കൊച്ചി: ചട്ടമ്പി സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ, അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയെ വിലക്കാൻ സാധ്യത. ഇന്ന് ചേരുന്ന ഫിലിം ചേമ്പർ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ശ്രീനാഥ് ഭാസി ചർച്ചക്കായി എത്തി. 'ചട്ടമ്പി' സിനിമയുടെ സംവിധായകനും നിർമ്മാതാവും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

പുതിയ സിനിമയിൽ അഭിനയിക്കുന്നത് താൽക്കാലികമായി വിലക്കിയേക്കുമെന്നാണ് സൂചന. സംഭവത്തിൽ അവതാരക ഫിലിം ചേംബറിനും പരാതി നൽകിയിരുന്നു.'ചട്ടമ്പി' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയിൽ ആരോപിക്കുന്നത്. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

അതേസമയം, അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവ ശേഖരിച്ചു. അഭിമുഖം നടന്ന സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.എന്നാൽ അഭിമുഖം നടന്ന സമയം ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നു എന്ന പരാതി അവതാരകയിൽ നിന്നും ഉണ്ടായിട്ടില്ല.

'ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.സംഭവത്തിൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി ശ്രീനാഥിനെ പൊലീസ് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു.

മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.