കൊട്ടാരക്കര: ഡോ വന്ദന ദാസിനെ കൊന്ന എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകനായ സന്ദീപിന് ജോലി നഷ്ടമാകും. മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥലകാല ബോധം നശിച്ച വ്യക്തിയാണെന്ന് സന്ദീപ് എന്ന തിരിച്ചറിവിലാണ് തീരുമാനം. ഏതുസമയത്തും മദ്യപിച്ച് ബോധമില്ലാതെ കാണപ്പെടുന്ന സന്ദീപിന് ഇനി സ്‌കൂളിൽ കയറ്റേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാകും പിരിച്ചു വിടുക. മദ്യപാനിയായ അദ്ധ്യാപകൻ കുട്ടികളുടെ ജീവന് പോലും അപകടമുണ്ടാക്കുമെന്ന വിലയിരുത്തിയാകും നടപടി.

മദ്യപിച്ചുള്ള പ്രശ്‌നങ്ങൾ പതിവായതോടെ വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെടുകയായിരുന്നു. മദ്യത്തിന്റെ ലഹരി പോരാതെയാണ് സന്ദീപ് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. എംഡിഎംഎ അടക്കമുള്ളവ സന്ദീപ് ഉപയോഗിക്കുമായിരുന്നു. സന്ദീപ് ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവെടുക്കും. കൂട്ടുകാരുമായി ആ ദിവസങ്ങളിൽ ആഘോഷമായിരിക്കും. ഇതേ തുടർന്നാണ് കുടുംബവും നഷ്ടമായത്.

സന്ദീപ് മദ്യത്തിന് അടിമയായിരുന്നു എന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ പറയുന്നു. അദ്ധ്യാപകൻ മദ്യപിച്ചിരുന്നതിനാൽ നാട്ടിൽ അവമതിപ്പ് ഉണ്ടായിരുന്നു. എന്നാൽ മദ്യപിച്ച് വഴക്കുണ്ടാക്കുകയോ കേസുകളിൽ പെടുകയോ ചെയ്തിട്ടില്ലെന്നും അറിയുന്നവർ പറയുന്നു. മദ്യപിച്ചു ലക്കുകെട്ടു കിടക്കുമ്പോൾ കൂട്ടുകാരോ ബന്ധുക്കളോ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയിൽനിന്നു മുക്തനാകാൻ മുൻപ് ചികിത്സയ്ക്കു പോയിരുന്നു.
മദ്യപാനം അതിരു വിട്ടതോടെ ഭാര്യയും മക്കളും മാറിത്താമസിച്ചു. പന്ത്രണ്ടും എട്ടും വയസ്സുള്ള ആൺമക്കളുണ്ട്. വിലങ്ങറ യുപി സ്‌കൂളിലെ അദ്ധ്യാപകനായ സന്ദീപ് സംരക്ഷിത അദ്ധ്യാപകനായി നെടുമ്പന യുപി സ്‌കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ ആശുപത്രിയിലായതിനാൽ വീട് അടഞ്ഞുകിടക്കുകയാണ്. സഹോദരൻ കൊട്ടാരക്കരയിലാണു താമസം.

നാട്ടിലെ പേരുകേട്ട അദ്ധ്യാപക ദമ്പതികളുടെ മകൻ കൂടിയാണ് സന്ദീപ്. വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയയാളാണ് സന്ദീപ്. ജ്യേഷ്ഠൻ സജിത് കുമാർ ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. സന്ദീപും കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു. തലവൂരിൽ ടിടിസിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീതയേയാണ് വിവാഹം കഴിച്ചത്. മദ്യപാനം തലയ്ക്ക് പിടിച്ചപ്പോൾ സംഗീതയും ഒഴിവാക്കി.

വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നു. ഇടയ്ക്കിടെ സെക്കൻഡ് ഹാൻഡ് കാറുകൾ മാറ്റിവാങ്ങലും പതിവായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും സംഭവിച്ചു. ഒരു കാറും ബൈക്കും സന്ദപിന് സ്വന്തമായുണ്ട്. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു. ഭാര്യ സംഗീതയേയും അക്രമിക്കുമായിരുന്നു. അങ്ങനെയാണ് സംഗീത വീടുവിട്ടിറങ്ങിയത്.

നാലുവർഷം മുമ്പൊരു രാത്രിയിൽ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാൻ ഓടിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് രണ്ട് ആൺമക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിൽ സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയുമായി സംഗീത ജോലിയിൽ പ്രവേശിച്ചു. ഉമ്മന്നൂർ വിലങ്ങറ യു.പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു സന്ദീപ്. ഇവിടെ കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷൻ അദ്ധ്യാപകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സന്ദീപിനെ പല സ്‌കൂളുകളിലും താത്ക്കാലികമായി നിയമിച്ചു.

2021 ഡിസംബറിലാണ് നെടുമ്പന യുപിഎസിൽ സന്ദീപ് താൽക്കാലിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ആ സമയത്ത് കോവിഡ് ലോക് ഡൗണായതിനാൽ ഓൺലൈൻ ക്ലാസ് നടക്കുന്ന സമയമായിരുന്നു. എന്നാൽ തനിക്ക് ഓൺലൈനായി പഠിപ്പിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സന്ദീപ് മാറി നിന്നു. സ്‌കൂളുകൾ തുറന്ന ശേഷമുള്ള ആദ്യദിനങ്ങളിൽ സന്ദീപ് മദ്യപിച്ചാണ് സ്‌കൂളിൽ എത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹെഡ്‌മാസ്റ്റർ ഇനിയിത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തു. പിന്നീട് മാന്യനായി. അപ്പോഴും നാട്ടുകാർക്കും വീട്ടുകാർക്കും തലവേദനയായി.

കഴിഞ്ഞ മാർച്ചിൽ പ്രൊട്ടക്ഷൻ നിയമനത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. അതിനുശമഷം എങ്ങും നിയമനമായിട്ടുണ്ടായിരുന്നില്ല. നാല് ദിവസം മുമ്പ് അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു. പിന്നീട് കുടി കൂടി. ആ കുടിയാണ് ഡോ വന്ദനാ ദാസിന്റെ ജീവനെടുത്തത്. നാട്ടിൽ എവിടെയെങ്കിലും സംഘർഷം വല്ലതും നടന്നോയെന്നു ചൊവ്വാഴ്ച വൈകിട്ട് ഇയാൾ പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചുവിട്ട ഇയാൾ പലയിടത്തും കറങ്ങിനടന്നു. പുലർച്ചെ 2.30ന് സമീപവാസി നെട്ടയം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീകുമാറിന്റെ വീടിന്റെ സമീപത്തുള്ള റബർ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് ചാടിയ സന്ദീപ് ആരോ കൊല്ലാൻ വരുന്നു എന്നുപറഞ്ഞു വിളിച്ചു കൂവി.

ചാട്ടത്തിൽ കാലിനു മുറിവേറ്റു രക്തം വാർന്നു. ശ്രീകുമാർ അയൽവാസികളെയും പൊതുപ്രവർത്തകൻ ബിനുവിനെയും വിളിച്ചുവരുത്തി. അനുനയിപ്പിക്കാൻ നോക്കിയപ്പോഴും ആരോ കൊല്ലാൻ വരുന്നുവെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഫോണെടുത്ത് പൊലീസിനെ വിളിച്ചു. പിന്നീട് പൊലീസുമായി ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തുമ്പോഴും കാലിലെ മുറിവിൽ തയ്യലിടുമ്പോഴും ശാന്തനായിരുന്ന ഇയാൾ പെട്ടെന്നാണു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്‌ത്തിയതും ബിനുവിനെ കുത്തിയതും. തടസ്സം പിടിക്കാൻ എത്തിയ മറ്റുള്ളവരെയും കുത്തി. ഒടുവിൽ ഡോ. വന്ദനയെയും. ആക്രമണത്തിനു മുൻപ് ഡോക്ടറും നഴ്‌സും തന്നെ ചികിത്സിക്കുന്നതിന്റെ വിഡിയോ ഇയാൾ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

രാവിലെ 8.30നു ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴും ഇയാൾ അക്രമാസക്തനായി. ഇതോടെ പ്രതിയെ സ്‌ട്രെച്ചറിൽ കിടത്തി കൈകൾ ബന്ധിച്ചാണു ചികിത്സ നടത്തിയത്. ഇതേനിലയിലാണു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയതും. ജയിലിലേക്കു കൊണ്ടുപോയതും ബന്ധിച്ചനിലയിലാണ്.