തിരുവനന്തപുരം: സ്വന്തം രാജ്യത്തിന്റെ ടീമുകൾ പോലും ഇല്ലാതിരുന്നിട്ടും ഫുട്‌ബോളിനെ ഇത്രത്തോളം നെഞ്ചേറ്റിയ ഒരു ജനതയുണ്ടാകുമോ എന്ന് സംശയമാണ്.അത്രത്തോളം പ്രശസ്തമാണ് കേരളത്തിന്റെ ഫുട്‌ബോൾ ഭ്രാന്ത്.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഡയലോഗ് പോലെ സെവൻസിന് ഒരു ലോകകപ്പ് ഉണ്ടെങ്കിൽ ഞങ്ങൾ കപ്പുയർത്തുമെന്ന് പറയുന്ന ജനത.അത്രമേൽ ഈ ജനതയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട് ഫുട്‌ബോൾ ആവേശം.

സ്വന്തം രാജ്യം മറ്റൊരു കായിക ഇനത്തിൽ സെമിഫൈനൽ വരെ എത്തി നിൽക്കുമ്പോഴും ഇന്നാട്ടിൽ ഫ്‌ളക്‌സുകളും കട്ടൗട്ടുകളും ഉയരുന്നത് അവർക്ക് വേണ്ടിയില്ല മറച്ച് ഖത്തറിന്റെ മണ്ണിൽ പന്തുതട്ടാനെത്തുന്ന ഫുട്‌ബോളിന്റെ രാജകുമാരന്മാർക്ക് വേണ്ടിയാണ്.എക്കാലവും ലോകകപ്പ് മത്സരസമയത്ത് കേരളം ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്.ഇക്കുറിയും ആ പതിവ് കേരളം തെറ്റിച്ചില്ല.മെസിക്കും നെയ്മറിനും പിന്നെ ക്രിസ്റ്റ്യാനോയ്ക്കും വേണ്ടി ഉയർത്തിയ കട്ടൗട്ടുകളിലൂടെയാണ് ഇന്ന് ലോകം കേരളത്തിന്റെ കളിയാവേശത്തെ നോക്കിക്കാണുന്നത്. ഇപ്പോഴിതാ സാക്ഷാൽ ഫിഫ വരെ നെഞ്ചോട് ചേർത്തിരിക്കുകയാണ് കേരളത്തിന്റെ കളിയാവേശത്തെ.

പുള്ളാവൂരിൽ ആദ്യമുയർന്നത് അർജന്റീനയുടെ മിശിഹാ ലിയോണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടായിരുന്നു. ഈ ഭീമൻ കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയാക്കി. തൊട്ടരികെ കാനറികളുടെ സുൽത്താൻ നെയ്മറുടെ അതിഭീമൻ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീൽ ആരാധകർ മറുപടി കൊടുത്തതോടെ കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധയെങ്ങും പുള്ളാവൂരിലേക്കെത്തി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടെ തലപ്പൊക്കം അതിനേക്കാൾ പത്ത് അടി കൂടെ കൂടിയിരുന്നു. ഇതോടെ സാക്ഷാൽ സുൽത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ബ്രസീലിയൻ ആരാധകരുടെ അവകാശവാദം. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവായി.

മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് ഉയർന്നാൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് വെറുതെയിരിക്കാനാവില്ലല്ലോ. ഇരു കട്ടൗട്ടുകൾക്കും അരികെ സിആർ7ന്റെ പടുകൂറ്റൻ കട്ടൗട്ട് റോണോ ആരാധകർ സ്ഥാപിച്ചു. ഇതിനിടെയാണ് മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ നീക്കണമെന്ന ആവശ്യമുയർന്നത്. കട്ടൗട്ടുകൾ നീക്കാനുള്ള നടപടിക്കെതിരെ കനത്ത ആരാധകരോഷം കേരളത്തിലുണ്ടായി.സംഭവം വിവാദമായതോടെ കട്ടൗട്ടുകൾ നീക്കം ചെയ്യില്ല എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.

പിന്നാലെ കായിക മന്ത്രി വി അബ്ദുറഹ്മാനും കട്ടൗട്ടിനെ പിന്തുണച്ച് രംഗത്ത് വന്നു.കൊടുവള്ളി പുല്ലാവൂരിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ട് ലോകകപ്പിന്റെ ആവേശമായി കണ്ടാൽ മതിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കുറച്ചു ദിവസങ്ങൾ മാത്രം നീളുന്ന ഇത്തരം ആവേശങ്ങൾ ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല.ലോകം മുഴുവൻ ഏറ്റെടുത്ത ആ കട്ടൗട്ടുകൾ മലയാളിയുടെ ഫുട്ബോൾ ഭ്രാന്തിന്റെ അടയാളമായി ഈ സമയത്ത് അവിടെ തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് ഇത്തരം സന്തോഷങ്ങൾക്ക് വിലങ്ങു തടിയാകുന്നത് ഭൂഷണമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ ചൂണ്ടികാട്ടി അദ്ദേഹം ചോദിക്കുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ തന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്.സന്തോഷം തേടിയുള്ള യാത്രയിലാണ് ഓരോ മനുഷ്യനും.ഓരോരുത്തർക്കും ഓരോ കാരണങ്ങളാകാം സന്തോഷം പകരുന്നത്. അതിൽ മുൻപന്തിയിലാണ് ഫുട്ബോൾ. വംശീയ-വർഗീയ-ലിംഗ-നിറ ഭേദമില്ലാതെ ഫുട്ബോൾ ആരാധകനായ ഓരോ മനുഷ്യനും സന്തോഷിക്കുന്ന വേളയാണ് ലോകകപ്പ് മത്സരം സമയമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ പല ഭാഗത്തുമുള്ള ലോകകപ്പ് ആവേശം തന്നെയാണ് നമ്മുടെ നാട്ടിലും ഫുട്ബോൾ ആരാധകർക്കുള്ളത്. അത് പല രൂപത്തിൽ ഓരോ ടീമിന്റെയും ആരാധകർ വർഷങ്ങളായി ആഘോഷിക്കുന്ന നാടാണ് കേരളം. ആകാശത്തേക്കുയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളുമെല്ലാം നാട് നിറയുന്ന കാഴ്‌ച്ച ഫുട്ബോളെന്ന വികാരത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങൾ മാത്രമാണ്.ഉള്ളിൽ ഉറഞ്ഞ് പൊന്തുന്ന ലഹരി ഇതിലൊക്കെ എത്രയോ അപ്പുറമാണെന്ന് അത് അനുഭവിക്കുന്നവർക്കേ മനസിലാകൂവെന്നും മന്ത്രി പറഞ്ഞു.ലോകകപ്പ് ആവേശത്തിനൊപ്പം തന്നെ കരുതൽ വേണമെന്ന് കൂടി മന്ത്രി ആരാധകരെ ഓർമിപ്പിച്ചു.

ഫ്ലെക്സ് കെട്ടാൻ കയറിയ ബ്രസീൽ ആരാധകൻ വീണ് മരണപ്പെട്ട സംഭവം എടുത്ത് പറഞ്ഞതാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.ഫ്ലെക്സും, ബാനറുകളും, കട്ടൗട്ടുകളും വെക്കാൻ കയറുന്നവർ അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലും സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം ഉയരുന്ന കട്ടൗട്ടുകളും, ഫ്ലെക്സുകളും ലോകകപ്പ് കഴിയുന്നതോടെ നല്ല രീതിയിൽ സംസ്‌ക്കരണം നടത്തുന്നതിനും ആരാധകർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇങ്ങനെ ലോകത്തിന്റെ മുഴുവൻ കോണിൽ നിന്നും നമ്മുടെ കളിയാവേശത്തിന് കൈയടിക്കുമ്പോഴാണ് ഫിഫ തന്നെ നേരിട്ടെത്തി കട്ടൗട്ടിനെ അഭിനന്ദിച്ചത്.കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസി-നെയ്മർ-റൊണാൾഡോ കട്ടൗട്ടുകൾ ഫിഫയും ട്വീറ്റ് ചെയ്തു. പുഴയിൽ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകൾ ഫിഫ ഷെയർ ചെയ്തതിന്റെ ആവേശത്തിലാണ് ആരാധകർ.

'കേരളത്തിന് ഫുട്‌ബോൾ പനി, നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലിയോണൽ മെസിയുടേയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ ഉയർന്നപ്പോൾ' എന്ന തലക്കെട്ടോടെയാണ് ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്.