- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടുത്തത്തെത്തുടർന്ന് കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സംഭവം; ജില്ലാ കലക്ടർക്കെതിരെ വിമർശനം ശക്തം; 7ാം ക്ലാസിനു മുകളിലുള്ള കുട്ടികളെ വിഷപ്പുക ബാധിക്കില്ലേയെന്ന് ചോദ്യമുയർത്തി പ്രതിഷേധം; വിവാദമായത് ഏഴാം ക്ലാസ് വരെ മാത്രം അവധി പ്രഖ്യാപിച്ചത്
കൊച്ചി: അവധി പ്രഖ്യാപനത്തിൽ എന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ജില്ലാ കലക്ടർ ആണ് ഡോ.രേണുരാജ്.നേരത്തെ അവധി പ്രഖ്യാപിച്ച സമയവുമായി ബന്ധപ്പെട്ടാണ് കലക്ടർക്ക് വിമർശനം നേരിടേണ്ടി വന്നത്.അ പ്രശ്‌നം കലക്ടർ പരിഹരിച്ചെങ്കിലും വീണ്ടും സമാനമായൊരു പ്രശ്‌നത്തിൽ പെട്ടിരിക്കുകയാണ് കലക്ടർ.ഇത്തവണ ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് നൽകിയ അവധിയാണ് പുലിവാലായിരിക്കുന്നത്.
പ്ലാന്റിൽ നിന്നും തീപടർന്ന സാഹചര്യത്തിൽ വിഷപ്പുക ചുണ്ടിക്കാട്ടി ആരോഗ്യമുൻകരുതലിന്റെ ഭാഗമായി കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.എന്നാൽ എഴാം ക്ലാസ് വരെ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയർത്തിയാണ് പ്രതിഷേധം. ജില്ലാ കലക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ ഉൾപ്പെടെ നഗരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച ഏഴു വരെയുള്ള ക്ലാസുകൾക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോർപറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും ഡേ കെയറുകൾക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചിരുന്നു.
''ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കൾ അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല' കലക്ടർ അറിയിച്ചു.
ഇതിനിടെയാണ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കു മാത്രം അവധി അനുവദിച്ചത് വിവാദമായത്. പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്നു കലക്ടർ ഡോ. രേണുരാജിന്റെ നിർദ്ദേശവുമുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ