സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ കാട്ടാനയിറങ്ങി. കാട്ടാനയാക്രമണത്തിൽനിന്നു വഴിയാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേർന്ന കൃഷിയിടങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലർച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിൻ റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയിൽ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാൻ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല. നിസാര പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകൾക്കും ഹോട്ടലുകൾക്കുമിടയിലൂടെ ഓടിനടന്നു. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോൾ വനത്തോടു ചേർന്നു മുള്ളൻകുന്ന് ഭാഗത്തുണ്ടെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രശ്‌നക്കാരനായ ഐ.ഡി കോളർ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരിൽ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകർത്തിരുന്നു.

കട്ടയാട് വനത്തിൽ നിന്നും വിനായക ആശുപത്രിക്ക് മുൻവശത്ത് കൂടിയുള്ള ഇടറോഡിലൂടെയാണ് ആന ടൗണിലെത്തിയതെന്നാണ് കരുതുന്നത്. കാട്ടാനയെ കണ്ട് നഗരത്തിൽ ഉറങ്ങിക്കിടന്നിരുന്നവരും മറ്റും ബഹളം വച്ചതിനെ തുടർന്ന് ആന മുള്ളൻകുന്ന് ഭാഗത്തേക്ക് നീങ്ങി. ആളുകൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിൽ തമ്പടിച്ചിരുന്ന ആന പുലർച്ചെ നഗരത്തിലേക്കെത്തിയത്.

അതേസമയം കാട്ടാന ഇറങ്ങിയ ബത്തേരി ടൗൺ ഉൾപ്പെടെ നഗരസഭയിലെ 10 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെങ്ങൂർ നോർത്ത്, വെങ്ങൂർ സൗത്ത്, അർമാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂർ, കെവട്ടമൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയുടെ ഭാഗമായി മാനന്തവാടി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാനഭീതി ഒഴിയുന്നതുവരെ നിരോധനാജ്ഞ തുടരും. ഈ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. പകൽസമയത്തും രാത്രിയും പൊതുജനം ജാഗ്രത പുലർത്തണമെന്നും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു.

ഇന്നലെ ഉച്ച മുതൽ കാട്ടാന കൃഷിയിടങ്ങളിൽ ഉണ്ടായിരുന്നു. വൈകിട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകർ. ഇന്നലെ രാത്രി കല്ലൂർ ടൗണിൽ ഇറങ്ങിയ മറ്റൊരു കാട്ടാന സംവിധായകൻ ശരത്ചന്ദ്രൻ വയനാടിന്റെ 400 വാഴകൾ നശിപ്പിച്ചു. വയനാട്ടിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനകളും കടുവകളും ജനവാസമേഖലകളിലേക്കിറങ്ങുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ബത്തേരി നഗരമധ്യത്തിലെ വീടിനു മുന്നിലെ മതിൽ ചാടിക്കടക്കുന്ന കടുവയുടെ ദൃശ്യവും അടുത്തിടെ പുറത്തുവന്നിരുന്നു.

കാട്ടാന ഇപ്പോൾ വനത്തോട് ചേർന്ന മുള്ളൻകുന്ന് ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ളതായാണ് വിവരം. ഇന്നലെ ഉച്ച മുതൽ കൃഷിയിടങ്ങളിൽ ഉണ്ടായിരുന്നെങ്കിലും വൈകീട്ട് കാട്ടിലേക്ക് പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ.