- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21,000 രൂപയിൽ താഴെ ശമ്പളം കൊടുക്കുന്ന ജീവനക്കാരുള്ള സ്ഥാപനമാണോ? തൊഴിലാളുകളുടെ എണ്ണം എത്രയാണെങ്കിലും ഇ.എസ്‌ഐ അടച്ചേ മതിയാവൂ; സുപ്രീംകോടതി വിധി നിരവധി തൊഴിലാളികൾക്ക് ഗുണം ചെയ്യും; ചെറുകിട സ്ഥാപനങ്ങൾക്ക് പണിയാകും
ന്യൂഡൽഹി: ജീവനക്കാരുടെ എണ്ണം ഇരുപതിൽ കുറവായ സ്ഥാപനങ്ങളും ഇ.എസ്‌ഐ. (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) നിയമത്തിനുകീഴിൽ വരുമെന്ന സുപ്രീംകോടതി വിധി ലക്ഷങ്ങൾക്ക് തുണയാകും. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇ.എസ്‌ഐ.നിയമത്തിന് ബാധകമല്ലെന്ന വ്യവസ്ഥ 1989 ഒക്ടോബർ 20-മുതൽ നിലവിലുണ്ട്. അതിനുമുമ്പ് തുടങ്ങിയ സ്ഥാപനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണെന്നാണ് കോടതി വ്യക്തമാാക്കിയത്.
ജീവനക്കാരുടെ എണ്ണം ഏതുകാലത്താണ് കുറഞ്ഞിരുന്നത് എന്നതിന് പ്രസക്തിയില്ലെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. തെലങ്കാനയിലെ രാധിക സിനിമാ തിയേറ്റർ കേസിലായിരുന്നു കോടതിയുടെ പരാമർശം. കുറഞ്ഞ ശമ്പളക്കാർക്ക് (നിലവിൽ 21,000 രൂപ) ചികിത്സയും മറ്റ് ആനുകൂല്യങ്ങളുമാണ് ഇ.എസ്‌ഐ.യിലൂടെ നൽകുന്നത്. ഇരുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഫാക്ടറികളുംമാത്രമാണ് 1948 -ലെ ഇ.എസ്‌ഐ. നിയമത്തിനുകീഴിൽ വന്നിരുന്നത്.
ജീവനക്കാരുടെ എണ്ണം എത്രയാണെങ്കിലും സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണെന്ന് ഇ.എസ്‌ഐ. നിയമത്തിലെ ഒന്നാം വകുപ്പിൽ ആറാം ഉപവകുപ്പ് കൂട്ടിച്ചേർത്ത് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ഇതിന് മുൻകൂർ പ്രാബല്യമുണ്ടോയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ഇ.എസ്‌ഐ. നിയമത്തെ ഗുണഭോക്താക്കൾക്ക് അനുകൂലമായി വ്യാഖ്യാനിക്കണമെന്ന് ബാംഗ്ലൂർ ടർഫ് ക്ലബ്ബ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത് ബെഞ്ച് ചൂണ്ടിക്കാട്ടി.
തെലങ്കാനയിലെ രാധിക സിനിമാ തിയേറ്റർ കേസിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇ.എസ്‌ഐ. കോർപ്പറേഷന്റെ ഡിമാൻഡ് നോട്ടീസ് പുനഃസ്ഥാപിച്ചു. 20 ജീവനക്കാരുടെ മാനദണ്ഡം എടുത്തുകളഞ്ഞശേഷമുള്ള കാലയളവിലെ ഡിമാൻഡ് നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയത് ഗുരുതരപിഴവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തൊഴിലാളികളുടെ സാമൂഹികസുരക്ഷ മുൻനിർത്തിയുള്ള നിയമമായതിനാൽ അതിന് വിശാലമായ അർഥം നൽകണമെന്നാണ് ഇ.എസ്‌ഐ. കോർപ്പറേഷൻ വാദിച്ചത്. 1989 ഒക്ടോബർ 20-ന് നിലവിൽവന്ന വകുപ്പിന് മുൻകൂർ പ്രാബല്യം നൽകാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. അതേസമയം തൊഴിലാളികൾക്ക് ഗുണകരമാകുമെങ്കിലും കോടതി വിധി ചെറുകിട കമ്പനികളെ സംബന്ധിച്ചിടത്തോളം ബാധ്യതകൾ ഏറെ വരുത്തുന്നതാണ്.
1989-നുമുമ്പ് ആരംഭിച്ച സ്ഥാപനങ്ങൾക്കും വിധി ബാധയമാണ്. ജീവനക്കാരുടെ എണ്ണം ഏതുകാലത്ത് കുറഞ്ഞുവെന്നത് പ്രശ്‌നമല്ലെന്നും നിയമം ഗുണഭോക്താക്കൾക്ക് അനുകൂലമായി വ്യാഖ്യാനിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. തെലങ്കാനയിലെ രാധിക സിനിമാതിയേറ്ററുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. 1981 മുതൽ നടത്തിവരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇ.എസ്‌ഐ.വിഹിതം 1989 സെപ്റ്റംബർവരെ അടച്ചിരുന്നു. പിന്നീട് ജീവനക്കാരുടെ എണ്ണം ഇരുപതിൽത്താഴെയായെന്ന് ചൂണ്ടിക്കാട്ടി അടച്ചില്ല. തുടർന്ന് ഇ.എസ്‌ഐ. കോർപ്പറേഷൻ 1994-ൽ അയച്ച ഡിമാൻഡ് നോട്ടീസ് തിയേറ്റർ ഉടമകൾ ചോദ്യംചെയ്തു.
അതനുസരിച്ച് രാധിക തിയേറ്റർ നൽകിയ പരാതി എംപ്ലോയീസ് ഇൻഷുറൻസ് കോടതി തള്ളി. എന്നാൽ, ഇതിനെതിരേ തിയേറ്റർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ട് ഇൻഷുറൻസ് കോടതിയുടെ ഉത്തരവ് തെലങ്കാന ഹൈക്കോടതി റദ്ദാക്കി. തുടർന്ന്, ഹൈക്കോടതി ഉത്തരവിനെതിരേ ഇ.എസ്‌ഐ. കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്