ആലപ്പുഴ:ഗതാഗത നിയമലംഘനം പിടിക്കാൻ എഐ ക്യാമറ വരും മുൻപ് പല വിചിത്ര സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അടൂർ, നെല്ലിമുകളിൽ വാഹന പരിശോധന നടത്തുമ്പോൾ ഹെൽമറ്റില്ലാതെ കുടുംബത്തിനൊപ്പം സ്‌കൂട്ടറിൽ വന്ന അരുൺ എന്ന യുവാവിന് പെറ്റി അടിച്ചപ്പോൾ സംഭവ സ്ഥലമായി കാണിച്ചിരുന്നത്, പസഫിക് സമുദ്രത്തിൽ ജപ്പാനും റഷ്യയും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപാണ്. ഈ വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. ഏറ്റവുമൊടുവിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് പൊലീസ് പിഴ വിധിച്ചത് കാറുടമയ്ക്ക്.

രണ്ട് തവണയാണ് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നൽകിയത്. സുജിത്തിന്റെ കാറിന്റെ അതേ നമ്പറുള്ള ബൈക്കിൽ രണ്ട് പേർ ഹെൽമറ്റ് വെക്കാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രം ഉൾപ്പെടെയാണ് നോട്ടീസ് അയച്ചത്. എന്നാൽ തനിക്ക് ഈ നമ്പറിലുള്ള കാറ് മാത്രമാണുള്ളതെന്നും ബൈക്കില്ലെന്നും കാണിച്ച് രേഖകൾ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥർ നടപടി എടുക്കുന്നില്ലെന്നാണ് സുജിത്ത് പറയുന്നത്.

2022 ഡിസംബർ 26നാണ് സുജിത്തിന് ആദ്യത്തെ നോട്ടീസ് ലഭിക്കുന്നത്. ആലപ്പുഴ ട്രാഫിക് പൊലീസിന്റെതായിരുന്നു നോട്ടീസ്. അന്ന് നോട്ടീസ് വിശദമായി പരിശോധിക്കാതെ തന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണെന്ന് കരുതി സുജിത്ത് 500 രൂപ അടച്ചു. എന്നാൽ പിന്നീട് നോട്ടീസ് പരിശോധിച്ചപ്പോളാണ് അബദ്ധം മനസിലായത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ 'എന്ത് ചെയ്യാനാണ്' എന്നായിരുന്നു മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിച്ച മറുപടി എന്ന് സുജിത്ത് പറയുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് വന്നിരിക്കുകയാണ്. ആലുവ റൂറൽ കൺട്രോൾ ഓഫീസിൽ നിന്നാണ് പുതിയ നോട്ടീസ്

കുറിൽ ദ്വീപ് സംഭവം

ഗതാഗത നിയമ ലംഘനം കാമറയിൽ പിടികൂടി പരിവാഹൻ സൈറ്റിൽ അപ്ലോഡ് ചെയ്തപ്പോൾ അടൂർ പൊലീസ് വരുത്തിയ പിശകാണ് സ്‌കൂട്ടർ യാത്രികന് വിനയായത്. നെല്ലിമുകളിൽ വാഹന പരിശോധന നടത്തുമ്പോൾ ഹെൽമറ്റില്ലാതെ കുടുംബത്തിനൊപ്പം സ്‌കൂട്ടറിൽ വന്ന അരുൺ എന്ന യുവാവിനാണ് പൊലീസ് പരിവാഹൻ സൈറ്റ് വഴി പിഴ അടയ്ക്കാനുള്ള ചെല്ലാൻ അടച്ചത്. ഇതിൽ സംഭവം നടന്ന സ്ഥലമായി കാണിച്ചിരുന്നത് പസഫിക് സമുദ്രത്തിൽ ജപ്പാനും റഷ്യയും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപാണ്.

ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് പൊലീസ് പറഞ്ഞത്. ഇ-ചെല്ലാനിലുള്ള പെറ്റി അടയ്ക്കണമെന്നായി പൊലീസ്. താൻ പെറ്റി അടക്കാൻ തയാറാണ് എന്നാണ് വാഹനം ഉടമ അരുൺ നിലപാടെടുത്തു. പക്ഷേ, അത് കൃത്യമായ സംഭവ സ്ഥലം പറഞ്ഞ് വീണ്ടും ചെല്ലാൻ തന്നെങ്കിൽ മാത്രമേ അടയ്ക്കൂ. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കും. പ്രശ്നത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണ്. ഗതാഗത നിയമലംഘനം പോലുള്ള വിഷയം കൈകാര്യം ചെയ്യുമ്പോൾ പൊലീസ് ശ്രദ്ധിക്കണം. താൻ ഹെൽമറ്റില്ലാതെ വന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നെല്ലിമുകൾ വഴിയാണ്. കുറിൽ ദ്വീപിലൂടെയല്ല. സംഭവ സ്ഥലം ഏതെന്ന് നോക്കി വേണമായിരുന്നു ചെല്ലാൻ അടയ്ക്കാൻ. നിരവധി പേർക്ക് ഈ രീതിയിൽ പെറ്റി പല സ്ഥലത്തും ലഭിക്കുന്നുണ്ടെന്നും അരുൺ പറഞ്ഞു.

ഏപ്രിൽ 11 ന് വൈകിട്ടാണ് അരുണിന് രജിസ്ട്രേഡ് മൊബൈലിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക് 500 രൂപ പെറ്റി അടയ്ക്കാൻ സന്ദേശം വന്നത്. അതിനൊപ്പമുള്ള ലിങ്കിൽ കയറി ചെല്ലാൻ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സ്ഥലവും സമയവും തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്.