ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറുടെയും മറ്റു കമ്മിഷണർമാരുടെയും നിയമനഃശുപാർശയ്ക്കു പുതിയ വ്യവസ്ഥ നിശ്ചയിച്ച സുപ്രീം കോടതി തീരുമാനം ബാധകമാകുക 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. നിലവിലെ കമ്മിഷണർമാരിൽ ഒരാളായ അനൂപ് ചന്ദ്ര പാണ്ഡെ 2024 ഫെബ്രുവരി 14ന് വിരമിക്കും. പാണ്ഡെയുടെ നിയമനം പുതിയ സമിതി നടത്തും. അതിനിടെ അതിന് മുമ്പ് നിയമ നിർമ്മാണം കൊണ്ടു വരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.

പാണ്ഡെയുടെ വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പു നടക്കുമെന്നതിനാലും ചട്ടപ്രകാരം ഒഴിവു നികത്തണമെന്നതിനാലും പുതിയ കമ്മിഷണറെ നിയമിക്കേണ്ടി വരും. അതോടെ നിയമനപട്ടിക തയാറാക്കി രാഷ്ട്രപതിയോടു ശുപാർശ ചെയ്യേണ്ട ചുമതല സുപ്രീം കോടതി നിർദേശിച്ചതു പോലെ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെട്ട സമിതിയുടേതാകും. സർക്കാർ തനിച്ചു തീരുമാനിക്കുന്ന രീതിയിൽ നിന്നു വ്യത്യസ്തമായ നിയമനം നടക്കും. എന്നാൽ നിയമ നിർമ്മാണത്തിലൂടെ ഈ രീതി മാറാനും സാധ്യതയുണ്ട്.

6 വർഷ പ്രവർത്തന കാലാവധി ഉറപ്പാക്കാതെ തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതു വ്യക്തമായ നിയമലംഘനമാണെന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 6 വർഷം നിർബന്ധമായും ഉറപ്പാക്കണമെന്നു പറയുന്നത് പദവിക്കൊത്ത പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനും സ്വതന്ത്ര ഇടപെടൽ ഉറപ്പാക്കുന്നതിനും വേണ്ടിയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

23 വർഷത്തിനിടെ തിരഞ്ഞെടുപ്പു കമ്മിഷണർമാരായ ആർക്കും 6 വർഷ കാലാവധി പൂർത്തിയാക്കാനായില്ല. 65 വയസ്സ് പൂർത്തിയാക്കുകയോ പദവിയിൽ 6 വർഷമാകുകയോ ചെയ്യുമ്പോഴാണ് (ഏതാണോ ആദ്യം അതുപ്രകാരം) വിരമിക്കൽ. ഏതാനും വർഷങ്ങളായി കമ്മിഷണർമാരുടെ കാലാവധി കൂടുതൽ ചുരുങ്ങുന്നു. 1990-1996 കാലത്ത് മുഖ്യ കമ്മിഷണറായിരുന്ന ടി.എൻ. ശേഷന് 6 വർഷ കാലാവധി ലഭിച്ചു.

നിലവിലെ മുഖ്യ കമ്മിഷണർ രാജീവ് കുമാർ 2025ൽ വിരമിക്കും. ഇതുപ്രകാരം, 4 വർഷവും 8 മാസവുമാകും കാലാവധി. കമ്മിഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെയ്ക്ക് 2 വർഷവും 8 മാസവും ലഭിക്കുമ്പോൾ അരുൺ ഗോയലിന് 5 വർഷവും 16 ദിവസവും ലഭിക്കും. ഈ സാഹചര്യത്തിൽ കോടതിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അതിനാൽ കേന്ദ്ര ഇനി കൊണ്ടു വരുന്ന നിയമ നിർമ്മാണം നിർണ്ണായകമാണ്.

ഒറ്റദിവസം കൊണ്ടു കേന്ദ്ര സർക്കാർ കമ്മിഷണറായി നിയമിച്ച അരുൺ ഗോയലിന്റെ കാര്യത്തിലും ചില നിരീക്ഷണങ്ങൾ കോടതി നടത്തി. സിവിൽ സർവീസുകാരുടെ അക്കാദമിക യോഗ്യത അംഗീകരിക്കുമ്പോൾ, അതവരുടെ സ്വതന്ത്ര നിലപാടിനും രാഷ്ട്രീയ പക്ഷരാഹിത്യത്തിനും പകരമാകില്ലെന്നും കോടതി നിരീക്ഷിച്ചു. അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഗൗരവമായ ചില ചോദ്യങ്ങളും കോടതി ഉന്നയിച്ചു.