തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇപ്പോൾ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ. വിശദീകരണം തേടാൻ കെപിസിസി ഫോണിൽ വിളിച്ചിട്ടു പോലും എംഎൽഎയെ കിട്ടാത്ത അവസ്ഥയിലാണ്. എൽദോസിനെ ഫോണിൽ വിളിച്ചു കിട്ടുന്നില്ലെന്ന് സതീശനും വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡനപരാതിയിൽ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

കോഴിക്കോട് ചിന്തൻ ശിവിരത്തിൽ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എൽദോസിൽ നിന്നും വിശദീകരണം തേടും. സിപിഐഎം ചെയ്യുന്നത് പോലെ കമ്മീഷനെ വെച്ച് ആരോപിതനെ കുറ്റവിമുക്തനാക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.വാർത്തകളിൽ വരുന്നത് പോലെ കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

എൽദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നൽകണമെന്നും സതീശൻ വ്യക്തമാക്കി. അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അദ്ധ്യാപികയെ പണം നൽകി പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലും പണം വാഗ്ദാനം ചെയ്തെന്നാണ് പരാതി.അതേസമയം, എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോകുകയാണ്. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പീക്കർക്ക് കത്ത് നൽകി.

എൽദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എൻ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ എൽദോസിന് ലഭിക്കാം.ചൊവ്വാഴ്ച മുതൽ എൽദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. എംഎൽഎയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.

അതേസമയം, എൽദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിന് സ്പീക്കർ തടസമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈംബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്.

ജനപ്രിതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പീക്കർക്ക് കത്ത് നൽകിയെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എൽദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്.