- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയമനിർമ്മാണമോ ഭേദഗതിയോ വഴി 6 മാസ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുള്ളതിനാൽ എല്ലാ നിയമവശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം തീരുമാനം; പ്രോവിഡന്റ് ഫണ്ട് പെൻഷനിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യം ജീവനക്കാർക്ക് കിട്ടില്ല; അട്ടിമറി നീക്കം അണിയറയിൽ സജീവം
ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ഉടനൊന്നും തൊഴിലാളികൾക്ക് കിട്ടില്ല. വിധിയുടെ അടിസ്ഥാനത്തിൽ തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധൃതിപിടിച്ചുള്ള നടപടികൾക്കു കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറായേക്കില്ല. ഇക്കാര്യത്തിൽ മുതലാളിമാരെ സഹായിക്കുന്ന തരത്തിലേക്ക് നീങ്ങാനാണ് കേന്ദ്ര തീരുമാനം.
വിധി നടപ്പാക്കാൻ നിയമനിർമ്മാണമോ ഭേദഗതിയോ വഴി 6 മാസ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുള്ളതിനാൽ, എല്ലാ നിയമവശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം മതി നടപടിയെന്നാണു മന്ത്രാലയത്തിന്റെ നിലപാട്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ച കേസിൽ ജീവനക്കാർക്ക് ഭാഗികമായി ആശ്വാസം പകരുന്നതായിരുന്നു സുപ്രീം കോടതി വിധി. നിലവിൽ സർവീസിലുള്ളവർക്ക് എത്ര ഉയർന്ന ശമ്പളം ലഭിക്കുന്നവരാണെങ്കിലും പരമാവധി 15,000 രൂപ ശമ്പളം കണക്കാക്കി പെൻഷൻ നൽകുന്ന പഴയ ഫോർമുല ഫലത്തിൽ ഇല്ലാതായി.
ഇതിനിടെ, വിധിക്കെതിരെ ഡൽഹിയിലെ റിട്ട. ഓഫിസേഴ്‌സ് വെൽഫെയർ സൊസൈറ്റി നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തയാറാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. 2014 സെപ്റ്റംബർ ഒന്നിനു മുൻപ് വിരമിച്ചവർ നേരത്തേ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ ഇനി നൽകാൻ അവസരമില്ലെന്ന കോടതി വിധിയിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണിത്. മുൻപ് കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി വിശദമായി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 4നു സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു കൂടി ഹർജി പരിഗണിക്കാൻ തയാറായാൽ, നവംബറിലെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുന്നത് ഇപിഎഫ്ഒ നീട്ടിയേക്കും.
നിലവിലെ ജീവനക്കാർക്കും 2014 സെപ്റ്റംബർ മുതൽ വിരമിച്ചവർക്കും ഉയർന്ന പെൻഷൻ ലഭിക്കാൻ വഴിയൊരുങ്ങുമെങ്കിലും 2014 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമഭേദഗതികളിൽ ഭൂരിഭാഗവും കോടതി ശരിവച്ചിരുന്നു. ഇവയിൽ പലതും തൊഴിലാളികൾക്കു പ്രതികൂലമാണ്. 2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവർ നേരത്തേ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ ഇനി നൽകാൻ അവസരമില്ലെന്നതാണ് റിട്ട. ഓഫിസേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ പരാതിക്ക് ആധാരം. ദീർഘകാലമായി ജീവനക്കാരും പെൻഷൻകാരും കാത്തിരുന്ന കേസ് ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസാണ് വിധി പ്രസ്താവിച്ചത്. ഇത് അട്ടിമറിക്കാനാണ് കേന്ദ്രം അണിയറയിൽ ശ്രമിക്കുന്നത്.
2014 ലെ ഇപിഎഫ് ഭേദഗതി നിയമപരമായി നിലനിൽക്കുമെന്നു വ്യക്തമാക്കിയ കോടതി, ഇതു റദ്ദാക്കിയ കേരള, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതി വിധികൾക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്ര സർക്കാരും നൽകിയ ഹർജികൾ അനുവദിച്ചു. ഫലത്തിൽ, ഭാഗികമായി ജീവനക്കാർക്കും ഇപിഎഫ്ഒയ്ക്കും അനുകൂലമായിരുന്നു വിധി. ഇതിൽ ജീവനക്കാർക്ക് അനുകൂലമായ കാര്യങ്ങൾ നടപ്പാക്കതിരിക്കാനാണ് അണിയറയിൽ നീക്കം. നിലവിലുള്ളവർക്ക് ഉയർന്ന പെൻഷനു വഴിയൊരുങ്ങുമെങ്കിലും 2014 ലെ ഭേദഗതികൾ അംഗീകരിച്ചതോടെ ഭാവിയിൽ പിഎഫ് പെൻഷൻ പദ്ധതിതന്നെ ഇല്ലാതായേക്കും.
എംപ്ലോയീസ് പെൻഷൻ സ്‌കീമിൽ (ഇപിഎസ്) ചേരാനുള്ള ഓപ്ഷൻ ഉപയോഗിക്കാത്തവർക്കും കട്ട് ഓഫ് ഡേറ്റിനു മുൻപു ചേരാൻ പറ്റാതിരുന്ന അർഹരായ ജീവനക്കാർക്കും 4 മാസം കൂടി അവസരം ലഭിക്കുന്നതാണ് വിധി. ന്മ 15,000 രൂപയിലേറെ ശമ്പളമുള്ളവർ അധിക ശമ്പളത്തിന്റെ 1.16% വിഹിതം സ്വയം കൊടുക്കേണ്ട. തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കം നിയമത്തിന്റെ പരിധിയിലുള്ള മാർഗങ്ങൾ പരിഗണിക്കാം. ഇത് ഭേദഗതി വഴിയോ നിയമനിർമ്മാണം വഴിയോ തീരുമാനിക്കാൻ 6 മാസം സമയം നൽകുകയായിരുന്നു. ഇതുവരെ അടച്ച അധിക വിഹിതം പ്രോവിഡന്റ് ഫണ്ടിലേക്ക് ചേർക്കുന്നതടക്കം യുക്തം പോലെ തീരുമാനിക്കാം. അധിക പെൻഷൻ കൊടുക്കാൻ വേണ്ട തുക കണ്ടെത്താൻ നിയമനിർമ്മാണമുണ്ടാക്കണമെന്നും നിർദ്ദേശിച്ചു. ഇതൊന്നും ഉടൻ നടക്കില്ല.
2014 സെപ്റ്റംബർ ഒന്നിനു മുൻപ് വിരമിച്ച, ഹയർ ഓപ്ഷൻ സ്വീകരിച്ച അംഗങ്ങൾക്ക് ഭേദഗതിക്കു മുൻപുള്ളതുപ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും. പ്രോവിഡന്റ് ഫണ്ട് തുക ഇപിഎഫ്ഒയ്ക്കു പകരം ട്രസ്റ്റുകൾ കൈകാര്യം ചെയ്യുന്ന എക്‌സംപ്റ്റഡ് വിഭാഗത്തിൽ പെടുന്ന കമ്പനികളിലെ ജീവനക്കാർക്കും വിധിയുടെ ആനുകൂല്യം ലഭിക്കുമെന്നതും സുപ്രീംകോടതി വിധിയുടെ പ്രത്യേകതയായിരുന്നു. 2014 സെപ്റ്റംബറിനു മുൻപു വിരമിച്ചവരിൽ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നേടിയെടുത്തവരെ വിധി പ്രതികൂലമായി ബാധിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ