തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ആർക്കും ആനുകൂല്യങ്ങൾ നൽകാൻ സർക്കാരില്ല. ഈ സാഹചര്യത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് വേണ്ടിയുണ്ടാക്കിയ ഇളവും എടുത്തു കളയുകയാണ്. ഫ്‌ളാറ്റുകളും അപാർട്‌മെന്റുകളും നിർമ്മിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് (സ്റ്റാംപ് ഡ്യൂട്ടി) 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിൽ ഫ്‌ളാറ്റ് ഇടപാടുകൾ വീണ്ടും സജീവമാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ നിന്നും പരമാവധി പണം ഖജനാവിൽ എത്തിക്കാനാണ് നീക്കം.

ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്‌ളാറ്റുകൾക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്. എന്നാൽ, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് 7 ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണു വിജ്ഞാപനം. ന്യായവിലയും സർക്കാർ കൂട്ടിയിട്ടുണ്ട്. അതും ഫ്‌ളാറ്റുകളുടെ വിലയിൽ പ്രതിഫലിക്കും. അങ്ങനെ വരുമ്പോൾ വലിയ തുക ഖജനാവിലേക്ക് അടുത്ത സാമ്പത്തിക വർഷം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

ആധാരത്തിൽ 25 ലക്ഷം രൂപ വില കാണിക്കുന്ന ഫ്‌ളാറ്റിന് ഇപ്പോൾ 1.25 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകുന്ന സ്ഥാനത്ത് ഏപ്രിൽ 1 മുതൽ 1.75 ലക്ഷം രൂപ (50,000 രൂപ അധികം) നൽകേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നമ്പർ ലഭിക്കുന്ന ദിവസത്തെയാണ് നിർമ്മാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. അതേസമയം, 6 മാസത്തിനു ശേഷം രജിസ്റ്റർ ചെയ്യുന്ന ഫ്‌ളാറ്റുകൾക്കും അപാർട്‌മെന്റുകൾക്കും വിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് അതിവേഗം കച്ചവടം നടക്കാൻ വേണ്ടിയാണ് ആറു മാസത്തിനുള്ളിലെ കച്ചവടത്തിന് അഞ്ചു ശതമാനം നിരക്ക് നിശ്ചയിച്ചത്. ഇത് മാന്ദ്യത്തിന്റെ ഫലമായിരുന്നു. മാന്ദ്യം മാറിയ സാഹചര്യത്തിലാണ് എടുത്തു മാറ്റുന്നത്.

ഏപ്രിൽ ഒന്നിന് മാത്രമാണ് പുതിയ നിരക്ക് വരുന്നത്. അതുകൊണ്ട് ഇനി 15 ദിവസം കൂടി പഴയ നിരക്കിന്റെ ആനുകൂല്യം കിട്ടും. ഈ രണ്ടാഴ്ച കൂടുതൽ പേർ ഫ്‌ളാറ്റ് വാങ്ങുമെന്നും പ്രതീക്ഷ സർക്കാരിനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഈ കച്ചവടങ്ങളും സർക്കാരിന് തുണയാകും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വർധന പിൻവലിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അത് മുഖവിലയ്‌ക്കെടുക്കാതെയാണ് പുതിയ വിജ്ഞാപനം.

ന്യായവില 20 ശതമാനം കൂടുന്നതിനുമുൻപ് ഭൂമിയിടപാട് നടത്താൻ തിരക്കേറുന്നു എന്നതാണ് വസ്തുത. ബജറ്റ് ലക്ഷ്യത്തെക്കാൾ 187.51 കോടിരൂപയുടെ അധികവരുമാനം ഫെബ്രുവരിയിൽത്തന്നെ രജിസ്ട്രേഷൻ വകുപ്പ് നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഒരുമാസം ശരാശരി 86,000 ആധാരംവരെ രജിസ്റ്റർ ചെയ്യുന്നുണ്ട്. മാർച്ച് പകുതികഴിഞ്ഞാൽ ഇനിയും തിരക്കുകൂടുമെന്നതിനാൽ 90,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടർ വാല്യുവേഷൻ കേസുകളിലെ കുടിശ്ശികയീടാക്കാനുള്ള കോമ്പൗണ്ടിങ് പദ്ധതി ഫലംകണ്ടില്ല. ബദൽമാർഗമായാണ് ഇപ്പോൾ പിഴയായി നൽകേണ്ട മുദ്രപ്പത്രവിലയിൽ ഇളവുനൽകാനും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനും തീരുമാനിച്ചത്.

1986 മുതലുള്ള ഇടപാടുകളിൽ പിഴയടയ്ക്കാൻ രണ്ടരലക്ഷം പേർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. അണ്ടർ വാല്യുവേഷൻ നിലവിൽ വരുന്നതിനുമുമ്പ് ഇടപാട് നടത്തിയവരും രണ്ടരലക്ഷത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം രജിസ്ട്രേഷൻ വകുപ്പ് ലക്ഷ്യമിട്ട വരുമാനം 4524.24 കോടിരൂപയാണ്. എന്നാൽ, ഫെബ്രുവരിയിൽത്തന്നെ 4711.75 കോടി നേടിക്കഴിഞ്ഞു. എറണാകുളത്താണ് ഏറ്റവുംകൂടുതൽ വരുമാനം -1069.03 കോടിരൂപ. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനും -629.96 കോടി.

ഫെബ്രുവരിയിൽമാത്രം മുദ്രപ്പത്രവിലയായി 339.48 കോടിയും രജിസ്ട്രേഷൻ ഫീസായി 125.47 കോടിയും ലഭിച്ചു. രണ്ടിനത്തിലുമായി ലക്ഷ്യമിട്ടത് 379.80 കോടിയാണെങ്കിലും ലഭിച്ചത് 464.95 കോടിയാണ്. ഈ സാമ്പത്തികവർഷം ഫെബ്രുവരിവരെ മുദ്രപ്പത്രവിലയായി 3441.37 കോടിയും രജിസ്ട്രേഷൻ ഫീസായി 1270.57 കോടിയും കിട്ടി. സാമ്പത്തികവർഷം അവസാനിക്കുമ്പോൾ വരുമാനം 5000 കോടിയാകുമെന്നാണ് പ്രതീക്ഷ.

2021-'22 സാമ്പത്തിക വർഷം 4431.88 കോടിരൂപയായിരുന്നു വരുമാനം. ഇത്തവണ 279.87 കോടിരൂപ അധികം ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലെ വരുമാനവുമായി നോക്കുമ്പോൾ 907.83 കോടിരൂപ അധികം.