ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ., ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതു വരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽനിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഡോക്ടറോട് അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപർണയുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർന്ന് അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ഇതോടെ പ്രശ്‌നം തീരുന്നില്ല. വിഷയത്തിൽ പ്രതിഷേധം തുടരാനാണ് അവരുടെ തീരുമാനം.

പൊക്കിൾക്കൊടി പുറത്തുവന്നതിനാലാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു ശ്രമമെങ്കിലും ഹൃദയമിടിപ്പ് 20ൽ താഴെയായിരുന്നു. ശസ്ത്രക്രിയാ സമയത്ത് അപർണയുടെ ബി.പി താഴ്ന്ന നിലയിലായിരുന്നു. ഡോ. തങ്കു തോമസ് കോശിയുടെ ടീമിനായിരുന്നു ചുമതല. അവർ സ്ഥലത്തുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും. ഞങ്ങടെ കൊച്ചിനെ കൊന്നതാ, ഇവിടെ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല. പൊട്ടിത്തെറിക്കുകയായിരുന്നു ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ മരണപ്പെട്ട അപർണ്ണയുടെയും കുഞ്ഞിന്റെയും ബന്ധുക്കൾ . ഈ മെഡിക്കൽ കോളേജിൽ എത്ര സംഭവങ്ങൾ നടന്നു, എന്ത് നിയമനടപടിയുണ്ടായി എന്ന് ബന്ധുക്കൾ ചോദിക്കുന്നു. അപർണ്ണയുടെ മരണം ഇന്നലെ നടന്നു വെന്റിലേറ്ററിൽ ഇട്ട് കബളിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ ആരോപണങ്ങളുടെ സാഹചര്യത്തിലാണ് അന്വേഷണവും മറ്റും പ്രഖ്യാപിച്ചത്.

കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (21) ഇന്നു പുലർച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ മരണകാരണം അറിയിക്കാൻ വൈകിയതിന് ഇന്നലെ ബന്ധുക്കൾ ബഹളമുണ്ടാക്കിയിരുന്നു. അനസ്‌ത്യേഷ്യ നൽകിയതിൽ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് ഡോക്ടറെ അവധിയിലേക്ക് മാറ്റിയത്. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളുണ്ടാകും.

അമ്മയും കുഞ്ഞും ഒരേ സമയം മരിച്ചതാണെന്നും വിവരങ്ങൾ മറച്ചുവെച്ചതാണെന്നുമാരോപിച്ച് ബന്ധുക്കളും നാട്ടുകാരുംപ്രതിഷേധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാം ഇടപെട്ട് ഉന്നത സംഘത്തിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്താമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധക്കാർ പിന്മാറിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനായി അഞ്ചംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ(22)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ചതായ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയിൽ ട്രോമ കെയറിലായിരുന്ന അപർണ ബുധനാഴ്ച പുലർച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം. കുട്ടി മരിച്ചെന്ന വിവരം അറിഞ്ഞ ബന്ധുക്കളുടെ പ്രതിഷേധവും രോഷവും കണ്ടാണ് അമ്മ മരിച്ച വിവരം പുറത്തുവിടാതിരുന്നതെന്നും ബന്ധുക്കൾക്കിടയിൽ ആക്ഷേപം ഉയർന്നിരുന്നു. കുട്ടിക്ക് പിന്നാലെ അമ്മയും മരിച്ചെന്ന വിവരമറിഞ്ഞ് കൈനകരിയിലുള്ള നാട്ടുകാരും ആശുപത്രിയിൽ പ്രസവവാർഡിൽ പ്രവേശിപ്പിച്ച മറ്റുള്ളവരോടൊപ്പം ഉള്ളവരും പ്രതിഷേധവുമായി ജെ ബ്ലോക്കിന്റെ കവാടത്തിൽ തടിച്ചുകൂടി.

അമ്പലപ്പുഴ,പുന്നപ സിഐ മാരുടെ നേതൃത്വത്തിലുള്ള പൊലീസും ദ്രുതകർമസേനയും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുറ്റക്കാരെ പുറത്താക്കണമെന്നും ഉന്നത സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടിയുടെയും അമ്മയുടെയും പോസ്റ്റമോർട്ടം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തഹസിൽദാർ ജയ എത്തി ഉറപ്പ് നൽകിയതിന് ശേഷമാണ് ബന്ധുക്കൾ പിന്മാറിയത്. ആശുപത്രി ഗൈനക്കോളജി വിഭാഗം തങ്കുകോശിയുടെ സ്വകാര്യ പ്രാക്ടീസിലാണ് അപർണയും ചികിത്സ തേടിയത്. പലതവണ സ്‌കാനിങും പരശോധനയും നടത്തിയെങ്കിലും അമ്മക്കും കുട്ടിക്കും കുഴപ്പമില്ലെന്നാണ് പറഞ്ഞിരുന്നത്. ഡോക്ടർ നിർദേശിക്കുന്ന ലാബിലെയും സ്‌കാൻസെന്ററിലെയും പരിശോധനഫലവുമായി ചെന്നില്ലെങ്കിൽ അംഗീകരിക്കില്ലെന്നും വീണ്ടും പരിശോധിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നിരോധനമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ പ്രാക്ടീസ് നടക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനുശേഷവും സ്‌കാൻ ചെയ്തെങ്കിലും അമ്മക്കും കുഞ്ഞിനും മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചൊവ്വാഴ്ച പകൽ മൂന്നോടെ അപർണയെ പ്രസവത്തിനായി ലേബർമുറിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം രാംജിത്തിന്റെ അമ്മ ഗീതയെ ലേബർമുറിയിലേക്ക് വിളിച്ചുവരുത്തി ഒപ്പിടണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. കുട്ടിയെ പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞാണ് ഒപ്പിടാൻ ആവശ്യപ്പെട്ടത്. ഒപ്പിട്ടുകൊടുത്തതിന് പിന്നാലെ കുട്ടി മരിച്ചെന്നാണ് ജീവനക്കാർ വിവരം അറിയിച്ചത്. പിന്നാലെ രാംജിത്തും ബന്ധുക്കളും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് വിവരങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരും ജീവനക്കാരും ബന്ധുക്കളെ കാണാൻ കൂട്ടാക്കിയില്ല.

തുടർന്ന് രാത്രി ഏറെ വൈകിയും ബന്ധുക്കൾ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സംഭവം അറിഞ്ഞ് എയ്ഡ് പോസ്റ്റിൽ നിന്നു പൊലീസ് എത്തി ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർമാരുമായി സംസാരിക്കണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നത് പൊലീസും ബന്ധുക്കളുമായി വാക്കേറ്റത്തിന് വഴിയൊരുക്കി. ഇതിനിടയിൽ അപർണയുടെ അമ്മ സുനിമോൾ കുഴഞ്ഞുവീണതും പ്രതിഷേധം ശക്തമാകാൻ വഴിയൊരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽസലാം ബന്ധുക്കളുമായി ചർച്ചനടത്തി. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാനും ഡോ. ഷാരിജ, ഡോ. ജയറാംശങ്കർ, ഡോ. വിനയകുമാർ, ഡോ.സജീവ്കുമാർ നഴ്‌സിങ്ങ് മേധാവി അംബിക എന്നിവരെ അന്വേഷണച്ചുമതല ഏർപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച രാത്രിയിൽ പ്രതിഷേധം ശാന്തമായത്.