- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരുവിട്ട് ആവേശം!; കാരന്തൂരിൽ കോളേജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വാഹനാഭ്യാസ പ്രകടനം; വിവിധ രാജ്യങ്ങളുടെ പതാകയുമായി അഭ്യാസപ്രകടനം നടത്തിയത് എപി വിഭാഗത്തിന്റെ മർക്കസ് ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ
കോഴിക്കോട്: കോഴിക്കോട് കാരന്തൂരിൽ ഫുട്‌ബോൾ ആരാധകരായ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മൈതാനത്ത് കോളേജ് വിദ്യാർത്ഥികളാണ് വിവിധ രാജ്യങ്ങളുടെ പതാകയുമായി വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ കൂട്ടമായെത്തി മൈതാനത്ത് അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച് അഭ്യാസപ്രകടനം നടത്തിയത്.
ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടിൽ ഒരു മണിക്കൂറോളമാണ് ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. നാലുകാറുകളിലായി എത്തിയ ഇവർ മൈതാനത്ത് വാഹനങ്ങൾ അപകടകരമായ രീതിയിൽ വട്ടം കറക്കി. തുടർന്ന് വിവിധ രാജ്യങ്ങളുടെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
ആരാധകരുടെ പരിധി കവിഞ്ഞ അഭ്യാസമാണ് നടന്നത്. എപി വിഭാഗത്തിന്റെ മർക്കസ് ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് കോളേജ് മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയത്. ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് അതിരുകവിഞ്ഞ ആരാധന പാടില്ലെന്ന് എപി വിഭാഗം നേരത്തെ പറഞ്ഞിരുന്നു. കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പൊലീസിനും എംവിഡിക്കും നൽകിയത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയതോടെ വാഹനം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. കാറുടമകളെപ്പറ്റി മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകൾ തിരിച്ചറിഞ്ഞു.
രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വാഹന ഉടമകളോട് കൊടുവള്ളി ആർ.ടി.ഒ. മുമ്പാകെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശവും നൽകി. വാഹന അഭ്യാസത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു.
ഇതിന്റെ ഉടമസ്ഥരോടു വാഹനത്തിന്റ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രണ്ട് കാറുകൾ ആരുടേതെന്നാണു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ