- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സമാനമായ ലക്ഷണം കാണിക്കുന്ന എച്ച് 3 എൻ 2 വും എച്ച്1 എൻ1 പനിയും; പുതിയ വെല്ലുവിളിയായി ഹോങ്കോംഗ് പനി; അതിവേഗം പടരുമെന്നത് ആശങ്ക; കോവിഡിന് ശേഷം രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയായി എച്ച് 3 എൻ 2 പനി; മരണം രണ്ടാകുമ്പോൾ
ന്യൂഡൽഹി: കോവിഡിന് ശേഷം രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയായി എച്ച് 3 എൻ 2 പനി. ഹോങ്കോംഗ് പനി എന്നറിയപ്പെടുന്ന പനി ബാധയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കർണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 എച്ച്3എൻ2 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ട് എച്ച്1എൻ1 കേസുകളുമുണ്ട്. ഈ രണ്ട് വൈറസ് പനികൾ രാജ്യത്ത് വ്യാപകമായി പടർന്നു പിടിക്കുന്നതായി അടുത്തകാലത്ത് ആരോഗ്യ വിദഗ്ദ്ധർ സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് പനി ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. 'ഹോങ്കോംഗ് ഫ്ളു ' എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 വൈറസ് മൂലമാണ് മിക്ക അണുബാധകളും ഉണ്ടാകുന്നത്. ഇന്ത്യയിൽ ഇതുവരെ എച്ച് 3 എൻ 2, എച്ച്1 എൻ1 അണുബാധകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഒരാഴ്ചയോളം നീണ്ടുനിൽക്കും.
കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച് 3 എൻ 2 വും എച്ച്1 എൻ1 പനിയും കാണിക്കുന്നത്. കോവിഡ് ബാധിച്ച് ലോകത്താകെ 68 ലക്ഷം പേർ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡിന് രണ്ടു വർഷത്തിനു ശേഷം അടുത്ത പകർച്ചവ്യാധി എത്തുന്നത് ആശങ്കയോടെയാണ് ലോകം കാണുന്നത്. കർണാടകയിലെ ഹസൻ ജില്ലയിൽ മരണമടഞ്ഞ ഹിരേ ഗൗഡ (82) ആണ് രാജ്യത്ത് ഈ പനി ബാധിച്ച് മരിക്കുന്ന ആദ്യ ആളെന്നാണ് സ്ഥിരീകരണം. ഫെബ്രുവരി 24ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം മാർച്ച് ഒന്നിനാണ് മരണമടഞ്ഞത്. പ്രമേയഹവും രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി എച്ച്. സുധാകർ പറഞ്ഞിരുന്നു. സ്വീകരിക്കേണ്ട മുൻകരുതൽ വിശദീകരിച്ച് പൊതുജനങ്ങൾക്ക് മാർഗനിർദ്ദേശം നൽകും. മാസ്‌ക് അടക്കം നിർബന്ധമാക്കി ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് 26 പേർക്ക് ഒ3ച2 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ബംഗലൂരുവിൽ മാത്രം രണ്ട് പേർക്കാണ് പനി ബാധിച്ചത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കുമാണ് ഈ പനി കൂടുതൽ ഭീഷണിയാകുകയെന്നും കർണാടക ആരോഗ്യമന്ത്രി പറയുന്നു.
'ഹോങ്കോംഗ് ഫ്‌ളൂ' ഇൻഫ്‌ളുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ്, ഇത് മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും. ഇത് എളുപ്പത്തിൽ പടരുന്ന ഒന്നാണ്. H3N2 ഇൻഫ്‌ളുവൻസ ബാധിക്കുന്ന രോഗികളെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ളത് കടുത്ത ചുമയാണ്. രണ്ട് മുതൽ മൂന്ന് ആഴ്‌ച്ച വരെ രോഗികളിൽ ചുമയും തൊണ്ടയിൽ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. വേഗത്തിലുള്ള ഇൻകുബേഷൻ പീരീഡാണ് H3N2 ഇൻഫ്‌ളുവൻസയുടേത്.
കോവിഡിന്റെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 14 ദിവസമാണെങ്കിൽ H3N2 ഇൻഫ്‌ളുവൻസയുടെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 4 ദിവസങ്ങൾ വരെ മാത്രം ആണ്. ഈ വൈറസ് ബാധിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ ദൃശ്യമാകും. പനിയോടൊപ്പം ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും ഈ രോഗബാധയുടെ സാധാരണ ലക്ഷണങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ