തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയ പിവിസി പെറ്റ് ജി ഫോർമാറ്റിലുള്ള ഡ്രൈവിങ് ലൈസൻസ് വിതരണം കുറ്റമറ്റതാക്കും. ഒരു വർഷം കൊണ്ട് എല്ലാവർക്കും പുതിയ കാർഡ് നൽകും.

സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാംപ്ഡ് ഹോളോഗ്രാം, ഓപ്ടിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി പെറ്റ് ജി കാർഡിൽ ക്രമക്കേട് നടത്താനാകില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. രാജ്യാന്തര സ്വീകാര്യതയുള്ളതാണ് ഈ കാർഡുകൾ. പുതിയതായി ലൈസൻസ് നേടുന്നവർക്കെല്ലാം ഇതാണ് വിതരണം ചെയ്യുക. നിലവിലുള്ളവർക്കും ഇത് വാങ്ങാം. എട്ട് മാനദണ്ഡങ്ങളാണ് കേന്ദ്രം നിർദ്ദേശിക്കുന്നത്. ഇതെല്ലാം ഒരുമിച്ച് ഒരു സംസ്ഥാനവും നടപ്പിലാക്കിയിട്ടില്ല. എന്നാൽ കേരളത്തിലെ കാർഡിൽ ഇതു എട്ടും ഉണ്ട്.

ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസൻസാണ് ഒരുവർഷം മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.67 കോടിയും ലൈസൻസ് രണ്ടു കോടിയുമാണ്. ആദ്യവർഷം മൂന്നുകോടിയോളം കാർഡ് പിവിസിയിലേക്ക് മാറും. പഴയ ലൈസൻസിൽനിന്ന് മാറാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കേറ്റിന് 1200 രൂപയും. കാർഡിൽ ക്യു ആർ കോഡ് ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോഡ് സ്‌കാൻ ചെയ്താൽ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോകസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും.

ആദ്യ ഒരു വർഷം കുറഞ്ഞ നിരക്കിൽ കാർഡ് എല്ലാവർക്കും നൽകും. ഓൺലൈനിൽ എല്ലാവർക്കും അപേക്ഷിക്കാം. കാർഡ് വീടിന്റെ മേൽവിലാസത്തിൽ തപാലിൽ അയക്കും. തപാൽ അഡ്രസിൽ മാറ്റമുണ്ടെങ്കിൽ രണ്ടാമത് കിട്ടാനായി തപാൽ നിരക്ക് നൽകണം. അല്ലാത്ത പക്ഷം മോട്ടോർ വാഹന വകുപ്പിൽ നേരിട്ട് ചെന്ന് കാർഡ് കൈപ്പറ്റണം. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിന് പകരം എ.ടി.എം. കാർഡുപോലെ പഴ്‌സിൽ ഒതുങ്ങുന്നതാണ് പുതിയ ലൈസൻസ്.

പി.വി സി. പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കി. ഇതേത്തുടർന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ് ഉപേക്ഷിച്ചു. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസൻസ് തയ്യാറാക്കിയത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണനയിലാണ്.

2019-ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായതാണ് അനുകൂല സാഹചര്യമുണ്ടാക്കിയത്. ഇതോടെ സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണംചെയ്യാൻ മോട്ടോർവാഹനവകുപ്പിന് തടസ്സമില്ലാതെയായി.

എട്ടിലധികം സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി കാർഡിലേക്കാണ് മാറുന്നത്. നിലവിലെ കാഡുകളും ഒരു വർഷത്തിനകം സ്മാർട്ട് കാർഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.