ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിൽ തൊഴിലില്ലായ്മയ്‌ക്കെതിരെ കർഷക പ്രക്ഷോഭം. ജന്തർ മന്തറിലായിരുന്നു പ്രകടനവും മഹാപഞ്ചായത്തും. മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, 2022ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സംയുക്ത കിസാൻ മോർച്ചയും, മറ്റുകർഷക സംഘടനകളും ചേർന്നാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില ശരിയായ രീതിയിൽ നടപ്പാക്കണമെന്നാണ് പ്രാഥമികമായി സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നത്. 40 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് എസ് കെ എം.

മധ്യഡൽഹിയിലെ സിഖ് ഗുരുദ്വാരകളിൽനിന്നു രാവിലെ പത്തിനു കൂട്ടമായി നീങ്ങിയ കർഷകരെ തടയാൻ പൊലീസ് ബാരിക്കേഡ് നിരത്തിയെങ്കിലും ഫലം കണ്ടില്ല. അവ മറികടന്ന് സമ്മേളന സ്ഥലത്തെത്തിയ കർഷകർ വൈകിട്ട് വരെ ധർണയിരുന്നു. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു കർഷകരെ ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ പൊലീസ് തടഞ്ഞു. ഡിസംബറിൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ വർഷം പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പിളർന്നതിനെത്തുടർന്ന് അതിലെ ഒരു വിഭാഗത്തിനു കീഴിലുള്ള 162 കർഷക സംഘടനകളാണ് ഇന്നലത്തെ പ്രതിഷേധത്തിൽ അണിനിരന്നത്.

ഏപ്രിലിൽ, കേന്ദ്രത്തിന്റെ നെല്ലുസംഭരണ നയത്തിന് എതിരെ തെലങ്കാന നേതാക്കൾ നടത്തിയ പ്രതിഷേധത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പങ്കുചേർന്നിരുന്നു. രാജ്യത്ത് മറ്റൊരു പ്രക്ഷോഭത്തിന്റെ ആവശ്യമുണ്ടെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കർഷകരുടെ പ്രശ്‌നങ്ങൾക്ക് വേണ്ടി പോരാടുന്ന എല്ലാ മുഖ്യമന്ത്രിമാരെയും സംയുക്ത കിസാൻ മോർച്ച പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താങ്ങ് വില പ്രശ്‌നത്തിന് പുറമേ, ലഖിംപുർ ഖേരി കൊലപാതകത്തിൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കുക, ലോക വ്യാപാര സംഘടനയിലെ അംഗത്വം ഇന്ത്യ അവസാനിപ്പിക്കുക, കർഷകരെ ദ്രോഹിക്കുന്ന വ്യാപാര കരാറുകൾ റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുള്ള നിവേദനം രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൈകാതെ വൻ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്പ്

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം ഒരുവർഷത്തിലേറെ നീണ്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ സമരം അവസാനിച്ചപ്പോൾ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനു പുറമെ, ഉന്നയിച്ച മറ്റാവശ്യങ്ങളും കേന്ദ്ര സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സമരക്കാർക്ക് കഴിഞ്ഞു. കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും കേന്ദ്രം അംഗീകരിച്ചു. കേന്ദ്രം വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന സൂചനയും അവർ നൽകിയിരുന്നു.