കണ്ണൂർ: നാജി നൗഷി എന്ന അഞ്ച് മക്കളുടെ അമ്മയ്ക്കിത് സ്വപ്ന യാത്രയുടെ തുടക്കമാണ്.ഫുട്‌ബോളിനേയും യാത്രയേയും ഒരുപോലെ സ്‌നേഹിക്കുന്ന നൗഷി എന്ന യുവതി ഖത്തറിലേക്കുള്ള തന്റെ യാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. തന്റെ ഇഷ്ട ടീം അർജന്റീനയാണ്. ഇഷ്ട താരം മെസിയും.ആ അർജന്റീന ഖത്തറിൽ കപ്പുയർത്തുന്നത് കാണാൻ ഞാനെത്തുക എന്റെ കാറിൽ കേരളത്തിൽ നിന്നും ഡ്രൈവ് ചെയ്തായിരിക്കും. ഇത് പറുമ്പോൾ നൗഷിയുടെ മുഖത്ത് തെളിയുന്നത് യാത്രകളെ അളവറ്റ് സ്‌നേഹിക്കുന്ന ഒരു യുവതിയുടെ നിശ്ചയദാർഢ്യമാണ്.

'ഓള്' എന്ന് പേരിട്ടിരിക്കുന്ന തന്റെ മഹീന്ദ്ര ഥാറിലാണ് നൗഷി ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഓവർലാൻഡിങ് സോളോ ട്രിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്നും കോയമ്പത്തൂർ വഴി മുംബൈയിലെത്തുന്ന നൗഷി അവിടെ നിന്നും കപ്പൽ മാർഗ്ഗം ഒമാനിലെത്തും. അവിടെ നിന്നും അവർ റോഡ് മാർഗ്ഗം ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെയാവും ഖത്തറിലേക്ക് എത്തുക. പാചക സാമഗ്രികളടക്കം വണ്ടിയിൽ കരുതിയാവും യാത്ര. ടോൾ പ്ലാസകളിലും പെട്രോൾ പമ്പുകളിലുമാകും രാത്രികാല വിശ്രമം.

കേരളത്തിൽ നിന്നും ഓവർലാൻഡിങ് സോളോ ട്രിപ്പ് നടത്തുന്ന ആദ്യ വനിതായാണ് നാജി നൗഷി. ഡിസംബർ ആദ്യ വാരത്തിൽ ഖത്തറിലേക്ക് എത്താനാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് നൗഷി പറഞ്ഞു. വേൾഡ് കപ്പ് ഫൈനൽ വേദിയിൽ എന്തായാലും താൻ ഉണ്ടാവും. തന്റെ യാത്ര കേരളത്തിലെ മറ്റ് സ്ത്രീകൾക്കും ഒരു പ്രചോദനമാകുമെന്നാണ് വിശ്വസിക്കുന്നത്. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിച്ച നാജിക്ക് ഇതിനോടകം തന്നെ ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമായുണ്ട്.

പ്രവാസി കൂടിയായ ഭർത്താവ് നൗഷാദും കുടുംബവുമാണ് യാത്രക്ക് എല്ലാ പിന്തുണയും നൽകുന്നത്. മാഹിയിൽ വെച്ച് നടന്ന യാത്രയുടെ ഫ്‌ളാഗ് ഓഫ് ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിർവ്വഹിച്ചത്. യാത്രയുടെ സ്‌പോൺസർമാരിലൊന്നായ പെരിന്തൽമണ്ണയിലെ 'ടീ ടൈം' റസ്റ്റോറന്റ് നജിക്ക് യാത്രയയപ്പ് ഒരുക്കിയിരുന്നു. ചലച്ചിത്ര നടി സ്രിന്ദ തുടർയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടർന്നു. 34കാരിയായ നാജി ഏഴുവർഷത്തോളം ഒമാനിൽ ഹോട്ടൽമേഖലയിൽ പ്രവർത്തിക്കുകയാണ്. ഭർത്താവും അഞ്ച് കുട്ടികളുമുണ്ട്.

ഡിസംബർ 10ന് ഖത്തറിലെത്തുന്ന വിധത്തിലാണു യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. വ്ലോഗറും ട്രാവലറുമായ നാജി നൗഷിയുടെ ആദ്യ യാത്രയല്ല ഇത്, പക്ഷേ ഇത്രയും ദൂരം ഇതാദ്യമാണ്. നേരത്തേ, സമുദ്രനിരപ്പിനെക്കാൾ താഴെയുള്ള കുട്ടനാട്ടിൽ നിന്ന് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപ് വരെ സഞ്ചരിച്ചു. വിവാഹവും 5 മക്കളുടെ പ്രസവവും വളർത്തലും ഒക്കെയായി വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന നാജി അടുത്തകാലത്താണ് തനിച്ചുള്ള യാത്രകൾ ആരംഭിച്ചത്. ഏറെ നാളായി ഒമാനിലാണ് കുടുംബം താമസം.

നാജിയുടെ സാഹസിക യാത്രകൾക്ക് കട്ട സപ്പോർട്ട് നൽകുന്ന ഭർത്താവ് നൗഷാദും ഏറെ നാൾ നീണ്ടുനിൽക്കുന്ന നാജിയുടെ യാത്രാവേളയിൽ മക്കളെ പരിപാലിച്ച് ഉമ്മയ്ക്കൊപ്പം നിൽക്കുന്നു. 'ഓള് കണ്ട ഇന്ത്യ, ഓളെ കണ്ട ഇന്ത്യ' എന്ന പേരിൽ നാജി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.