കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കി ദമ്പതികൾ കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമായെന്ന് വ്യക്തമായി. വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടപടിയെടുക്കും. കുട്ടിയെ ഏറ്റെടുക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ.കെ.ഷാജു പറഞ്ഞു.

കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാൻ നിർദ്ദേശം നൽകി. മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു പറഞ്ഞു. കുഞ്ഞിന്റ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടനെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷനിലേക്കോ സ്‌പെഷൻ അഡോപ്ഷൻ സെന്ററിലേക്കോ മാറ്റും. തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപിക്കും. കുട്ടിയെ ആരും ഏറ്റെടുക്കാനില്ലെന്നു കാട്ടി പത്രത്തിൽ വാർത്ത നൽകും. തുടർന്നു രണ്ടു മാസത്തിനു ശേഷം കുട്ടിയെ ദത്തെടുക്കാമെന്ന് ഷാജു പറഞ്ഞു.

അതേസമയം, കളമശേരി മെഡിക്കൽ കോളജിൽനിന്ന് ദമ്പതികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയത് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ.അനിൽകുമാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീൽ പതിപ്പിച്ചതും ഐപി നമ്പർ തരപ്പെടുത്തിയതും അനിൽകുമാറാണ് എന്നതിന്റെ തെളിവുകളും ലഭിച്ചു.

മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിനെതിരായ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭ ജീവനക്കാരിക്കും വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റും ആശുപത്രി അധികൃതരും. മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞിട്ടാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിക്കായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് അനിൽകുമാറിന്റെ വാദം. എന്നാൽ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപെടാൻ പ്രതി അനിൽകുമാർ കള്ളക്കഥ മെനയുകയാണെന്ന് ആശുപത്ര സൂപ്രണ്ട് ഡോ. ഗണേശ് മോഹനും അറിയിച്ചു. സംഭവത്തിൽ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അനിൽകുമാർ സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽക്കഴിയുന്നതിനിടെയാണ് അനിൽകുമാറിന്റെ ഈ വിശദീകരണം. താൻ മാത്രം വിചാരിച്ചാൽ ഇത്തരമൊരു സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കഴിയില്ല. തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ തനിക്ക് പരിചയപ്പെടുത്തിയത് ആശുപത്രി സൂപ്രണ്ടാണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തത്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനുവേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. അതിന്റെ വാട്‌സ് ആപ് ചാറ്റും തന്റെ പക്കലുണ്ടെന്ന് അനിൽകുമാർ പറയുന്നു.

സാമ്പത്തിക ക്രമക്കേടിൽ അനിൽകുമാറിനെതിരെ കണ്ടെത്തലുണ്ടെന്നും അതിന്റെ വൈരാഗ്യത്തിൽ കൂടിയാണ് കള്ളക്കഥമെനയുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതിന് ആശുപത്രി അധികൃതർ തന്നെയാണ് അനിൽകുമാറിനെ കണ്ടെത്തി നടപടിയെടുത്തത്.

അതിനിടെ, സസ്‌പെൻഷനിലായതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് അനിൽകുമാർ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും തെറ്റുപറ്റിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ തന്നോട് ആപേക്ഷിച്ചെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.

ജനുവരി 31ന് ഉച്ചയ്ക്ക് 12.05ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതിൽ അനുപ്രിയ ഹൗസിൽ അനൂപ്കുമാർ സുനിത ദമ്പതികൾക്കു പെൺകുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്. വിവരങ്ങൾ എഴുതി നൽകിയ ജനന റിപ്പോർട്ടിൽ ഐപി നമ്പർ '137 എ' എന്നാണ് എഴുതിയിരുന്നത്. ഇരട്ടക്കുട്ടികൾ ഉണ്ടാകുമ്പോഴാണ് 'എ, ബി' എന്നു രേഖപ്പെടുത്താറുള്ളത്.

ഈ നമ്പറിൽ സംശയം തോന്നിയ താൻ ലേബർ റൂമിൽ നേരിട്ടെത്തി നഴ്‌സുമാരോട് അന്വേഷിച്ചതിൽ അനൂപ്കുമാർ സുനിത ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചതായ ഒരു പ്രസവവും അവിടെ നടന്നിട്ടില്ലെന്നാണ് നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷൻ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എൻ.രഹ്ന പരാതി നൽകിയത്. 2ന് മെഡിക്കൽ സൂപ്രണ്ടിനെയും മുനിസിപ്പൽ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ രഹ്നയും മെഡിക്കൽ കോളജും നൽകിയ പരാതിയിലാണ് പൊലീസ് അനിൽ കുമാറിനെതിരെ കേസെടുത്തത്.