- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം; കാസർകോട് കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു; തലക്ലായിലെ അഞ്ജുശ്രീക്ക് ഭക്ഷ്യ വിഷബാധയേറ്റത് റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈൻ വഴി വാങ്ങിയ കുഴിമന്തി കഴിച്ച്; ഗുരുതരാവസ്ഥയിൽ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണം; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ഊർജ്ജിതമാക്കവേ വീണ്ടും ഭക്ഷ്യവിഷബാധ
കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഉദുമയിലെ റൊമൻസിയ ഹോട്ടലിൽ നിന്നാണ് പെൺകുട്ടി കുഴിമന്തി ഓൺലൈൻ വഴി ഓർഡർ ചെയ്തു വരുത്തിയത്. മന്തി കഴിച്ചതിന് ശേഷം ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയാിരുന്നു. പിന്നീട് ആരോഗ്യ നില ഗുരുതരമായി ചികിത്സയിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട അഞ്ജുശ്രീ പാർവ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാർവതിയുടെ നിലമോശമായിരുന്നു. തുടർന്ന് കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ ആഴ്‌ച്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് കോട്ടയത്ത് പാലത്തറ സ്വദേശി രശ്മി രാജ് എന്ന നഴ്‌സും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോേളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റു.
രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ മരണപ്പെടുകയുമായിരുന്നു.
തുടക്കത്തിൽ അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതിയതെങ്കിൽ പിന്നീട് വിവിധതരം ഭക്ഷണം കഴിച്ചവർക്കും വിഷബാധയേറ്റിരുന്നു. മുമ്പും ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.അന്നും ഹോട്ടൽ പൂട്ടിച്ചതാണ്. പലപ്പോഴും കുഴിമന്തി, ഷവർമ എന്നീ ഭക്ഷണങ്ങളിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് രശ്മിയുടെ മരണത്തെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. എന്നിട്ടും ഭക്ഷ്യവിഷബാധയേറ്റുള്ള മരണം ഞെട്ടിക്കുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചിരുന്നു. അന്ന് വില്ലനായത ഷവർമ്മയായിരുരുന്നു. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റിൽ നിന്നുമായിരുന്നു ഷവർമ്മ കഴിച്ചത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ