കൊല്ലം: ആര്യങ്കാവിൽ കൃഷിയിടത്തിൽ പോയി ഓട്ടോയിൽ തിരികെ വരികയായിരുന്ന യുവാവിനെ പരിശോധനയുടെ പേരിൽ വനംവകുപ്പ് ജീവനക്കാർ തടഞ്ഞു നിർത്തി കൈയും കാലും കെട്ടിയിട്ട് മർദിച്ച് അവശനാക്കിയെന്ന് പരാതി. മർദനത്തിൽ പരുക്കേറ്റ ആര്യങ്കാവ് പുതുശ്ശേരി വിട്ടീൽ സാന്ദീപ് മാത്യുവിനെ(39) തെന്മല പൊലീസ് എത്തിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ വെള്ളിയാഴ്ച വൈകിട്ട് 5ന് ആയിരുന്നു സംഭവം. വിവാദമായതോടെ തെന്മല ഡിഎഫ്ഒയോട് വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി.

കടമാൻപാറയിലുള്ള വസ്തുവിൽ പോയി തിരികെ ഓട്ടോയിൽ വരുന്ന സമയത്ത് ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ വച്ച് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ ഓട്ടോ തടഞ്ഞു. ഈ സമയത്ത് എവിടെപ്പോവുകയാണെന്നും വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാന്ദീപിന്റെ കൃഷിയിടത്തിൽ പോയി വരികയാണെന്ന് ഓട്ടോ ഡ്രൈവർ ജോസഫ് വനപാലകരോട് പറഞ്ഞു. മറുപടിയിൽ തൃപ്തി വരാതെ വീണ്ടും ചോദ്യം ആവർത്തിക്കുകയും വാഹനം പരിശോധിക്കണമെന്നും വനപാലകർ ആവശ്യപ്പെട്ടു.

സ്ഥിരം കൃഷിഭൂമിയിൽ പോയി വരുന്നതാണെന്നും ഇതേ നാട്ടുകാരനാണെന്നും പറഞ്ഞിട്ട് കേൾക്കാതെ വന്നതോടെ സാന്ദീപും വനപാലകരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം മുറികയതോടെ സാന്ദീപിനെ വലിച്ചിഴച്ചുകൊണ്ട് സ്റ്റേഷനിലുള്ളിലേക്ക് പോയി കെട്ടിയിട്ട് മർദിച്ചെന്നാണ് പരാതി. കൈയും കാലും കെട്ടിയിട്ടാണ് മർദിച്ചതെന്നും മർദനത്തിൽ മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം, ധരിച്ചിരുന്ന ടീ ഷർട്ടിൽ നിറഞ്ഞുവെന്നും ഇതോടെ ടീഷർട്ട് വനപാലകർ ഊരിമാറ്റിയെന്നും പരാതിയുണ്ട്.

മർദിച്ച ശേഷം സ്റ്റേഷനിൽ സെല്ലിൽ പൂട്ടിയിട്ട സാന്ദീപിനെ തെന്മല പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സ്റ്റേഷനിൽ യുവാവിനെ മർദിച്ചെന്ന് അറിഞ്ഞതോടെ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസും പൊതുപ്രവർത്തകരും കിഫ പ്രവർത്തകരും കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനപാലകർ തെളിവുകൾ നശിപ്പിക്കാതിരിക്കാൻ രാത്രി വൈകിയും നാട്ടുകാർ സ്റ്റേഷനിൽ നിലയുറപ്പിച്ചു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന പടിക്കെട്ടിലും മുറിയിലും സെല്ലിലും രക്തത്തുള്ളികൾ കിടപ്പുണ്ട്.

സ്റ്റേഷന് മുന്നിൽക്കൂടി പോയ ഓട്ടോ കൈ കാണിച്ച് നിർത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഓട്ടോയിലുണ്ടായിരുന്ന യുവാവ് വനപാലകരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. ചന്ദനത്തോട്ടത്തിന്റെ ഭാഗത്തു നിന്നും വന്ന ഓട്ടോ ആയതിനാൽ പരിശോധിച്ച ശേഷം കടത്തിവിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല. വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയപ്പോൾ ജനൽചില്ല് തകർക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. ആക്രമണം കൂടിയപ്പോഴാണ് സെല്ലിനുള്ളിൽ ആക്കിയതെന്നുമാണ് ആര്യങ്കാവ് റേഞ്ച് ഓഫിസർ പറയുന്നത്.

ആര്യങ്കാവ് റേഞ്ചിലെ കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ യുവാവിനെ മർദിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ തെന്മല ഡിഎഫ്ഒയോട് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.