ന്യൂഡൽഹി: ഇനി സർക്കാർ സർവ്വീസിലെ ആശ്രിത നിയമനങ്ങളിൽ സംസ്ഥാന സർക്കാരിന് വിവേചന പൂർവ്വം ചിന്തിക്കാം. ജീവനക്കാരുടെ വേർപാടിൽ പെട്ടെന്ന് പ്രതിസന്ധിയിലാകുന്ന കുടുംബത്തെ കരകയറ്റാനുള്ള ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി പറയുന്ന സാഹചര്യത്തിലാണ് ഇത്. മുമ്പിൽ വരുന്ന കേസിന്റെ മെരിറ്റ് നോക്കി മാത്രം ജോലി നൽകിയാൽ മതിയാകും. സുപ്രീംകോടതിയുടെ ഈ നിർദ്ദേശം സംസ്ഥാന സർക്കാരുകളും കേന്ദ്രവും എങ്ങനെ ഉൾക്കൊള്ളുമെന്നതാണ് ഉയരുന്ന ചോദ്യം.

എഫ്.എ.സി.ടി.യിൽ സേവനത്തിലിരിക്കേ 1995-ൽ മരിച്ചയാളുടെ മകൾക്ക് ആശ്രിതനിയമനത്തിനുള്ള അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എഫ്.എ.സി.ടി.യിൽ ലോഡിങ് ഹെൽപ്പറായിരുന്ന ജീവനക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്നു. പിന്നീട്, ആശ്രിതനിയമനത്തിനായി മകൾ നൽകിയ അപേക്ഷ 2018-ലും 2019-ലും എഫ്.എ.സി.ടി. തള്ളി. 24 വർഷത്തിനുശേഷം ആശ്രിതനിയമനം പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചത്.

കേന്ദ്ര സർവ്വീസിൽ പല വകുപ്പുകളും സ്ഥാപനങ്ങളും ആശ്രിത നിയമനത്തെ പ്രോത്സാഹിപ്പിക്കാറില്ല. പല കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലും ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ആശ്രിത നിയമനം കിട്ടൂ. എന്നാൽ കേരളത്തിലെ സംസ്ഥാന സർക്കാർ ഉദാരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത് സർക്കാർ സർവ്വീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്ന് ശമ്പള പരിഷ്‌കരണ കമ്മീഷനുകൾ പോലും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ സംഘടനകളുടെ എതിർപ്പുകാരണം ഇത് നടപ്പാക്കാൻ സർക്കാരുകൾക്കായില്ല. എന്നാൽ ഇന്ന് സർക്കാർ സർവ്വീസിൽ പരിഷ്‌കരണത്തിന് പിണറായി ശ്രമിക്കുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയുടെ വിധിയും വരുന്നത്.

എന്നാൽ മരിച്ച എംഎൽഎമാരുടെ മക്കളെ പോലും ആശ്രിത നിയമനത്തിൽ ഇടതു സർക്കാർ ജോലിക്കെടുത്തുവെന്നതും വസ്തുതയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ വിധി നടപ്പാക്കാൻ ശ്രമിച്ചാൽ ജീവനക്കാരുടെ സംഘടന എതിർക്കും. ഉറച്ച മനസ്സുണ്ടെങ്കിലേ ഈ വിഷയത്തിൽ സർക്കാരിന് മുമ്പോട്ട് പോകാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം. അങ്ങനെ തീരുമാനിച്ചാൽ അത് കോടതിയിൽ പോലും ആർക്കും ഇനി ചോദ്യം ചെയ്യാനാകില്ല. ഇതാണ് സുപ്രീംകോടതി വിധിയുടെ സാഹചര്യം ഉണ്ടാക്കുന്നത്.

ഭരണഘടനയുടെ 14-ാം വകുപ്പ് തുല്യതയും 16-ാം വകുപ്പ് ജോലിയിൽ തുല്യ അവസരവുമാണ് ഉറപ്പുനൽകുന്നത്. നിയമനത്തിനുള്ള പൊതുചട്ടത്തിൽനിന്നുള്ള ഇളവാണ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനം. ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ തീർത്തും മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നത്. ഇതിനെ അവകാശമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കൃഷ്ണമുരാരികൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

1995-ൽ ജീവനക്കാരൻ മരിക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയായിരുന്നില്ല. 14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ് മകൾ ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. നേരത്തേ ആശ്രിതരുടെ പേര് സമർപ്പിച്ചപ്പോൾ മകളുടെ പേരുണ്ടായിരുന്നില്ലെന്നുകാട്ടി എഫ്.എ.സി.ടി. അപേക്ഷ തള്ളുകയായിരുന്നു. മരിച്ചയാളുടെ ഭാര്യ, മകൻ, അവിവാഹിതയായ മകൾ എന്നിവർക്കാണ് ആശ്രിതനിയമനം നൽകാവുന്നത്. ഭാര്യ ജോലിചെയ്യുന്നതിനാൽ, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധനയും ഇവരുടെ കാര്യത്തിലില്ലെന്ന് എഫ്.എ.സി.ടി. ചൂണ്ടിക്കാട്ടി. ഇതിനെതിരേ മകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നിയമനം പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ മാർച്ചിലെ ഉത്തരവിനെതിരേയാണ് എഫ്.എ.സി.ടി. സുപ്രീംകോടതിയിലെത്തിയത്. ആശ്രിതനിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും അത് ശരിവെച്ച ഡിവിഷൻ ബെഞ്ചിന്റെയും തീരുമാനത്തിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി.