ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചത് ഭീകരാക്രമണത്തിലെന്ന് സ്ഥിരീകരിച്ച് സൈന്യം. ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണത്തിലെന്ന് സൈന്യം സ്ഥിരീകരിച്ചു. സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്മരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികർക്കാണ് വീരമൃത്യു.

സൈന്യവും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൈന്യം നൽകുന്ന വിവരം. പൂഞ്ച് - ജമ്മു ദേശീയപാതയിൽവച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിനു കാരണമെന്ന് നോർത്തേൺ കമാൻഡ് അറിയിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കടുത്ത മഴയും കാഴ്ചാദുരക്കുറവും ഉണ്ടായ സമയത്തായിരുന്നു ആക്രമണം.

ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നുമാണ് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു. ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.