കണ്ണൂർ: വിവാദമായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ ഇ.പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു. ഭാര്യയുടേയും മകന്റെയും പേരിലുള്ള ഓഹരികളാണ് വിൽക്കുന്നത്. 91.99 ലക്ഷം മൂല്യമുള്ള 9199 ഓഹരികളാണ് വിൽക്കുന്നത്. ഇ.പിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ 81.99 ലക്ഷം രൂപയുടെ ഓഹരികളും മകൻ ജെയ്‌സന്റെ പേരിൽ 10 ലക്ഷം രൂപയുടെ ഓഹരികളുമാണുള്ളത്.

റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരികൾ വിൽക്കാൻ തീരുമാനം. മുൻ എംഡി കെ.പി.രമേശ് കുമാറിനും മകൾക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകൾ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഓഹരികൾ ഒഴിവാക്കാൻ തയാറാണെന്ന് ഇ.പിയുടെ കുടുംബം റിസോർട്ടിന്റെ ഡയറക്ടർബോർഡിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഇ.പിയുടെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് വിവാദമുയർന്നിരുന്നു. അതിനിടെ വൈദേകം റിസോർട്ടിന്റെ സിഇഒ സ്ഥാനം രാജിവെച്ചു. മുൻ എംഡി കെ.പി.രമേശ് കുമാറിനും മകൾക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഷെയറുകൾ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) വിഭാഗമാണു നോട്ടിസ് നൽകിയത്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണു നോട്ടിസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

നിർമ്മാണം നടത്തിയ കരാറുകാരിൽ നിന്ന് ഈടാക്കിയ നികുതി കൃത്യമായി അടച്ചിട്ടുണ്ടോയെന്നു നോക്കുന്നതായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങൾ തേടിയതിൽ നിന്ന്, റിസോർട്ടിന്റെ സാമ്പത്തിക സ്രോതസും പണമിടപാടുകളും സംബന്ധിച്ചു വ്യക്തത വരുത്തുകയാണു യഥാർഥ ലക്ഷ്യമെന്നു സൂചനയുണ്ട്. ടിഡിഎസ് വിഭാഗം കഴിഞ്ഞ 2ന് വൈദേകത്തിൽ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഷെയർ ഉടമകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നേരത്തേ തന്നെ സർക്കാരിന്റെ കൈവശമുണ്ടെന്നും എന്നാൽ ആവശ്യപ്പെട്ട് സ്ഥിതിക്ക് പൂർണ വിവരങ്ങൾ വീണ്ടും നൽകിയിട്ടുണ്ടെന്നും വൈദേകം റിസോർട്ട് അധികൃതർ അറിയിച്ചു.

വിവാദമായ വൈദേകം റിസോർട്ട് സംബന്ധിച്ച് ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റിസോർട്ടിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.