കോട്ടയം: സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നഴ്‌സ് രശ്മി രാജ്(33) മരിച്ചത് ആന്തരികാവയങ്ങളിലെ അണുബാധ മൂലം. പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് ആ കണ്ടെത്തൽ. കരളിലും വൃക്കയിലും ശ്വാസകോശത്തിലും കടുത്ത അണുബാധയുണ്ടായി. എന്നാൽ, ഏതുതരം അണുബാധയാണെന്നു സ്ഥിരീകരിക്കാൻ രാസപരിശോധനാഫലം ലഭിക്കണം. ഭക്ഷ്യവിഷബാധമൂലമാണോ മരണം എന്നു രാസപരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് (മലബാർ കുഴിമന്തി) ഹോട്ടലിൽനിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നായിരുന്നു രോഗബാധ. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം. അതേസമയം, ഇറച്ചിയുടെ പഴക്കമോ ശരിയായ രീതിയിൽ വേവാത്തതോ ആകാം കോട്ടയത്തെ ഭക്ഷ്യവിഷബാധക്ക് കാരണമെന്ന നിഗമനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്. നേരത്തേ ഇറച്ചി വാങ്ങി സൂക്ഷിക്കാനും ഓർഡറുകൾ കൂടുമ്പോൾ പൂർണമായി വേവുന്നതിനുമുമ്പ് പാർസൽ നൽകാനും ഇടയുണ്ട്.

വാങ്ങിയ പാർസൽ വൈകി കഴിച്ചാലും അപകട കാരണമാകാമെന്ന് ഇവർ പറയുന്നു. അൽഫാമിന് ഒപ്പം ഉപയോഗിക്കുന്ന മയോണൈസ് പഴകിയാലും അപകടമുണ്ടാകും. ശുചിത്വക്കുറവ് അടക്കം പരിശോധിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. ഹോട്ടലിന്റെ അടുക്കള പ്രവർത്തിച്ചത് അനുമതിയില്ലാതെ എന്നും വ്യക്തമായി. ഹോട്ടലിന് മാത്രമാണ് നിലവിൽ ലൈസൻസുള്ളത്. ഇവിടെനിന്ന് ഒരുകിലോമീറ്റർ അകലെയാണ് പ്രധാന അടുക്കള. ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽ പ്രവർത്തിക്കുന്ന ഇതിന് നഗരസഭയുടെ ലൈസൻസ് ഉണ്ടായിരുന്നില്ല.

അടുക്കളയുടെ പ്രവർത്തനം മറ്റൊരിടത്താണെങ്കിൽ സ്ഥാപനത്തിന് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനുള്ള ലൈസൻസ് മാത്രമേ അനുവദിക്കാവൂവെന്നാണ് വ്യവസ്ഥ. എന്നാൽ, ഹോട്ടലിനുള്ള ലൈസൻസാണ് നഗരസഭ നൽകിയത്. ഇതിലടക്കം വൻ അഴിമതി നടന്നതായാണ് ആക്ഷേപം. നഗരസഭ ഉദ്യോഗസ്ഥർ ഇവരെ വഴിവിട്ട് സഹായിച്ചതായുള്ള ആരോപണവും ശക്തമാണ്. നഴ്‌സ് മരിച്ചതിന് പുറമെ ഇവിടെനിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേർ നിലവിൽ ചികിത്സയിലുമാണ്.

ഹോട്ടലിൽ മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. നവംബറിലുണ്ടായ ഭക്ഷ്യവിഷബാധയിൽ 15 പേർ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ അധികൃതർ അടുക്കളയിൽ പരിശോധന നടത്തി പൂട്ടിച്ചു മടങ്ങി. അന്ന് ഹോട്ടലിൽ പരിശോധന നടത്തിയില്ലെന്നും സാമ്പിൾ ശേഖരിക്കാൻ പോലും തയാറായില്ലെന്നും ആരോപണമുണ്ട്. പൂട്ടി അഞ്ചാം ദിവസം വീണ്ടും അടുക്കളയും ഹോട്ടലും തുറന്നു.

എന്തായാലും രശ്മിയുടെ മരണത്തോടെ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയുമായി രംഗത്തിറങ്ങി. സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്‌പ്പിച്ചു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.