കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയത് സംബന്ധിച്ച വിവാദം കത്തുന്നതിനിടെ സമാനമായ സംഭവം കോഴിക്കോട് റവന്യൂ ഓഫീസീലും. കോഴിക്കോട് സബ് കളക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് റവന്യൂ വിഭാഗത്തിലെ 22 ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തത്.

ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് സബ് കളക്ടർ ചെൽസ സിനിയുടെ വിവാഹം നടന്നത്. ഇതിൽ പങ്കെടുക്കുന്നതിനാണ് റവന്യൂ ഓഫീസിലെ ആകെയുള്ള 33 ജീവനക്കാരിൽ 22 പേരും അവധി എടുത്ത് പോയതെന്നാണ് ആരോപണം.

ഭൂമി തരംമാറ്റലും ഭൂമി സംബന്ധമായ പരാതികളും അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണ് കോഴിക്കോട്ടേത്. പരാതികൾ കൂടിയപ്പോൾ ഇവ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഇവിടെയുള്ള ഉദ്യോഗസ്ഥരിൽ ഏറെയും.

പല ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥർ ഉൾപ്പടെ അവധിയെടുത്ത് പോയത് ഉദ്യോഗസ്ഥ സംഘടനാ ഗ്രൂപ്പുകളിലും ചർച്ചയാണ്. സംഭവത്തിൽ ജില്ലാ കളക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.

കളക്ടർ ഓഫീസിലെ ആകെയുള്ള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തത്് ഓഫീസിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസിലാണ് ഇത്രയും അധികം ജീവനക്കാർ ഒരുമിച്ച് വിട്ടുനിന്നത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെപേരും.