- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷും സച്ചിൻ ദാസും പ്രതികൾ; സാക്ഷി പട്ടികയിൽ പോലും എം ശിവശങ്കറില്ല; എഫ്‌ഐആറിൽ ഉൾപ്പെട്ട പ്രൈസ് വാട്ടർ ഹൗസ് കൂപ്പറും വിഷൻ ടെക്നോളജിയും 'രക്ഷപ്പെട്ടു'; ശിവശങ്കറിനെ വെള്ളപൂശി വ്യാജ ബിരുദ കേസിന്റെ കുറ്റപത്രം
തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ കന്റോൺമെന്റ് സിഐ ആണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മൂന്ന്-ൽ കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസുമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരിൽ നേരത്തെ സർക്കാർ സസ്‌പെൻഡ് ചെയ്യപ്പെട്ട എം ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. എഫ്‌ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്‌നോളജി എന്നിവരെയും ഒഴിവാക്കി. എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം.
വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തുന്ന രീതിയിലാണ് അന്വേഷണം പൂർത്തിയാക്കിയിരിക്കുന്നത്. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പൊലീസ് പരിശോധിച്ചിട്ടില്ല. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കൽ സ്വപ്ന നിയമനം നേടിയത്.
മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്കർ ടെക്‌നോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌ഐ.ടി.എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്. സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നാന്വേഷിക്കാൻ കെ.എസ്‌ഐ.ടി.എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് നൽകിയ ഉപകരാർ ഉപയോഗിച്ച് വിഷൻ ടെക്‌നോജീസിന്റെ ജീവനക്കാരിയായിട്ടാണ് സ്വപ്ന സുരേഷ് കെ.എസ്‌ഐ.ടി.എല്ലിൽ ജോലി ചെയ്തു വന്നിരുന്നത്. ഈ വർഷം ജൂലൈ 20ന് ഡോ. ബാബാസാഹേബ് അബേദ്കർ ടെക്‌നോജിക്കൽ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാർ ഇത്തരം ഒരു ഡിഗ്രി തങ്ങൾ നൽകിയിട്ടില്ലെന്ന് കൺടോൺമെന്റ് പൊലീസിനെ ഇ- മെയിലൂടെ അറിയിച്ചു.
മാത്രമല്ല ഈ യൂണിവേഴ്‌സിറ്റിയിൽ കോമേഴ്‌സ് കോഴ്‌സ് നടത്തുന്നില്ലെന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്ട്രർ നമ്പരും റോൾ നമ്പരും യൂണിവേഴ്‌സിറ്റി പ്രിന്റ് ചെയ്ത് നൽകുന്ന സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റിലുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.
ആ വർഷമോ അതിന് അടുത്ത വർഷങ്ങളിലോ സ്വപ്ന സുരേഷ് എന്ന പേരിൽ ഒരു വിദ്യാർത്ഥി ഈ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടില്ലെന്നും പൊലീസിനെ രേഖാമൂലം അറിയിച്ചു. സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിലെ സീരിയൽ നമ്പർ 104686 ഫോർമാറ്റ് യൂണിവേഴ്‌സിറ്റിയുടേതിന് തതുല്യമല്ലെന്നും രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ കൺട്രോളർ ഓഫ് എക്‌സാമിനേഷൻ യോഗേഷ് പാട്ടീൽ ഇതേ കാര്യങ്ങൾ അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഇടനിലക്കാരനായ രാജേന്ദ്രൻ തന്റെ അക്കൗണ്ടിൽ നിന്ന് 32,000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സച്ചിൻ ദാസിന്റെ പഞ്ചാബിലെ വസതി പരിശോധിച്ച് കേസിന് ആവശ്യമായ തെളിവുകൾ പൊലീസ് ശേഖരിച്ചു. സച്ചിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.
സച്ചിൻ ദാസ്, ദീക്ഷിത് മെഹറ എന്നിവർ ചേർന്നാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച ശേഷം അത് രാജേന്ദ്രൻ കൈപ്പറ്റുകയും പിന്നീട് അത് സ്വപ്ന അഭിമുഖത്തിന്റെ സമയത്ത് കെ.എസ്‌ഐ.ടി.എല്ലിൽ സമർപ്പിക്കുകയുമാണ് ചെയ്തത്.
സർട്ടിഫിക്കറ്റിന്റെ ഒർജിനൽ സ്വപ്ന സുരേഷ് നശിപ്പിച്ച് കളഞ്ഞെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്‌ക്കെതിരെ ഐ.പി.സി 201 കൂടി ചുമത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് കെ.എസ്‌ഐ.ടി.എല്ലിൽ ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും അത് നിർമ്മിച്ച് നൽകിയത് സച്ചിൻദാസ് ആണെന്നും കുറ്റപത്രത്തിൽ പറയുന്നു. നിരവധി സാക്ഷി മൊഴികളും, രഹസ്യമൊഴികളും പല സ്ഥലലങ്ങളില് നിന്ന് പിടിച്ചെടുത്ത രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം.
മറുനാടന് മലയാളി ബ്യൂറോ