ആലപ്പുഴ: സംസ്ഥാനത്തു നിലവിലുള്ള അച്ചടിച്ച മുദ്രപ്പത്രങ്ങൾക്കു പകരം ഇ-സ്റ്റാമ്പിങ് ഏപ്രിൽ ഒന്നിനു പൂർണമായി നിലവിൽവരുമെങ്കിലും ആശയക്കുഴപ്പം തുടരുന്നു. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ലക്ഷംരൂപയിൽ കൂടുതലുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് നിലവിലുണ്ട്. ലക്ഷത്തിൽ താഴെയുള്ളതുമായ മുഴുവൻ മുദ്രപ്പത്രങ്ങളും ഏപ്രിൽ ഒന്നുമുതൽ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറുന്നതുസംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നു. 

ഇതനുസരിച്ച് ലക്ഷംരൂപയിൽ താഴെയുള്ള പത്രങ്ങൾ വിൽക്കാനുള്ള അവകാശം ലൈസൻസുള്ള വെണ്ടർമാർക്കു തന്നെയാണ്. ആവശ്യക്കാർക്കു നേരിട്ട് ഓൺലൈനായി ട്രഷറിയിൽ പണമടച്ച് ഇതു വാങ്ങാനാകുമോ എന്നതിനെപ്പറ്റി ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഇത്തരത്തിൽ വാങ്ങാനായാലേ പദ്ധതി ഇസ്റ്റാമ്പിങ് ആകൂ. എന്നാൽ വെണ്ടർമാർക്ക് വേണ്ടി ഇതിൽ വ്യക്തത വരുന്നില്ല.

രാവിലെ 10-നു മുമ്പും വൈകുന്നേരം അഞ്ചിനു ശേഷവും പലപ്പോഴും വെണ്ടർമാർ പത്രം നൽകാറില്ല. സർക്കാർ അവധിദിവസങ്ങളിലും വെണ്ടർമാരുടെ ഓഫീസ് പ്രവർത്തിക്കാറില്ല. അതിനാൽ അത്യാവശ്യകാര്യങ്ങൾക്കു മുദ്രപ്പത്രം വാങ്ങാനാകാത്ത സ്ഥിതിയുണ്ട്. പത്രം കൊടുക്കാനുള്ള അവകാശം വെണ്ടർമാർക്കു നിലനിർത്തുന്നതിനൊപ്പം പൊതുജനത്തിനും ആധാരമെഴുത്തുകാർക്കും ഓൺലൈനായി പണമടച്ച് ഇതെടുക്കാനുള്ള സൗകര്യവും വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കേരളത്തിൽ ആർക്കും സ്വന്തമായി ആധാരം എഴുതാമെന്ന് ഉത്തരവ് നിലവിലുണ്ട്. അതുകൊണ്ട് തന്നെ വെണ്ടർമാരെ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നാണ് ഉയരുന്ന നിലപാട്. സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ 50 രൂപയുടെ ട്രഷറി ഇടപാടിനുപോലും ഇ-സ്റ്റാംമ്പിങ് നിർബന്ധമാക്കുന്നതോടെ പേപ്പർ മുദ്രപത്രങ്ങൾ പഴങ്കഥയാകും എന്നതാണ് വസ്തുത. നിലവിൽ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിങ്. അതാണ് കുറഞ്ഞ തുകയിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.

ഏറ്റവും കുറഞ്ഞ മുദ്രപത്രം 50 രൂപയുടേതാണ്. 2021ൽ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്‌കാരം സ്റ്റാമ്പ് വെണ്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാമ്പ് വെണ്ടർമാർക്ക് തുടർന്നും വരുമാനം ലഭിക്കുന്നതിനായി സംവിധാനം ഒരുക്കാൻ നീക്കം. ഇവർക്ക് പ്രത്യേക ലോഗിനിലൂടെ ഇ-സ്റ്റാമ്പ് വാങ്ങി ചെറിയ സർവീസ് ചാർജ് ഈടാക്കി ആവശ്യക്കാർക്ക് കൈമാറാൻ സൗകര്യമൊരുക്കുന്നതാകും സംവിധാനം.

എന്നാൽ, ഇത് എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ട്. വ്യാജ മുദ്രപത്രം തടയുന്നതിന് ഉൾപ്പെടെയാണ് പുതിയ പരിഷ്‌കാരമെന്നാണ് സർക്കാർ വിശദീകരണം. ഇങ്ങനെ വെണ്ടർമാരിൽ നിന്ന് വാങ്ങുന്നതോടെ ഇ സ്റ്റാമ്പിങ് എന്ന പേരിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. വെണ്ടർമാരിലേക്ക് മാത്രമായി ഈ സംവിധാനം ചുരുങ്ങും. മുദ്ര പത്രം വേണമെങ്കിൽ വെണ്ടർമാരെ തന്നെ സമീപിക്കേണ്ടി വരുമെന്ന് സാരം.