- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു; 70 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ; താഴിട്ടതിന് പിന്നാലെ മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്
കൊച്ചി : എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നു.എഴുപതോളം പേർ ഇതിനോടകം ചികിത്സ തേടിയതായാണ് റിപ്പോർട്ട്.28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവർ തൃശൂർ, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.ഇതിൽ ഒരു യുവതിയുടെ നില ഗുരുതരവുമാണ്.
പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു.ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവർക്കും അനുഭവപ്പെട്ടത്.
കുഴിമന്തിയുടെ റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്‌നവും ഉണ്ടായില്ല.ഇറച്ചിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാവാമെന്നാണ് സൂചന.സംഭവത്തിന് പിന്നാലെ ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.മജിലിസ് ഹോട്ടലുടമസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് പറവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്.
പിന്നാലെ പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്‌പ്പിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അതേസമയം സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് സതീശൻ വിമർശിച്ചു. പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവം അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നവർക്ക് മതിയായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയും ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതൊന്നും ഇല്ലെന്നാണ് നിലവിലെ വിവരം. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടൽ നഗരസഭ പൂട്ടിച്ചിട്ടുണ്ട്. മേഖലയിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ