തിരുവനന്തപുരം: കേരളത്തിലെങ്ങും കാര്യമായി മഴപെയ്യാത്ത സാഹചര്യത്തിൽ ചൂട് ഉയർന്നുതന്നെ തുടരുകയാണ്. തിങ്കളാഴ്ച ആറ് ജില്ലകളിൽ പതിവിലും മൂന്ന് ഡിഗ്രി അധികമായിരുന്നു ചൂട്. വടക്കൻ ജില്ലകളിലെല്ലാം ചൂട് കൂടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും പെയ്തില്ല. മാർച്ച് മുതൽ പെയ്യേണ്ട വേനൽമഴയിൽ 42 ശതമാനമാണ് കുറവ്. 88.5 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് ഇതുവരെ പെയ്തത് 51.4 മില്ലീമീറ്ററാണ്. കാര്യമായ മഴപെയ്യാതെ ചൂട് താഴാനിടയില്ല.

20, 21 തീയതികളിൽ ഇടിയോടുകൂടിയ മഴയ്ക്കും 30-40കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച രണ്ടുമുതൽ നാലു ഡിഗ്രിവരെ ചൂട് ഉയർന്നേക്കാമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നു. പുനലൂർ, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് ഡിഗ്രി അധികം ചൂട് രേഖപ്പെടുത്തി. പാലക്കാട്ട് 39.7 ഡിഗ്രിയായിരുന്നു.

സംസ്ഥാനത്തെ ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നരഡിഗ്രിക്ക് മുകളിൽവരെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാൽ ഉഷ്ണതരംഗത്തിലേക്കെത്തും.

ഇന്ത്യൻ കാലാവസ്ഥാവകുപ്പ് കേരളത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ അവസ്ഥയിലേക്കാണ് പോകുന്നത്. സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ തുടർച്ചയായി പലയിടത്തും 40-ന് മുകളിൽ ചൂട് കാണിക്കുന്നു. ചിലയിടത്ത് ഇത് 42 വരെയൊക്കെ പോകുന്നുണ്ട്. ഉഷ്ണതരംഗസമാനമായ അന്തരീക്ഷത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് അന്തരീക്ഷപഠനത്തിൽനിന്ന് വ്യക്തമാകുന്നതെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.

അന്തരീക്ഷത്തിൽ എതിർച്ചുഴലി എന്നപേരിൽ അറിയപ്പെടുന്ന ഘടികാരദിശയിലുള്ള വായുചലനമാണ് ചൂടുകൂടാനുള്ള പ്രധാനകാരണം. 2500 കിലോമീറ്റർ വിസ്തൃതിയിലാണ് ഇതിന്റെ ഇപ്പോഴത്തെ പ്രഭാവം. മധ്യഇന്ത്യയിലും കേരളത്തിലും ചൂടേറ്റുന്നനിലയിലാണ് ഇപ്പോഴിതുള്ളത്. എതിർച്ചുഴലി കാരണം മേലേത്തട്ടിൽനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വായു വരുകയാണ് ചെയ്യുക. ഇത് ഭൂപ്രതലത്തിൽ മർദം കൂട്ടി സമ്മർദതാപനം ഉണ്ടാക്കുന്നു. ഒപ്പം താഴെയുള്ള ചൂടുവായു മേലേക്ക് ഉയർന്നുപോകാതെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഭൂപ്രതലത്തിൽ ചൂടിന്റെ ഇരട്ടി ആഘാതം ഉണ്ടാക്കും.

അറബിക്കടലിൽ താപനില ഉയരുന്നതാണ് രണ്ടാമത്തെ കാരണം. പലയിടത്തും 30 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സാധാരണ താപനില 28-29 ഡിഗ്രിയാണ്. അര ഡിഗ്രിമുതൽ ഒന്നര ഡിഗ്രിവരെയാണ് പലയിടത്തും വർധന. വേനൽമഴ പലയിടത്തും ഇതേവരെ ലഭിക്കാത്തതാണ് ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണം.

കാലവർഷവും ചതിക്കമോ?

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂലൈ ഓഗസ്റ്റ് മാസകാലയളവിൽ മഴ കുറവായിരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ ചില മുതിർന്ന കാലാവസ്ഥ ശാസ്ത്രജ്ഞരും വ്യത്തമാക്കുന്നു. അമേരിക്കയുടെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയർ അഡ്‌മിനിസ്‌ട്രേഷന്റെ( നോവ)യും റിപ്പോർട്ടുകൾ ആശങ്കയ്ക്ക് ഇടനൽകുന്നതാണ്.

എൽനിനോ പ്രതിഭാസത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും മഴയുടെ ഇടവേളയുടെ ദൈർഘ്യ സാധ്യതയും അടുത്തമാസം പകുതിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കാലവർഷത്തിന് ഇടവേളയുണ്ടായാൽ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പവചന റിപ്പോർട്ടുകൾക്കും നിഗമനങ്ങൾക്കും ഉപരി നിലവിലുള്ള അന്തരീക്ഷം നൽകുന്ന സൂചന അത്ര പന്തിയല്ലെന്നാണ് വിവിധ ഏജൻസികളുടെ നിരീക്ഷണങ്ങൾ.

കേരളത്തിന്റെ സാഹചര്യത്തിൽ മഴ ഏറ്റവും ആവശ്യമായ സാഹചര്യമാണ് ജൂലൈ- ഓഗസ്റ്റ്. കിണറുകളും കുളങ്ങളും അരുവികളും നിറയുന്ന സമയവും ഉറവകൾ ഉണ്ടാകുന്നതും ഈ കാലയളവിലെ മഴയിലാണ്. ഇറക്കിയ കൃഷി തഴച്ചുവളരുന്നതും ഈ സമയത്തുതന്നെ. മണ്ണിൽ സമൃദ്ധി നിറയ്ക്കുന്നതാണ് ഈ ദിവസങ്ങൾ. കാലവർഷത്തിന്റെ രണ്ടാംഘട്ടമാണ് കേരളത്തിന് പച്ചപ്പും ആരോഗ്യവും പുഷ്ടിയും നൽകുന്നതിൽ പ്രധാനം.

യൂറോപ്യൻ കാലാവസ്ഥാ ഏജൻസികളുടെ ആദ്യ നിരീക്ഷണവും കണക്കുമനുസരിച്ച് മൺസൂണിൽ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും സാധാരണ മഴ ലഭിക്കുമെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും മുൻ വർഷങ്ങളിലെ അനുഭവത്തിൽ നോവയുടെ പ്രവചനത്തിനാണ് മുൻതൂക്കം ലഭിക്കാറുള്ളതെന്നു വിദഗ്ദ്ധർ പറയുന്നു. അതിനാൽ, ഉരുക്കുന്ന ഉഷ്ണത്തിനും ഒറ്റപ്പെട്ട വേനൽമഴക്കുമപ്പുറം, കാലവർഷം എങ്ങനെയായിരിക്കും, ഏത്രത്തോളമാകും എന്നതാണ് പ്രധാന ചർച്ച.

മൺസൂണിനെക്കുറിച്ചുള്ള ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി)ആദ്യ നിരീക്ഷണ റിപ്പോർട്ട് അടുത്തദിവസം പുറത്തുവരുമെന്നാണു വിവരം. ഏകദേശസ്ഥിതി അതിൽ നിന്നു ലഭ്യമാകും. രണ്ടാമത്തെ റിപ്പോർട്ടോടെയാണ് അതിനു കൂടുതൽ വ്യക്തത വരിക. നോവയുടെ രണ്ടാമത്തെ പ്രവചന റിപ്പോർട്ട് മെയ്‌ 11 നു പുറത്തുവരും.

വില്ലനാകുന്നത് എൽനിനോ പ്രതിഭാസം

സംസ്ഥാനത്ത് വില്ലനായി മാറുന്നത് എൽനിനോ പ്രതിഭാസമാണ്. ഇത് പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ മൺസൂൺ കാറ്റിന്റെ ദിശ മാറിമറിയാനാണ് സാധ്യത. ദക്ഷിണേഷ്യൻ ഭാഗത്തുനിന്നുള്ള ചൂടുകാറ്റ് കിഴക്കുനിന്നും മൺസൂൺകാറ്റ് തെക്കും പടിഞ്ഞാറുനിന്നും എത്തുന്നതിനാൽ ചുടുകാറ്റിനാകും മേൽക്കൈ. ഹിമപാളികൾ വൻതോതിൽ ഉരുകുന്നതിനാൽ കടലുകളിൽ ജലം ഉയരുന്നതിനനുസരിച്ച് ചൂടിന്റെ അളവും വൻതോതിലാകും. പസഫിക് സമുദ്ര മേഖലയിൽ താപനില കൂടി നിൽക്കുന്ന അവസ്ഥയാണ് എൽനിനോ എന്നു പറയുന്നത്.

നിലവിലെ നോവ റിപ്പോർട്ടനുസരിച്ച് എൽനിനോ ഗ്രാഫ് നോക്കിയാൽ കാലവർഷം തുടങ്ങുന്ന ജൂൺമാസത്തിൽ കാര്യമായ പ്രശ്‌നമുണ്ടാകില്ല. എന്നാൽ ,അതിന്റെ വ്യാപനതോതനുസരിച്ച് ജൂലൈഓഗസ്റ്റ് കാലയളവിലാണ് എൽനിനോയുടെ ഏറ്റവും തീവ്രതയുണ്ടാകുക. അതായത് ഈ കാലയളവിൽ മഴ പിൻവാങ്ങാൻ സാധ്യതയുണ്ട്. .പിന്നീട് എപ്പോൾ, ഏതുരീതിയിൽ തിരിച്ചെത്തുമെന്നും അതത് സമയത്തെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയേ പ്രവചിക്കാനാകൂ.

എൽനിനോ പ്രതിഭാസം വളരെയധികം പ്രകടമാണെന്ന് നോവ ഡേറ്റയുൾപ്പെടെ വിവരിക്കുന്നു. ഇപ്പോഴത്തെ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ അത് ഇന്ത്യൻ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മൺസൂൺകാറ്റിന്റെ ഗതിവിഗതികളിൽ പ്രധാന വഴിയായ ആഫ്രിക്കന്മേഖലയിൽ സമുദ്രത്തിൽ അസാധാരണചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. ഉഷ്ണക്കാറ്റ് കാലവർഷക്കാറ്റിലെ നീരാവിയെ വലിച്ചെടുക്കുന്നതിനാൽ മോശമില്ലാതെ മഴ ലഭിക്കേണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇപ്പോൾ വരൾച്ചാഅന്തരീക്ഷമാണ്.

രൂക്ഷമായ ജലക്ഷാമവും അതേ തുടർന്നുള്ള രോഗങ്ങളും കാരണം ആഫ്രിക്കയിലെ പല സ്ഥലത്തുനിന്നും ആളുകളെ മാറ്റി പാർപ്പിച്ചുതുടങ്ങി. ഫെബ്രുവരി മുതൽ ഇവിടെ ശക്തമായ ഉഷ്ണമാണ്. ചൂടുകാറ്റ് മേഘങ്ങൾ ഉണ്ടാകുന്നതിനെ പ്രതികുലമായി ബാധിച്ചു. ആഫ്രിക്കൻ മേഖലയിൽ മൺസൂൺ ശക്തിയാർജിച്ച വർഷങ്ങളിൽ ഇന്ത്യയിലും അത് ശക്തമായിരുന്നുവന്ന് മേഖലയിൽ യൂറോപ്യൻ സ്‌പേസ് ഏജൻസി മൺസൂൺ പ്രോജക്റ്റ് മുൻ ഡയറക്ടറും മണിപ്പാൽ സർവകലാശാല വിസിറ്റിങ് പ്രഫസറുമായ ഡോ. എം.കെ.സതീഷ് കുമാർ നിരീക്ഷിക്കുന്നു.
മിഡിൽ ഈസ്റ്റിൽ പൊടിക്കാറ്റ് ശക്തമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ റിപ്പോർട്ടുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവചനങ്ങൾ നോക്കുമ്പോൾ മൊത്തത്തിൽ ഉഷ്ണതരംഗത്തിന്റെ അന്തരീക്ഷമാണ് കാണുന്നത്. ശ്രീലങ്കൻ കടൽമേഖലയിലെ മാറ്റവും മൺസൂൺകാറ്റിന്റെ കാര്യത്തിൽ പ്രധാനമാണ്. ഇതെല്ലാം ബംഗാൾ ഉൾക്കടലിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് നിർണായകം. അത് കാലവർഷത്തിൽ അതിപ്രധാനമാണെങ്കിലും അതേക്കുറിച്ചറിയാൻ കുറച്ചുകൂടി കഴിയണം.

2016 നുശേഷം എൽനിനോ പ്രതിഭാസത്തിന്റെ ഏറ്റവും ശക്തമായ അവസ്ഥ ഇത്തവണയുണ്ടാകാമെന്നാണ് വിവിധ സ്വകാര്യ ഏജൻസികളുടെയും നിരീക്ഷണം. ആറുമാസംവരെ അതിന്റെ സ്വാധീനം നീണ്ടുനിൽക്കാം. മെയ്‌ ജൂലൈ മാസങ്ങളിൽ എൽനിനോ വ്യാപനം 62 % വരെ എത്താം. ഇതുവഴി ശാന്തസമുദ്രത്തിലുണ്ടാകുന്ന കനത്ത ചൂട് മിക്ക രാജ്യങ്ങളിലെയും കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിൽ അത് ജൂലൈഓഗസ്റ്റ് മാസത്തിലായിരിക്കും. മറ്റേതെങ്കിലും പ്രതിഭാസം എൻനിനോയുടെ തീവ്രത കുറയ്ക്കാനുള്ള സാധ്യതയും ഇല്ലാതില്ല.