തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉണർന്നെണീക്കണമെങ്കിൽ എന്തെങ്കിലും അത്യാഹിതം സംഭവിക്കണം എന്ന അവസ്ഥാണുള്ളത്. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തോടെ വീണ്ടും നമ്മുടെ ആരോഗ്യ വിഭാഗങ്ങൾ ഉണർന്നെണീറ്റിട്ടുണ്ട്. ഇവർ വ്യാപകമായ പരിശോധനയുമായി രംഗത്തെത്തിയതോടെ ഇന്നലെ 42 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതും പഴകിയതും പുളിച്ചതുമായി ഭക്ഷണങ്ങൾ സൂക്ഷിക്കുകയും ചെയ്തതിന്റെയും പേരിലാണ് ഈ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടത്.

429 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരു വിവരങ്ങൾ മന്ത്രി നൽകിയ കുറിപ്പിലും വ്യക്തമാക്കിയില്ല. ആളുകൾക്ക് മുൻകരുതൽ സ്വീകരിക്കാനുള്ള അവസരമാണ് ഇതോടെ ആരോഗ്യമന്ത്രി തന്നെ ഇല്ലാതാകുന്നത്.

അതേസമയം 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കാസർകോട് ചെറുവത്തൂരിൽ ദേവാനന്ദയെന്ന പ്ലസ് വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും നിരവധി ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തുകയുമുണ്ടായി. കർശന നടപടിയുണ്ടാകുമെന്ന് അന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ഇടക്കാലം കൊണ്ട് പരിശോധനകൾ നിലച്ചതു തന്നെയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക കാരണമായതും.

കർശന പരിശോധനകളും നടപടികളും ദിവസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭക്ഷ്യ വിഷബാധ തടയുന്ന കാര്യത്തിൽ തുടർനടപടികളുണ്ടായില്ല. ഷവർമ ഉണ്ടാക്കുന്നതിനും വിപണനം നടത്തുന്നതിനും മാനദണ്ഡങ്ങളൊക്കെ സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ പഴയപോലെ തന്നെയാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും വിൽപ്പന നടത്തുന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ അധികൃതർ ഒരുക്കമല്ല.

കോട്ടയത്ത് നഴ്സ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നാണ് മന്ത്രി വീണാ ജോർജ് പറയുന്നത്. തുടർ നടപടികളോ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ സംവിധാനമോ ഇല്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് സുനാമി ഇറച്ചിയും കുറഞ്ഞ വിലക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചിയും സുലഭമായി എത്തുന്നുവെന്ന് വാർത്തകൾ കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നെണീക്കുകയും അല്ലാത്തപ്പോൾ ഉറക്കംനടിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങളേക്കുറിച്ച് വലിയ വിമർശനമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. ഭക്ഷണത്തിൽ മായം കലർത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇത് സംബന്ധിച്ച് കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ ആ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കർശനമായ നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്നാണ് മന്ത്രിയുടെ പക്ഷം.

ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തിൽ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടൽ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളിൽമേൽ കൃത്യമായി പെട്ടെന്നുള്ള നടപടികൾ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.

പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കി വരുന്നു. പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയിൽമേലും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരത്തെ ബുഹാരി ഹോട്ടൽ വൃത്തിഹീനമായ അവസ്ഥയുടെ പേരിൽ അടച്ചുപൂട്ടുന്നത് ഇതാദ്യമായല്ല. 2019ലും ഈ ഹോട്ടൽ വൃത്തിയില്ലായ്മയുടെ പേരിൽ അടച്ചുപൂട്ടിയിരുന്നു. അതേമയം ഹോട്ടലിനെതിരെ നടപടി സ്വീകരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ബുഹാരി ഹോട്ടൽ ഉടമ രംഗത്തുവന്നിരിക്കയാണ്. ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തതാണെന്ന് ഹോട്ടൽ ഉടമ കുറ്റപ്പെടുത്തി.ഇപ്പോൾ രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്.പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ പറഞ്ഞു.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പാറ്റ, പ്രാണികൾ തുടങ്ങിയവയെ അടുക്കളയിൽ കണ്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഉടമ രംഗത്ത് വന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിനായി രാവിലെ ഉദ്യോഗസ്ഥർ ഹോട്ടലിലേക്കെത്തിയെങ്കിലും ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥ സംഘത്തെ തടയുകയായിരുന്നു.പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് നിർദ്ദേശം

കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിലേക്കാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തുടർന്ന് സിസിടിവി അടക്കം അടിച്ചുതകർക്കുകയായിരുന്നു.

മലപ്പുറം കുഴിമന്തിയിൽ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33)മരിച്ചത്. മെഡിക്കൽ കോളജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് ഓൺലൈനായി ഓർഡർ നൽകിയാണ് ഭക്ഷണം വരുത്തിച്ചത്. അൽഫാം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.രേഖകൾ പ്രകാരം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോർട്ടുകൾ. യഥാർഥത്തിൽ ഇതിൽ കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. ഹോട്ടലിനെതിരെ പ്രതിഷേധിക്കുക എന്ന പോസ്റ്റർ ഒട്ടിച്ച ശേഷമായിരുന്നു പ്രതിഷേധ പ്രകടനം.