങ്ങളും രോഗങ്ങളും ഒക്കെയാണ് നാടുമായുള്ള ബന്ധം തീർത്തും ഇല്ലാതാക്കിയത്.
മത്യാസിന്റെ നിരവധി അങ്കിൾമാരും ആന്റിമാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു. അവർ എന്നേയും വിളിച്ച് നന്ദി പറയുന്നുണ്ട്. അമേരിക്കയിലെ അങ്കിൾ താമസിയാതെ എത്യോപ്യയിലേയ്ക്ക് വരുന്നുണ്ട്. ആശ കേരളത്തിലേയ്ക്ക് പോകാൻ പദ്ധതിയിടുന്നുണ്ട്.
മത്യാസിന്റെ പിതാവ് എത്യോപ്യയിൽ അറിയപ്പെടുന്ന അദ്ധ്യാപകനായിരുന്നു. ജന്തുശാസ്ത്രത്തിൽ പി.എച്.ഡി ക്കാരനായിരുന്നു. 1992-ൽ ഭാര്യ മരിച്ചതോടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ അലട്ടി. അച്ഛനെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്വം മകൾ ആശ ചെറുപ്പത്തിലേ ഏറ്റെടുത്തു. രോഗിയായ അച്ഛനെ പരിചരിക്കാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മത്യാസ് ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ച് എത്യോപ്യയിൽ തിരികെയെത്തി. സിസ്റ്റർ ആശയാണ് മത്യാസിന് നേറ്റിവിറ്റി സ്‌കൂളിൽ ജോലി കൊടുത്തത്.
മത്യാസും ആശയും ഇപ്പോഴും ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണ്. സിസ്റ്റർ ആശയും കൂട്ടരും അവരുടെ സഹായത്തിനുണ്ട്. നാട്ടിലെ ബാക്കിയുണ്ടാകാൻ ഇടയുള്ള എന്തെങ്കിലും സമ്പത്തിനെപ്പറ്റി അന്വേഷിക്കാൻ പോലും താല്പര്യമില്ലെന്ന് മത്യാസും ആശയും പറഞ്ഞു. ബന്ധുക്കളുടെ സ്‌നേഹം മാത്രം മതി.
നഷ്ടപ്പെട്ട ബന്ധുക്കളെ നാല് പതിറ്റാണ്ടിന് ശേഷം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മത്യാസും ചേച്ചി ആശയും. പുതിയ വർഷത്തിൽ അവർക്ക് ഇനിയും ഒരുപാട് നല്ല പ്രതീക്ഷകൾ ഉണ്ട്.സിസ്റ്റർ ആശ, സിസ്റ്റർ സ്മിത എന്നിവർക്കൊപ്പം ഇന്ന് ഞാൻ മത്യാസിന്റെയും ആശയുടെയും വീട്ടിൽ പോയി. വീടിന്റെ ചുമരുകളിൽ അവരുടെ അച്ഛനമ്മമാരുടെയും നാട്ടിലെ ബന്ധുക്കളുടെയും ചിത്രങ്ങൾ ധാരാളം. ഈ വിഷയം ഏറ്റെടുത്ത നാട്ടിലെ മാധ്യമ പ്രവർത്തകരോട് ഇരുവർക്കും ഒരുപാട് നന്ദിയുണ്ട്. എനിക്കും.
ഡോ: എസ്.എസ്. ലാൽ
ഡോ. എസ് എസ് ലാലിന്റെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ്
മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു !
എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം.
തിരുവനന്തപുരത്ത് പാളയത്ത് ജനിച്ചു. ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ൽ. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുള്ള ബന്ധം അവസാനിച്ചു. കാരണം അറിയില്ല. അച്ഛനും അമ്മയും ഒന്നും പറഞ്ഞുകൊടുത്തില്ല. അവർ മരിച്ചും പോയി. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ താല്പര്യമുണ്ട്. ഒരാളുടെ വിവരവും കൈയിലില്ല. അതിനാൽ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു 'ബന്ധു'വുമില്ല. വിവാഹവും കഴിച്ചിട്ടില്ല.
അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു. ബന്ധുക്കളെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും ഫലമില്ലാതെ പോയി.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്ലേഴ്സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീട്. ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ തരാൻ ഇമെയിലും എനിക്ക് തന്നിട്ടുണ്ട്.
ഡോ: എസ്.എസ്. ലാൽ
മറുനാടന് മലയാളി ബ്യൂറോ