ന്യൂഡൽഹി: ഇന്ത്യൻ വ്യോമപാതയിലൂടെ ചൈനയിലേക്ക് പറന്ന ഇറാനിയൻ വിമാനത്തിന് ഉണ്ടായത് വ്യാജ ബോംബ് ഭീഷണി എന്ന് വ്യക്തമായി. ഇറാന്റെ എയർലൈനായ മഹാൻ എയറിന്റെ ടെഹ്‌റാൻ-ഗുവാങ്‌സോ ഫ്‌ളൈറ്റ് ഏതായാലും ചൈനയിൽ എത്തി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇറാനിയൻ വിമാനത്തെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിരീക്ഷിച്ചിരുന്നു.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ബോംബ് ഭീഷണി അവഗണിക്കാൻ സന്ദേശം ലഭിച്ചതോടെയാണ് വിമാനം ചൈന ലക്ഷ്യമാക്കി വീണ്ടും പറന്നത്.
ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡൽഹിയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽനിന്നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അയച്ചത്. സുഖോയ് വിമാനങ്ങളാണ് ഇന്ത്യ നിരീക്ഷണത്തിന് അയച്ചത്.

വിമാനത്തിലെ പൈലറ്റ് ഡൽഹിയിൽ ഇറങ്ങാൻ അനുമതി തേടി. ജയ്പൂരിലേക്കോ ചണ്ഡിഗഡിലേക്കോ പോകാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ മഹാൻ എയർ പൈലറ്റ് അതിന് തയ്യാറാകാതെ, ഇറാനിൽ നിന്നുള്ള സന്ദേശത്തിനായി കാത്തു. ഭീഷണി വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് യാത്ര തുടരാൻ അനുമതി നൽകിയതെന്ന് മഹാൻ ഓപ്പറേഷൻ കൺട്രോൾ സെന്റർ പിന്നീട് അറിയിച്ചു. സുരക്ഷാ ഭീഷണി ഉയർത്താനും, പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു ഭീഷണി എന്നും മഹാന്റെ അറിയിപ്പിൽ പറയുന്നു.

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ പോകാൻ നിർദ്ദേശിച്ചെന്നും എന്നാൽ വിമാനം വഴിതിരിച്ചു വിടാൻ പൈലറ്റ് തയ്യാറായില്ലെന്നും വ്യോമസേന പറയുന്നു. എല്ലാ മുൻകരുതലും ഈ ഘട്ടത്തിൽ സ്വീകരിച്ചെന്നും വ്യോമസേന പറയുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ കർശന നിരീക്ഷണത്തിലായിരുന്നു ഈ വിമാനം. സുരക്ഷിത അകലത്തിലാണ് യുദ്ധ വിമാനങ്ങൾ ഇറാൻ ഫ്ളൈറ്റിനെ പിന്തുടർന്നതെന്നും വിശദീകരിക്കുന്നു.

ഈ വിമാനം ഇന്ത്യൻ വ്യോമപാതയിൽ കടന്നപ്പോൾ ആണ് ബോംബ് ഭീഷണിയുണ്ടായത്. ഡൽഹിക്ക് സമീപമെത്തിയപ്പോൾ ബോംബ് ഭീഷണിയുണ്ടായത് ഇന്ന് രാവിലെയാണ്. ബോംബ് ഭീഷണിയുണ്ടായപ്പോൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടായിരുന്ന മഹാൻ എയർ വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു. രാവിലെ 9.20നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കോൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലെ അധികൃതർ വ്യോമസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എന്നാൽ ഡൽഹിയിൽ ലാൻഡിങ് അനുവദിച്ചില്ല.

വിമാനം ചൈന വ്യോമ അതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യയുടെ യുദ്ധവിമാനമായ സുഖോയ് വിമാനങ്ങൾ ഈ വിമാനത്തെ ഇന്ത്യൻ വ്യോമഅതിർത്തി കടക്കും വരെ പിന്തുടർന്ന് നിരീക്ഷിച്ചു. ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങനെ കിട്ടിയെന്ന ചോദ്യം അവശേഷിക്കുന്നു.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്? ഈ വിഷയത്തിൽ, വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് എഴുതിയ കുറിപ്പ് വായിക്കാം

ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റ്:

ചൈനയിലെ ഗ്വാങ്സോയിലേക്കു പറക്കുന്നതിനിടെ, ബോംബു ഭീഷണിയെത്തുടർന്ന്, നിൽക്കണോ-പോണോ-ഇറങ്ങണോ എന്ന ആശയക്കുഴപ്പത്തിൽ അരമണിക്കൂറിലേറെ ഡൽഹിക്കു സമീപം ആകാശത്ത് ചുറ്റിത്തിരിഞ്ഞ് നിൽക്കുകയും പിന്നെ പോകാൻ തന്നെ തീരുമാനിച്ച് ചൈനയിൽ കുഴപ്പമൊന്നും കൂടാതെ എത്തിപ്പറ്റുകയും ചെയ്ത ഇറാന്റെ മഹാൻ എയർ വിമാനത്തെപ്പറ്റി ഈ പകൽനേരത്ത് വന്ന തൽസമയ വാർത്തകളൊക്കെ മിക്കവരും വായിച്ചു കാണും.

സമൂഹമാധ്യമങ്ങളിലും വാർത്താ പോർട്ടലുകളിലുമൊക്കെ വിവരങ്ങളൊരുപാട് വന്നെങ്കിലും ആരും ഊഹിക്കാൻ മെനക്കെടാതിരുന്ന പല കാര്യങ്ങളിലൊന്ന്, 30,000 അടിപ്പൊക്കത്തിൽ ടേഹ്റാനിൽ നിന്ന് ഗ്വാങ്സോയിലേക്കു പറന്നുകൊണ്ടിരുന്ന വിമാനത്തിന് ഈ ബോംബുവിവരം എങ്ങിനെ കിട്ടിയെന്നതാണ്.
വിമാനം പുറപ്പെട്ട് മൂന്നുമണിക്കൂറോളം കഴിഞ്ഞ്, ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിലായിരുന്ന വിമാനത്തിന്റെ പൈലറ്റിന്, വിമാനത്തിൽ ബോംബുണ്ടാകാന് സാധ്യതയുണ്ട് എന്ന വിവരം കൊടുത്തത് ആരാണ്?

ടെഹ്റാനിൽ നിന്നു വിട്ടാൽ ഇടയ്ക്കെങ്ങും ഇറങ്ങാത്ത ഈ വിമാനത്തിന്റെ കാര്യത്തിൽ മറ്റുരാജ്യങ്ങളിലുള്ളവർക്ക് വലിയ താൽപര്യമൊന്നുമുണ്ടാകാനിടയില്ലാത്ത സ്ഥി്തിക്ക്, ബോംബു ഭീഷണി ആദ്യം കിട്ടിയത് ടെഹ്റാനിൽ തന്നെയാവണം. ആരെങ്കിലും ഫോൺ ചെയ്തു പറഞ്ഞതാവാം, ഊമക്കത്ത് അയച്ചതാാവം,
35,000 അടിപ്പൊക്കത്തിലൊക്കെ പറക്കുന്ന വിമാനത്തിന് സംസാരിക്കാൻ കഴിയുന്നത്, സാധാരണ, പരമാവധി 460 കിലൊമീറ്റർ അകലയുള്ള ടവറുകാരുമായാണ് .
പക്ഷേ, കൺട്രോളർ പൈലറ്റ് ഡാറ്റാലിങ്ക് കമ്യൂണിക്കേഷൻ (സിപിഡിഎൽസി) എന്ന ആധുനിക സങ്കേതം ഉപയോഗിച്ച് മൂവായിരം നോട്ടിക്കൽ മൈൽ (5500 കിലോമീറ്റർ) അകലെയുള്ള വിമാനത്തോടുവരെ സംസാരിക്കാൻ ഇക്കാലത്ത് കഴിയും. ടെഹ്‌റാനും ഡൽഹിയും തമ്മിലുള്ള അകലം ഏകദേശം 2500 കിലോമീറ്റർ മാത്രമാണ്. ഇവിടെയും അതു തന്നെയാവും ടെഹ്‌റാന് ഉപയോഗിച്ചിട്ടുണ്ടാവുക.

ബോംബു വിവരം എല്ലാവരും അറിഞ്ഞ് പരിഭ്രാന്തരായെന്ന വാർത്തയിലും ചിരിക്കാൻ സഹായിച്ചത്, വിമാനത്തെ 'പിടിക്കാൻ' ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനങ്ങൾ പറന്നുയർന്നു എന്ന് മാതൃഭൂമി ഓൺലൈനിൽ വായിച്ചപ്പോഴാണ്. മുമ്പേ പറക്കുന്ന യാത്രാവിമാനത്തെ പിന്തുടർന്ന് അടുത്തെുന്ന യുദ്ധവിമാനം ചാടിവീണ് കെട്ടിപ്പിടിച്ച് വിലങ്ങുവച്ച് തിരികെ കൊണ്ടുവരുന്നത് ഓർത്തു നോക്കുക.

അപകടത്തിലാണെന്നു സംശയിക്കുന്ന യാത്രാവിമാനത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ അല്ല, ഇരുവശത്തും സമാന്തരമായി പറന്ന് സ്ഥിതിഗതികൾ നീരീക്ഷിക്കാനാണ് യുദ്ധവിമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ പറന്നുയരുക. ബോംബുണ്ട് എന്ന സംശയമുള്ളപ്പോൾ സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യും.

ഡൽഹിയിൽ ഇറങ്ങിക്കോട്ടെയെന്നു ചോദിച്ച വിമാനത്തോട്, അടുത്തുള്ള ജയ്പൂരിലോ ചണ്ഡിഗഡിലോ ഇറങ്ങാമെന്നു പറഞ്ഞത്, തികച്ചും പ്രായോഗിക കാരണങ്ങൾ കൊണ്ടുമാണ്. തിരക്കേറെയുള്ള, രാജ്യതലസ്ഥാനത്തിലുള്ള വിമാനത്താവളത്തേക്കാൾ, ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ യോജിച്ചത്, ഏറെ വിമാനങ്ങൊളൊന്നും ഇറങ്ങാനില്ലാത്ത ചെറുവിമാനത്താവളങ്ങൾ തന്നെയാണ്. അതിന് മ്ഹാൻ എയർ വിമാന പൈലറ്റുമാർ തയ്യാറാകാതിരുന്നതെന്താണെന്ന് പക്ഷേ വ്യക്തമല്ല.

എന്തായാലും ബോംബുഭീഷണി വ്യാജമാണെന്ന് ഇതിനോടകം മനസിലാക്കിയ (അതെങ്ങിനെ മനസിലാക്കി എന്നത് ഉത്തരം കിട്ടാനിടയില്ലാത്ത മറ്റൊരു ചോദ്യമാണ്) ഇറാൻ അക്കാര്യം വീണ്ടും പൈലറ്റിനെ അറിയിച്ചതോട, ആകാശത്തെ അര മണിക്കൂർ കാത്തുനിൽപ്പ് അവസാനിപ്പിച്ച് വിമാനം ചൈനയിലേക്കുള്ള പറക്കൽ പുനരാരംഭിക്കുകയും ചെയ്തു (മൂന്നു തവണ ചുറ്റിക്കറങ്ങിയാണ് വിമാനം നേരം കളഞ്ഞതെന്ന് യാത്രാപഥ ചിത്രങ്ങൾ കാണിക്കുന്നു).
വൈകുന്നരം അഞ്ചു മണിയോടെ, വിമാനം അഗ്‌നിശമന, സുരക്ഷാ വാഹനങ്ങളുടെ വൻ നിര തന്നെ കാത്തു നി്ൽക്കേ ഗ്വാങ്സോയിൽ ഇറങ്ങുകയും ചെയ്തു.
Added
_______
മുകളിലെഴുതിയ പോലെ സിപിഡിഎൽസി ഉപയോഗിച്ച് ടെഹ്‌റാൻ എടിസി പൈലറ്റുമാരെ നേരിട്ട് ബോംബുകാര്യം അറിയിക്കുകയായിരുന്നില്ല എന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ കണ്ടുവെന്ന് Ahmed Pulath അറിയിച്ചു. ടെഹ്‌റാനിൽ CPDLC ഇല്ലാത്തതാവണം കാരണം. ടെഹ്‌റാനിൽ നിന്ന് പാക്കിസ്ഥാനിലെ ലാഹോർ ഫ്‌ളൈറ്റ് ഇൻഫർമേഷനിലേക്ക് അറിയിച്ച കാര്യം, വിമാനത്തെ അറിയിക്കാൻ അവർ ഡൽഹി എടിസിക്ക് കൈമാറുകയായിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട്.