കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്‌കൂൾ അദ്ധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ മൃതദേഹത്തിലുണ്ടായിരുന്നത് പതിനൊന്ന് കുത്തുകൾ. ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്‌കാരം.

ഈ കേസിൽ ഹൈക്കോടതി ഇടപടെൽ നിർണ്ണായകമാണ്. മാതാപിതാക്കൾ സേവനത്തിനായി അയച്ച മകളെ ശവപ്പെട്ടിയിലാണോ മടക്കി അയയ്‌ക്കേണ്ടതെന്നു കോടതിയുടെ വികാരനിർഭരമായ ചോദ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച വിഷയം പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. വന്ദന ദാസിന്റെ മാതാപിതാക്കളെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കും? കോടതി സർക്കാർ അഭിഭാഷകനോടു ചോദിച്ചു. ഒരു ഡോക്ടറുടെ മുന്നിൽ ഇങ്ങനെയൊരാളെ കൊണ്ടുവരുമ്പോൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നു. മൊബൈൽ ഫോണും നോക്കി നിൽക്കരുത്. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരെ വിഐപികളായി പരിഗണിക്കാനും അതിനൊത്ത സുരക്ഷ ഒരുക്കാനും കോടതി നിർദ്ദേശിച്ചു.

ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം, അവസാന നിമിഷം അവൾ അയാളുടെ മുന്നിൽ പെട്ടുപോയി. എത്ര മാത്രം ഭയവും വേദനയും പെൺകുട്ടി അനുഭവിച്ചിരിക്കും. ആലോചിക്കാനേ വയ്യ. ഡോ. വന്ദനയുടെ കുടുംബത്തോടും സഹപാഠികളോടും സുഹൃത്തുക്കളോടും പറയുന്നു, അവളുടെ ജീവത്യാഗം മറവിയിലാണ്ടു പോവില്ല . ഇതു പറയുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. ഡോക്ടർമാർക്കു സംരക്ഷണം നൽകാനാവുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചിടണം. സംഭവത്തിൽ പൊലീസ് പൂർണമായി പരാജയപ്പെട്ടു കോടതി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഐഎംഎ പ്രതിനിധികളുമായി ചർച്ച നടത്തും. ഡോക്ടർമാർ തീർത്തും പ്രതിഷേധത്തിലാണ്.

പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച വന്ദനയുടെ മൃതദേഹത്തിൽ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളജിലും പൊതദർശനത്തിനു വച്ചപ്പോഴും നിരവധിപ്പേർ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി. കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു. തുടർന്ന് സന്ദീപിനെ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

'ഡോ.വന്ദനദാസ് എംബിബിഎസ്' കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഡോക്ടറായ മകളിൽ അഭിമാനംകൊണ്ട മാതാപിതാക്കൾ അതേ ജോലിക്കിടെ മകൾ ഇല്ലാതായതിന്റെ ഞെട്ടലിലാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം അറിയുന്നത്.

സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹൻദാസും കുടുംബവും. 'വളരെ നല്ല രീതിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന കുട്ടി. ഞങ്ങൾ വളരെ വേദനയോടെയാണ് ഈ സംഭവം കേൾക്കുന്നത്. സഹിക്കാൻ കഴിയുന്ന കാര്യമല്ല ഇത്.' നാട്ടുകാരിൽ ഒരാൾ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വന്ദനയുടെ വീട്ടിലെത്തി വേദനകളിൽ പങ്കു ചേരുന്നു.