തിരുവനന്തപുരം: ഡിസംബർ 19, 2013ലാണ് ദൃശ്യം റിലീസിനെത്തുന്നത്. ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ദിവസമായ ഓഗസ്റ്റ് 2 എന്ന തീയതി പോലും പ്രക്ഷേകർ ഇന്നും ചർച്ച ചെയ്യുന്നെങ്കിൽ ആ സിനിമയുടെ സ്വാധീനം എത്രയോ വലുതാണ്. ജീത്തു ജോസഫിന്റെ ചിത്രം ആഗോള കലക്ഷനിൽ വാരിയത് 75 കോടിക്ക് മുകളിൽ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടി. 2013 ലെ ദൃശ്യവും, 2021 ലെ ദൃശ്യം 2 വുമൊക്കെ വമ്പൻ ഹിറ്റുകളായ പശ്ചാത്തലത്തിൽ ആളുകളെ കൊന്നുകുഴിച്ചുമൂടുന്ന സംഭവങ്ങളെല്ലാം, ദൃശ്യത്തിന്റെ തലയിൽ കൊണ്ടു വയ്ക്കുന്നതും പതിവായി. ദൃശ്യം മോഡൽ കൊലപാതകങ്ങൾ എന്നറിയപ്പെടാനും തുടങ്ങി. ദൃശ്യം സിനിമ തെറ്റായ സന്ദേശം നൽകുന്നുവെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ മുമ്പ് വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ, ചങ്ങനാശേരി പൂവരത്ത് എസി കോളനിയിൽ ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കൊന്ന് മൃതദേഹം വീടിനുള്ളിൽ മറവ് ചെയ്ത വിഷയമാണ് ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തിയിരുന്നു. അതിന് രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഷാജിയെ കാൺമാനില്ലന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്.

ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു, സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.

വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരി ഭർത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

സിനിമയല്ല കൊലയ്ക്ക് കാരണമെന്ന് ജീത്തു

എന്തായാലും ആളെ കുഴിച്ചുമൂടിയുള്ള കൊലപാതകങ്ങൾ ദൃശ്യത്തിന്റെ തലയിൽ കെട്ടി വയ്ക്കുന്നതിനോട് ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് യോജിക്കില്ല.
ദൃശ്യം സിനിമയാണ് കൊലയ്ക്ക് കാരണം എന്ന് കരുതുന്നില്ല എന്നും മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നും ജീത്തു ജോസഫ് പറഞ്ഞു. 'സിനിമ കുറ്റകൃത്യത്തിന് കാരണമാകുമെന്ന പ്രചാരണം ശരിയല്ല എന്നും ജീത്തു കൂട്ടിച്ചേർത്തു.

ദൃശ്യം മോഡൽ കൊലപാതകം നടത്തിയാലും തെളിയിക്കപ്പെടും

ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകത്തെക്കുറിച്ച് കേസന്വേഷണത്തിൽ പങ്കാളിയായ ആലപ്പുഴ നോർത്ത് സിഐ എം.കെ.രാജേഷ് പറയുന്നതിങ്ങനെ:'ദൃശ്യം മോഡൽ കൊലപാതകം നടത്തുന്നവരുടെ വിചാരം അതു തെളിയിക്കപ്പെടില്ല എന്നാണ്. എന്നാൽ അതു സിനിമയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. സിനിമയിൽ കൊലപാതകം ഒളിപ്പിക്കുന്നതു മോഹൻലാൽ ആയതു കൊണ്ടാണ് രക്ഷപ്പെട്ടത്. മറിച്ചൊന്നു ചിന്തിച്ച് നോക്കൂ, സിനിമയിൽ മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കിൽ ഉറപ്പായും ആ കൊലപാതകം തെളിയിക്കില്ലേ? സിനിമ കണ്ടിട്ട് അതുപോലെ അനുകരിക്കുന്നതു മണ്ടത്തരമാണ്. യഥാർഥ ജീവിതത്തിൽ ഇത്തരം കൊലപാതകങ്ങൾ തെളിയിക്കാൻ പൊലീസിനു കൃത്യമായ രീതികളുണ്ട്.

ശാസ്ത്രീയമായ തെളിവുകളിലുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസിനു സാധിക്കും. ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ദൃശ്യം എനിക്കത്ര സംഭവമായിട്ടു തോന്നിയില്ല. കേസിന്റെ ആദ്യ പകുതിയിൽ തന്നെ തെളിയിക്കാനുള്ള ലൂപ്‌ഹോൾസ് ഇഷ്ടം പോലെയുണ്ട്. ജോർജ്കുട്ടി യഥാർഥ പൊലീസിന്റെ മുന്നിലാണ് എത്തുന്നതെങ്കിൽ തീർച്ചയായും ആ കേസ് തെളിയിക്കപ്പെടും. അതിനുദാഹരണമാണല്ലോ ദൃശ്യം മോഡലിൽ നടത്തിയ എല്ലാ കേസുകളും തെളിയിച്ചത്' സിഐ എം.കെ.രാജേഷ് പറഞ്ഞു.

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ സിനിമയാണ് ദൃശ്യം. അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകവും അത് മറച്ചു വെക്കാൻ ജോർജ്ജുകുട്ടി നടത്തുന്ന തന്ത്രങ്ങളുമാണ് ദൃശ്യം പറഞ്ഞുവെയ്ക്കുന്നത്. സിനിമയ്ക്ക് ശേഷം ഇതേ കൊലപാതക രീതിയുമായി സാമ്യമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ട് തന്നെ ദൃശ്യം മോഡൽ കൊലപാതകം എന്ന പ്രയോഗം നൽകാറുള്ളത്.

ദൃശ്യത്തിന്റെ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും സിനിമയുടെ റീമേക്കുകൾക്കും കാരണമായത്. മറ്റ് ഭാഷകളിൽ മൊഴിമാറ്റി ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. 'ദൃശ്യം 2'ന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2021 ൽ ഇരിക്കൂർ എന്ന സ്ഥലത്ത് അതിഥിതൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ ദൃശ്യം മോഡൽ കൊലയായി വിശേഷിപ്പിച്ചിരുന്നു. ആഷികുൾ ഇസ്‌ളാമിനെ തന്റെ സുഹൃത്തുകൊന്ന് മൃതദേഹം പണി നടക്കുന്ന ശൗചാലയത്തിൽ ഇട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ പ്രതി ദൃശ്യത്തിന്റെ മലയാളമോ ഹിന്ദിയോ പതിപ്പ് കണ്ടില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. 2019 ലെ ഉദയം പേരൂറിൽ നടന്ന കൊലപാതകം അറിയപ്പെട്ടത് ദൃശ്യം മോഡൽ എന്നായിരുന്നു. പ്രേം കുമാർ എന്നയാൾ കാമുകി സുനിതക്കൊപ്പം ചേർന്ന് ഭാര്യ വിദ്യയെ കൊലപ്പെടുത്തുകയും വിദ്യയുടെ ഫോൺ ദീർഘദൂര ലോറിയിൽ ഇടുകയുമായിരുന്നു.