- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പി നാരായണന്റെ പത്മഭൂഷൺ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു നേടിയത്; ജീവിതകഥ എന്ന പേരിൽ വന്ന സിനിമ റോക്കട്രിയിലെ പല കാര്യങ്ങളും കള്ളം; ക്രയോജനിക്കുമായി നമ്പിക്ക് ബന്ധമില്ല; കലാമിനെ പോലും തിരുത്തിയെന്നത് വെറും വിടുവായത്തം; നമ്പി നാരായണനെതിരേ ആഞ്ഞടിച്ച് പഴയ സഹപ്രവർത്തകർ
തിരുവനന്തപുരം: നമ്പി നാരായണൻ ജീവിതകഥ പ്രതിപാദിച്ച റോക്കട്രി ദ നമ്പി എഫക്ട് എന്ന സിനിമയിലും നമ്പി നാരായണൻ നടത്തുന്ന ചാനൽ ഇന്റർവ്യൂകളിലും പറയുന്നത് സത്യമല്ല എന്നാരോപിച്ച് ഐ.എസ്.ആർ.ഒ യിലെ മുൻശാസ്ത്രജ്ഞന്മാർ.
നമ്പി നാരായണനു ലഭിച്ച പത്മഭൂഷൺ ഐ.എസ് ആർ.ഒയിലെ പ്രവർത്തനങ്ങൾക്ക് അല്ല. സ്‌പേസ് വകുപ്പ് ശുപാർശ ചെയ്തിട്ടില്ല. പുരസ്‌കാരം കിട്ടി കഴിഞ്ഞ് എങ്ങനെ ഒപ്പിച്ചു എന്ന ചോദ്യത്തിന് കേസിന്റെ കാര്യം പറഞ്ഞു പഴയബന്ധങ്ങൾ ഉപയോഗപ്പെടുത്തി എന്ന് നമ്പിനാരായണൻ പറഞ്ഞതായും മു്ൻ ഐ.എസ്.ആർ ഒ ശാസ്ത്രജ്ഞന്മാർ ആരോപിച്ചു.
തിരുവനന്തപുരം പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് നമ്പി നാരായണന്റെ പഴയ സഹപ്രവർത്തകരായ ഡോ: എ.ഇ മുത്തുനായകം,ഡി ശശികുമാരൻ, പ്രൊഫ. ഇ.വി എസ് നമ്പൂതിരി, ശ്രീധരൻദാസ്, ഡോ:ആദിമൂർത്തി, ഡോ: മജീദ്, ജോർജ്ജ് കോശി, കൈലാസനാഥൻ, ജയകുമാർ എന്നിവർ അദ്ദേഹത്തിനെതിരായി ആഞ്ഞടിച്ചത്.
വ്യാജഅവകാശവാദങ്ങൾ ഉന്നയിച്ച് ഐ.എസ്.ആർ ഒ യേയും ശാസ്ത്രജ്ഞന്മാരേയും അപമാനിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഈ വിവരം പൊതുസമൂഹത്തെ അറിയിക്കാൻ തയ്യാറയത് എന്ന് ഇവർ പറഞ്ഞു.
ഐ.എസ് ആർ ഒ യിലെ എല്ലാ പ്രവർത്തനങ്ങളുടെയും പിതാവ് താൻ ആണെന്നാണ് നമ്പി നാരായണന്റെ വാദം. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിനെ പൊലും താൻ തിരുത്തി എന്നും സിനിമയിൽ പറയുന്നുണ്ട്. ഇത് രണ്ടും പൊള്ളയായ വാദമാണ്.
ഇന്ത്യൻ പ്രൊപ്പൽഷെൽ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ: എ.ഇ മുത്തുനായകം എൽ.പി.എസ്.സി (ലിക്വിഡ് പ്രൊപ്പഷൽ സിസ്റ്റം) സ്ഥാപക ഡയറക്ടറായി ഇരിക്കെ മുത്തുനായകത്തിന്റെ കീഴിലാണ് നമ്പി ജോലി ചെയ്തത്.
1968 ൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച നമ്പി നാരായണൻ വളരെ കുറച്ചു നാൾ മാത്രമേ അബ്ദുൾകലാമിന്റെ കീഴിൽ ജോലി ചെയ്തിട്ടുള്ളു. അത് കഴിഞ്ഞ് ചാരകേസിൽ അറസ്റ്റിലാകുന്നത് വരെയുള്ള 26 വർഷം നമ്പി മുത്തുനായകത്തിന്റെ കീഴിലാണ് ജോലി ചെയ്തത്.
നമ്പി നാരായണനെ അമേരിക്കയിലെ പ്രീസറ്റൺ സർവ്വകലാശാലയിലെക്ക് അയച്ചത് മുത്തുനായകമാണ്. ഇത് വിക്രംസാരാഭായ് ആണ് എന്നാണ് അവകാശവാദം. തന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് ക്രയോജനിക്ക് ഉണ്ടാക്കാൻ വൈകി എന്നും രാജ്യത്തിന് സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന് പറയുന്നതും തെറ്റാണ്.
1980 കളുടെ പകുതിയിലാണ് ക്രയോജനിക്ക് എൻജിൻ ഐ.എസ്.ആർ.ഒ സ്വന്തമായി ഉണ്ടാക്കുവാൻ ആരംഭിച്ചത്. ഇ.വി നമ്പൂതിരിക്കായിരുന്നു അതിന്റെ ചുമതല. ഈ കാലത്തു തന്നെ ക്രയോജനിക്ക് വികസിപ്പിക്കുന്ന പ്രവർത്തനവും തുടങ്ങി. ജ്ഞാനഗാന്ധിയായിരുന്നു അതിന്റെ നേതൃത്വം ഈ രണ്ട് ഗ്രൂപ്പിലും നമ്പി നാരായണൻ ഉണ്ടായിരുന്നില്ല.
1990 ലാണ് മുത്തുനായകമാണ് നമ്പിനാരായണനെ പ്രേജക്ട് ഡയറക്ടർ ആക്കിയത്.1993 ലാണ് ക്രയോജനിക്ക് വിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടു റഷ്യയുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനായി റഷ്യൻ സംഘവുമായി ചേർന്ന് പ്രവർത്തിക്കാൻ ജ്ഞാനഗാന്ധിയേയാണ് ചുമതലപ്പെടുത്തിയത്.എന്നാൽ റഷ്യ കരാറിൽ നിന്നും പിന്മാറി എങ്കിലും ചർച്ച നടത്തി 93 ഡിസംബറിൽ കരാർ പുതുക്കി.
1994 നവംബറിൽ സ്വയംവിരമിക്കാൻ നമ്പി നാരായണൻ മുത്തുനായകത്തിന് അപേക്ഷ നൽകി. ഈ മാസം തന്നെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്രയോജനിക്ക് പ്രോജക്ടിൽ നിന്നും നമ്പി നാരായണനെ പുറത്താക്കി. കേസ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രത്യേകചുമലതകൾ നമ്പിക്ക് നൽകിരുന്നില്ല. എൽ.പി.എസ്.സി വിട്ടതിന് ശേഷം നമ്പിക്ക് ക്രയോജനിക്കുമായി ഒരു ബന്ധവുമുണ്ടായിട്ടില്ല പിന്നെ എന്തിനാണ് നമ്പി നാരായണൻ ക്രയോജനിക്ക് പ്രോഗ്രാമിന്റെ അവകാശവാദം ഉന്നയിക്കുന്നത് എന്ന് മനസിലായിട്ടില്ല.
വികാസ് എഞ്ചിനുമായും ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് തെറ്റായ വിവരമാണ്. ഫ്രാൻസിന്റെ വൈക്കിങ് എഞ്ചിനാണ് വികാസായി പരിണമിച്ചത്.ഫ്രാൻസിലേക്ക് പോയ ടീമിന്റെ മാനേജറായിരുന്നു നമ്പി. ലോജിസ്റ്റിക്ക് ആൻഡ് മാനേജ്‌മെന്റ് വർക്ക് മാത്രമാണ് അദ്ദേഹം അവിടെ ചെയ്തത്. ടെക്‌നിക്കൽ വർക്കുകൾ മറ്റുചിലരാണ് ചെയ്തത്.
ഇരുപതിനായിരത്തിൽ പരം ആളുകളാണ് ഐ.എസ്.ആർ ഒ യിൽ പ്രവർത്തിക്കുന്നത്. എല്ലാ വിജയങ്ങളും ഒന്നോ രണ്ടോ വ്യക്തികളുടെ സൂപ്പർ പവർ കൊണ്ട് ഉണ്ടായതല്ല. നമ്പി നാരായണന്റെ ജീവിതകഥ എന്ന പേരിൽ ഇറങ്ങിയ റോക്കട്രീ എന്ന സിനിമയിലും വ്യാജമായ കാര്യങ്ങളാണ് പറയുന്നത്.
സിനിമയിലെ തൊണ്ണൂറുശതമാനം കാര്യങ്ങളും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്. നേരിൽ കണ്ട് ഇതെല്ലാം വിശദീകരിക്കാം എന്ന് പറഞ്ഞു എങ്കിലും നമ്പി നാരായൺ അതിന് തയ്യാറായില്ല എന്നും നമ്പി നാരായണന്റെ പഴയ സഹപ്രവർത്തകർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ