- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിയെ കൊന്ന മാങ്കുളത്തെ ഗോപാലൻ ഇപ്പോൾ വെറും ഗോപാലനല്ല, പുലി മുരുകനായി മാറിയ പുലി ഗോപാലൻ! ദേശീയ മാധ്യമങ്ങളിൽ ഇടക്കം വീരപരിവേഷം ലഭിച്ച ഗോപാലനെ കാണാൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് സന്ദർശക പ്രവാഹം; സെൽഫിയെടുത്തും സമ്മാനങ്ങളും നൽകി നാട്ടുകാരുടെ സ്നേഹപ്രകടനം; മാങ്കുളത്തുകാർ രക്ഷകനെ ആഘോഷിക്കുമ്പോൾ
അടിമാലി: തന്നെ ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തി കൊണ്ടു വെട്ടിവീഴ്ത്തി കൊലപ്പെടുത്തിയ മാങ്കുളത്തെ ഗോപാലനെ നാട്ടുകാർ നോക്കിക്കാണുന്നത് നാട്ടുകാരുടെ രക്ഷകാനായ സൂപ്പർഹീറോയാണ്. പുലിയെ കൊന്ന ഗോപാലനെ പുലി ഗോപാലനെന്നും പുലി മുരുകനെന്നുമൊക്കെയാണ് നാട്ടുകാർ വിളിക്കുന്നത്. ആത്മരക്ഷാർത്ഥമാണ് പുലിയെ കൊന്നതെങ്കിലും ഇതിലൂടെ തങ്ങളെ കൂടിയാണ് ഗോപാലൻ രക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിക്കണാംകുടി സ്വദേശി ഗോപാലനെ കാണാൻ സന്ദർശകരുടെ തിരക്കാണ്. ഗോപാലനു സമ്മാനങ്ങളും ചെറിയ ധനസഹായവും നൽകുന്നവരുമുണ്ട്. ഗോപാലന്റെ ചികിത്സയ്ക്കായി ആദ്യഘട്ടമെന്ന നിലയിൽ 5,000 രൂപ വനം വകുപ്പ് നൽകി. ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാർ വഹിക്കും. കൂടുതൽ തുക ആവശ്യമായി വന്നാൽ അതും വനം വകുപ്പ് നൽകുമെന്നു മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു.
പിന്നാലെ കർഷക സംഘടനയായ 'കിഫ' (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ഗോപാലനെ ആശുപത്രിയിൽ സന്ദർശിച്ച് ജിം കോർബറ്റ് പുരസ്കാരത്തിന്റെ ഭാഗമായ കാഷ് അവാർഡ് (10,001 രൂപ) സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും മാങ്കുളത്ത് പൊതുയോഗത്തിൽ സമ്മാനിക്കുമെന്നു നേതാക്കൾ അറിയിച്ചു. സൗജന്യ നിയമസഹായവും 'കിഫ'യുടെ ലീഗൽ സെൽ ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഷ്ട്രീയ കിസാൻ മഹാസംഘ് ഗോപാലന് കർഷകവീരശ്രീ അവാർഡ് പ്രഖ്യാപിച്ചിരുന്നു.
പുലിയുടെ ആക്രമണത്തിൽ ഗോപാലന്റെ ശരീരത്തിലേറ്റ മുറിവുകൾ കരിഞ്ഞു വരുന്നതായി ഡോ. ഫിനിക്സ് ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം ശരീരവേദനയും പനിയും അനുഭവപ്പെട്ടെങ്കിലും ഇന്നലെ ഉച്ചയോടെ ശരീരോഷ്മാവ് സാധാരണ സ്ഥിതിയിലെത്തി. ഗോപാലന് പേവിഷബാധയ്ക്കെതിരെയുള്ള റാബീസ് വാക്സീൻ നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. കൃഷിയിടത്തിൽ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടുപ്പിന് ശേഷമായിരുന്നു തീരുമാനം. ഗോപാലൻ ആത്മരക്ഷാർത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പുലിമുരുകന്റെ താമസ സ്ഥലത്ത് മറുനാടൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ
കൃഷി സ്ഥലത്തേയ്ക്ക് പോകവെയാണ് മാർഗ്ഗമധ്യേ ഗോപാലനെ പുലി ആക്രമിച്ചത്. സ്വയരക്ഷയ്ക്കായുള്ള ചെറുത്തുനിൽപ്പിനിടെ ഗോപാലൻ പുലിക്ക് നേരെ വാക്കത്തി വീശി. വെട്ടേറ്റ പുലി താമസിയാതെ ചത്തു. ഇതോടെ സംഭവം ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. മാസങ്ങളായി നാട്ടിൽ ഭീതി വിതച്ചിരുന്ന പുലിയെ കൊന്നതോടെ നാട്ടുകാരുടെ കണ്ണിൽ ഗോപാലൻ രക്ഷകനായി. ആശുപത്രിയിൽ എത്തി ഗോപാലനെ കണ്ട് സന്തോഷം അറയിക്കാൻ നാട്ടുകാർ മത്സരിക്കുകയായിരുന്നു. ആശുപത്രിയിലാണെങ്കിലും ഗോപാലനൊപ്പം സെൽഫിയെടുക്കാനും' ആരാധകർ 'മറന്നില്ല.
ആശുപത്രിയിൽ നിന്നിറങ്ങുന്ന മുറയ്ക്ക് നാട്ടിൽ ഗോപാലന് സ്വീകരണം ഒരുക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയാണ്. ഈ സാഹചര്യത്തിലാണ് ഗോപാലന്റെ നാടും വീടും കാണുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയായത്. അടിമാലിയിൽ നിന്നും മാങ്കുളത്തെത്തി , ഇവിടെ നിന്നും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ എട്ടുകിലോമാറ്ററോളം സഞ്ചരിച്ചാൽ മാങ്കുളം ആറാംമൈലിലെ കരിമുണ്ട സിറ്റിയിലെത്താം. ഇവിടെ നിന്നും ഏകദേശം 2 കിലോമീറ്റർ കുടി പിന്നിട്ടാൽ ചിക്കണാംകുടിയിലെത്താം.
ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേയ്ക്ക് എന്ന നിലയിലാണ് ഈ പാതയിൽ പലസ്ഥലത്തും വാഹനങ്ങളുടെ ചക്രം ഉരുളുന്നത്. ഈ റോഡിലൂടെ വാഹനം ഓടിക്കാൻ നാട്ടുകാർ അല്ലാത്തവർ പ്രയാസപ്പെടുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ അനീഷ് പറഞ്ഞു. ഗോപാലന്റെ വീടിനോട് അടുത്തപ്പോൾ മഴ ആരംഭിച്ചിരുന്നു.വീടിന്റെ മുറ്റത്തേയ്ക്ക് കയറണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ്വഴക്കം വേണമെന്നതാണ് അവസ്ഥ.
ചെളിയായതിനാൽ ഓരോ കാൽചുവടും ശ്രദ്ധയോടെയല്ലങ്കിൽ നിലംപതിക്കുമെന്ന് ഉറപ്പ്. വീട്ടിലെത്തുമ്പോൾ മക്കളായ സനുവും രാമനും മുൻ വശത്തു തന്നെയുണ്ടായിരുന്നു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനായി താനും ഭാര്യയും അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നെന്നും ഇപ്പോൾ വീട്ടിലേയ്ക്ക് എത്തിയതെ ഉള്ളു എന്നും രാമൻ അറയിച്ചതോടെ സംസാരം ആശുപത്രി വിശേഷങ്ങളിലേയ്ക്ക് വഴി മാറി.
രണ്ട് കൈകൾക്കും പരിക്കുണ്ടെന്നും പൊട്ടലുള്ളതിനാൽ ഒരു കൈക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും ഒരു മാസത്തിലേറെയെങ്കിലും പിതാവിന് ജോലിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രാമൻ പറഞ്ഞു. പോരാൻ നേരം ചോദിച്ചപ്പോൾ തലേന്നത്തേക്കാൾ വേദന കൂടുതലാണെന്നാണ് അച്ഛൻ പറഞ്ഞത്. മരുന്നുകൊടുക്കുമ്പോൾ കുറയുമായിരിക്കും. രാമന്റെ വാക്കുകളിൽ പ്രത്യാശയുടെ തിളക്കം.
പിതാവിന് പുലിയിൽ നിന്നും ആക്രമണം നേരിട്ടതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും രാമൻ മനസുതുറന്നു. വീടിനടുത്ത് തന്നെ മല മുകളിലാണ് കൃഷി സ്ഥലം.കൃഷിപ്പണി ഇല്ലാത്തപ്പോൾ അച്ഛൻ കൂലിപ്പണിണിക്കും പോകും. തണുപ്പുള്ളതിനാൽ മിക്കവാറും മഴക്കോട്ട് ഇട്ടുകൊണ്ടാണ് അച്ഛൻ സാധാരണ കൃഷിസ്ഥലത്തേയ്ക്ക് പോകുന്നത്. ആക്രണം നേരിട്ട ദിവസവും മഴക്കോട്ട് ഇട്ടിരുന്നു. പുലിയുടെ മുൻ കാലിനുള്ള അടിയും മറ്റും മഴക്കോട്ടിലാണ് കൊണ്ടതെന്നാണ് മനസ്സിലാവുന്നത്. കോട്ട് ആകെ കീറിപ്പറിഞ്ഞ നിലയിലാണ്.
താനും കൂലിപ്പണിക്ക് പോകുകയാണ്. വീട്ടിൽ നിന്നും കുറച്ചകലെ പണിസ്ഥലത്ത് നിൽക്കുമ്പോഴാണ് അച്ഛനെ പുലി ആക്രമിച്ചതും പരിക്ക് പറ്റയതും അറയുന്നത്. ഉടൻ വീട്ടിലേക്ക് എത്തി. തുടർന്ന് ഓട്ടോവിളിച്ച് അച്ഛനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കയ്യിൽ കാര്യമായ പണം ഇല്ലായിരുന്നു. ചിലമരുന്നുകൾ ഒക്കെ പുറമെ നിന്നും പണം കൊടുത്ത് വാങ്ങേണ്ടിവന്നതോടെ ആഹാരത്തിന് പോലും കൈയിൽ പണം തികയാത്ത അവസ്ഥയുമുണ്ടായി.'ഈ ചേട്ടായിയുടെ ഓട്ടോവിളിച്ചാണ് വീട്ടിലേയ്ക്ക് വന്നത്. ഓട്ടക്കാശ്് കൊടുക്കാനുണ്ട്. അവസ്ഥ അറിയാവുന്നതിനാൽ ആ ചേട്ടായി പിന്നെ മതിയെന്ന് പറഞ്ഞു' അടുനിന്നിരുന്ന ഓട്ടോ ഡ്രൈവർ അനീഷിനെ ചൂണ്ടി രാമൻ പറഞ്ഞു.
റേഷൻ വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് രാമൻ പുറത്തേയ്്ക്ക് ഇറങ്ങിയതോടെ ഗോപാലന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി.അപ്പോഴും മഴ നിലച്ചിരുന്നില്ല. തൊട്ടടുത്താണ് ചിക്കണാംകുടി എൽപി സ്കൂൾ പ്രവർത്തിക്കുന്നതെന്നും ഈ ഭാഗത്തേയ്ക്ക് പുലി എത്താതിരുന്നത് അനുഗ്രഹമായെന്നും തൽസമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരികൂടിയായ ഷോനിൽ ബിബി പറഞ്ഞപ്പോഴാണ് .ഗോപാലന്റെ വീടും എൽപി സ്കൂളും തമ്മിലുള്ള അകലം ശ്രദ്ധയിൽ എത്തുന്നത്. പത്തോ പതിനഞ്ചോ മീറ്റർ മാത്രമാണ് സ്കൂളും വീടും തമ്മിലുള്ള അകലം.
വീട്ടിൽ നിന്നും തൊട്ടടുത്ത കൃഷിസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് ഗോപാലന് നേരെ പുലി ചാടിവീണത്. ഗോപാലന്റെ വീട്ടിൽ നിന്നും തിരിച്ച് കരിമുണ്ട സിറ്റിയിൽ എത്തുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്് അവിടെ ഉണ്ടായിരുന്നത്. പുലി ശല്യം കൂടുതൽ അനുഭവപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്നും നാട്ടുകാരുടെ പ്രിതികരണം തേടാമെന്ന് കരുതിയിരുന്നു. ഫലം നിരാശജനകമായിരുന്നു. മൈക്കിന് മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഭൂരിപക്ഷം പേരും തയ്യാറായില്ല.
സിറ്റിക്ക് തൊട്ടടുത്തുകൂടിയാണ് നല്ലതണ്ണിയാർ ഒഴുകുന്നത്. ആരെയും ആകർഷിക്കുന്നതാണ് ഇവിടെ നിന്നുള്ള പുഴയുടെ ദൃശ്യം. കിട്ടിയ പ്രതികരണങ്ങളുമായി കരിമുണ്ടയിൽ നിന്നും തിരിക്കുമ്പോൾ സമയം വൈകിട്ട് 5 മണിയോട് അടുത്തിരുന്നു. തുള്ളിക്കൊരുകുടം പെയ്യുന്ന പെരുംമഴയിലൂടെ , വാളറ മുതൽ നേര്യമംഗലം വരെ റോഡിൽ പലഭാഗത്തായി ശക്തിയിൽ രൂപപ്പെട്ടിരുന്ന കുത്തൊഴുക്കും താണ്ടിയിരുന്നു മടക്കം.
മറുനാടന് മലയാളി ബ്യൂറോ