കൊച്ചി : വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത. കൊച്ചിയിൽ സീറോ മലബാർ സഭയും. ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്കു മുന്നിൽ സംഘർഷവും വരും ദിനങ്ങളിൽ സർക്കാരിന് തലവേദനയാണ്. വിഴിഞ്ഞത്തെ സംഘർഷത്തോടെ ക്രൈസ്തവ സഭകൾ സർക്കാരിന് എതിരാവുകയാണ്. ഈ പശ്ചാത്തലത്തിൽ സീറോ മലബാർ സഭയിലെ തമ്മിലടിയും പുതിയ തലങ്ങളിലേക്ക് എത്തും.

ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷേധത്തിനിടെ മടങ്ങി. ഇരുവിഭാഗവും പ്രതിഷേധത്തിൽ ഉറച്ചുനിന്നതോടെ പള്ളി പൊലീസ് അടച്ചിട്ടു. 4 പേരെ അറസ്റ്റ് ചെയ്തു. പള്ളിയിൽ നിശ്ചയിച്ചിരുന്ന മനസ്സമ്മതം ഉൾപ്പെടെയുള്ള ചടങ്ങുകൾ മറ്റ് സ്ഥലങ്ങളിലേക്കു മാറ്റി. പള്ളി തുറന്നാൽ സംഘർഷമുണ്ടാകും എന്നുള്ള റിപ്പോർട്ട് പൊലീസ് ആർഡിഒയ്ക്കു നൽകും. പള്ളി സർക്കാർ ഏറ്റെടുക്കുമോ എ്ന്നതാണ് അറിയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തിൽ കരുതലോടെ തീരുമാനം എടുക്കേണ്ടി വരും.

സെന്റ് മേരീസ് ബസിലിക്കയിൽ മുൻ നിശ്ചയപ്രകാരം ഏകീകൃത കുർബാന അർപ്പിക്കാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് എത്തി. ഏകീകൃത കുർബാനയെ എതിർക്കുന്നവർ മണിക്കൂറുകൾക്കു മുൻപേ പള്ളി മുറ്റത്തുണ്ടായിരുന്നു. ഏകീകൃത കുർബാന ആവശ്യപ്പെടുന്നവരും തൊട്ടടുത്തായി നിലയുറപ്പിച്ചു. മാർ ആൻഡ്രൂസ് താഴത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യങ്ങൾ ഉയർന്നു.

പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും 'ഗോ ബാക്ക് ബിഷപ്' വിളികളോടെ വിമതവിഭാഗം അഡ്‌മിനിസ്‌ട്രേറ്ററുടെ വാഹനത്തിനു തടസ്സം സൃഷ്ടിച്ചു. അതോടെ മാർ താഴത്ത് തൊട്ടടുത്തുള്ള അതിരൂപതാ ആസ്ഥാനത്തേക്ക് പോയി. സുരക്ഷയൊരുക്കാൻ പുറത്തേക്കു വന്ന ഔദ്യോഗിക പക്ഷക്കാരിൽ ചിലർ കസേരകൾ വലിച്ചെറിഞ്ഞു, ബോർഡുകൾ നശിപ്പിച്ചു. മാർ താഴത്തിനു പിന്നാലെ പോയവരിൽ ഒരു വിഭാഗം അതിരൂപതാ മന്ദിരത്തിലേക്ക് ഓടിക്കയറി ഫ്‌ളെക്‌സുകളും മറ്റും നശിപ്പിച്ചു. പൊലീസ് പരമാവധി സംയമനം പാലിച്ചു.

കുർബാനയർപ്പിക്കാൻ മാർ ആൻഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഏകീകൃത കുർബാനയെ എതിർക്കുന്നവർ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് എത്തിച്ചേർന്നിരുന്നു. ഇവർ പള്ളിയുടെ ഗേറ്റ് ഉള്ളിൽ നിന്ന് അടച്ചിരുന്നു. ആർച്ച് ബിഷപ്പ് എത്തിയതോടെ ഏകീകൃത കുർബാനയെ എതിർക്കുന്നവർ പ്രതിഷേധിക്കുകയും അനുകൂലിക്കുന്നവർ കൈയടിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയുമായിരുന്നു. ആർച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാൻ പൊലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്.

ആർച്ച് ബിഷപ്പിനെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും ഏകീകൃത കുർബാനയെ എതിർക്കുന്നവർ പ്രതിഷേധിച്ചു. ഇതോടെ വിശ്വാസികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആർച്ച് ബിഷപ്പിനെ അനുകൂലിക്കുന്നവർ അതിരൂപതാ ആസ്ഥാനത്തേക്ക് ഗേറ്റ് ചവിട്ടിപ്പൊളിച്ച് തള്ളിക്കയറുകയായിരുന്നു. 2021 നവംബർ 28 മുതൽ ഏകീകൃത കുർബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാർപ്പാപ്പയും തീരുമാനത്തിന് അനുമതി നൽകിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത് നടപ്പാക്കാൻ എതിർക്കുന്നവർ അനുവദിച്ചിരുന്നില്ല.

സിറോ മലബാർ സഭയിലെ മറ്റ് എല്ലാ രൂപതകളും ഏകീകൃത കുർബാനയിലേക്ക് മാറിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രം പ്രതിഷേധം തുടരുകയായിരുന്നു. തുടർന്ന് തർക്കങ്ങൾക്കൊടുവിലാണ് തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചത്.