- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ക്രെയിൻ ഉപയോഗിച്ച് മാറ്റി; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി; താൽക്കാലികമായി അടച്ച റൺവേ തുറന്നു; നേരത്തെ വഴിതിരിച്ചുവിട്ടത് നാല് വിമാനങ്ങൾ; വിമാന സർവീസ് സാധാരണ നിലയിൽ
കൊച്ചി: ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. താൽക്കാലികമായി അടച്ചിട്ട വിമാനത്താവളത്തിലെ റൺവേ തുറന്നു. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ഡൽഹി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലനപ്പറക്കലിനു തയ്യാറെടുക്കുന്നതിനിടെയാണ് റൺവേയിൽ നിന്നു തെന്നിമാറി അപകടത്തിൽപ്പെട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റൺവേ അടച്ചിടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.25നുണ്ടായ അപകടത്തെ തുടർന്ന് അടച്ച റൺവേ, രണ്ടു മണിക്കൂറിനു ശേഷമാണ് തുറന്നത്. തടസ്സങ്ങൾ നീങ്ങിയതോടെ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ റൺവേയിൽനിന്ന് മാറ്റുന്നതിനും സുരക്ഷാ പരിശോധനകൾക്കുമായാണ് റൺവേ അടച്ചിട്ടത്. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ക്രെയിൻ ഉപയോഗിച്ച് നീക്കി റൺവേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. തൊട്ടുപിന്നാലെ റൺവേ പൂർണമായും പ്രവർത്തന സജ്ജമായി. കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.
ഇൻഡിഗോ എയർലൈൻസിന്റെ ബെംഗളൂരുവിൽനിന്നും അഹമ്മദാബാദിൽനിന്നുമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഒമാൻ എയർലൈൻസിന്റെ ഒരു വിമാനവും മാലിയിൽനിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റൺവേ തുറന്നതോടെ ആദ്യമായി പറന്നുയർന്നത് വിസ്താരയുടെ വിമാനമാണ്.
വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷനോടു ചേർന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു.
പ്രധാന റൺവേയിൽ നിന്ന് 5 മീറ്റർ അകലെയാണ് വീണത്. 3 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു പരുക്കേറ്റു. ഹെലികോപ്റ്റർ പൈലറ്റ് സുനിൽ ലോട്ലയ്ക്കാണു പരുക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.
സാങ്കേതിക തകറാറിനെത്തുടർന്ന് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നത്. മാർച്ച് എട്ടിന് ഇതേ കോപ്റ്റർ മുംബൈ തീരത്തുവച്ച് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയശേഷമാണ് ഇന്ന് പരിശീലന പറക്കൽ നടത്താനൊരുങ്ങിയത്. അതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.
അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. കോപ്റ്ററിന് കേടുപാട് സംഭവിച്ചുവെങ്കിലും തീപ്പിടിത്തം അടക്കമുള്ളവ ഉണ്ടായില്ല.
ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ