ന്യൂഡൽഹി : രാജ്യത്ത് യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഇനി മുതൽ ഫീസ് നൽകേണ്ടി വരുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്ത്.2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം ഫീസ് ഈടാക്കുമെന്ന് കാണിച്ചാണ് പ്രചരണങ്ങൾ ഉണ്ടായത്.നാഷണൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സർക്കുലറെന്ന പേരിലായിരുന്നു പ്രചരണം.ഇതോടെയാണ് കേന്ദ്ര സർക്കാർ ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്.

യുപിഐ വഴി നടത്തുന്ന പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രുമെന്റസ് അല്ലെങ്കിൽ പിപിഐ ഇടപാടുകൾക്ക് മാത്രമാണ് ഫീസ് ഏർപ്പെടുത്തുന്നത്. 99.99 ശതമാനം യുപിഐ ഇടപാടുകൾക്കും ഈ ഫീസ് ബാധകമല്ലെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു. അക്കൗണ്ടിൽ നിന്ന് മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓൺലൈൻ വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ പോലുള്ളവയ്ക്ക് മാത്രമാണ് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാട് നടത്തിയാൽ ഫീസ് ഏർപ്പെടുത്തുന്നത്.

അതുകൊണ്ട് തന്നെ ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തിയും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾക്കോ ഉപയോക്താക്കൾക്ക് അധികബാധ്യത വരില്ലെന്ന് നാഷണൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.കച്ചവടസ്ഥാപനങ്ങളിൽ യുപിഐ വഴിയുള്ള പെയ്‌മെന്റ് ഇൻസ്ട്രുമെൻസ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിശ്ചയിച്ച് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.

2,000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ 1.1 ശതമാനം വരെയാണ് ഫീസ് ഈടാക്കുകക. മർച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 ശതമാനം മുതലാണ് ഫീസ് ഈടാക്കുന്നത്.നിലവിൽ ബാങ്കിൽ നിന്ന് ബാങ്കിലേക്കുള്ള യുപിഐ ഇടപാടുകൾ സൗജന്യമാണ്. വാലറ്റുകളും മാഗ്നറ്റിക് സ്ട്രിപ് കാർഡുകളും ഉൾപ്പെടെയുള്ള പ്രീപെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രുമെൻസ് ഉപയോഗിച്ച് 2,000 രൂപയിൽ അധികമായി പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കാണ് നിരക്ക് ബാധകമുകുക. വ്യക്തിഗത ഇടപാടുകൾ നടത്തുന്ന സാധാരണ യുപിഐ ഇടപാടുകാരെ ഇത് ബാധിക്കില്ല.

ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പിപിആ സേവനദാതാക്കൾ അവരുടെ സേവനങ്ങളുടെ ഫീസുകൾ യഥാക്രമം ക്രമീകരിക്കേണ്ടതായി വരും.പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കാണ് ഇത് സംബന്ധിച്ച് ട്വീറ്റുമായെത്തിയത്.