- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങൾ തന്നെ കൈകാര്യം ചെയ്താൽ മതി.. ഇവിടെ എല്ലായിടത്തും പ്രശ്‌നമാണ്, ഞങ്ങൾക്ക് വരാൻ പറ്റില്ല'; 'താങ്കളുടെ ബാറിലും പരിസരത്തും മദ്യപിച്ച് ആളുകൾ അടിപിടികൂടിയാൽ പരിപൂർണ ഉത്തരവാദിത്വം താങ്കൾക്ക് ആയിരിക്കും; പുതുവത്സരാഘോഷത്തിൽ ക്രമസമാധാന ചുമതല കൈയൊഴിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസിന്റെ സർക്കുലർ
കൊച്ചി: ക്രമസമാധാനം പൊലീസിന്റെ ചുമതലയാണെന്നാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ ഫോർട്ട് കൊച്ചി പൊലീസ് പറയുന്നത് ഇതൊക്കെ പൗരന്മാരുടെ സ്വന്തം ഉത്തരവാദിത്വമാണെന്നാണ്. ക്രിസ്മസും ന്യൂഇയറും ഒക്കെ ആകുമ്പോൾ, എല്ലായിടത്തും ഉത്സവാന്തരീക്ഷമായിരിക്കും. ആഘോഷത്തിനായി ആളുകൾ പുറത്തിറങ്ങും. അൽപം ലഹരിയുടെ മേമ്പൊടിയുണ്ടാകും. ഇതൊക്കെ പഴയകാര്യം. ന്യൂജെൻ കാലത്ത് മദ്യത്തേക്കാളേറെ, സിന്തറ്റിക് മയക്കുമരുന്നുകളുടെ തള്ളിക്കയറ്റമാണ്. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിലെല്ലാം ഡിജെ പാർട്ടികൾ. ഇവിടെയൊക്കെ എത്തുന്നവർ ക്ലീൻ ക്ലീനാണെന്ന് പറയുക വയ്യ. അതുകൊണ്ട് തന്നെ അടിപിടിയും മററുമായി പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കേണ്ട ചുമതല ഹോട്ടലുകാർക്ക് മാത്രമല്ല പൊലീസിനുമുണ്ട്. ഇക്കാര്യം മനസ്സിൽ വച്ച് ക്രിസ്മസ് തലേന്ന് ഫോർട്ട് കൊച്ചിയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടൽ ഉടമ, ഹോട്ടലിൽ പ്രശ്‌നം ഉണ്ടായപ്പോൾ ഫോർട്ട് കൊച്ചി പൊലീസിനെ വിളിച്ച് പറഞ്ഞു. അപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'നിങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങൾ തന്നെ കൈകാര്യം ചെയ്താൽ മതി.. ഇവിടെ എല്ലായിടത്തും പ്രശ്‌നമാണ്. ഞങ്ങൾക്ക് വരാൻ പറ്റില്ല'.
ഇതിന് പിന്നാലെ പുതുവത്സരാഘോഷങ്ങൾക്ക് സുരക്ഷാ മുൻകരുതലെന്ന് നിലയിൽ, വീണ്ടും ഇതേ പൊലീസ് സ്റ്റേഷനിൽ വിളിച്ചു. തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് നയം വ്യക്തമാക്കി സർക്കുലർ ഇറക്കി. 'പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചി സ്‌റ്റേഷൻ പരിധിയിൽ ബാറുകളിൽ വൈകിട്ടും രാത്രിയിലും ആളുകൾ മദ്യപിച്ച് അടിപിടികൂടുന്നതായും ക്രമസമാധാനപ്രശ്‌നം ഉണ്ടാകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത സമാധാനപ്രിയരായ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കന്നു. താങ്കളുടെ ബാറിലും പരിസരത്തും മദ്യപിച്ച് ആളുകൾ അടിപിടികൂടുകയോ മറ്റോ ചെയ്യുക ആണെങ്കിൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം താങ്കൾക്ക് ആയിരിക്കും എന്ന് മുൻകൂട്ടി അറിയിക്കുന്നു'-സർക്കുലറിൽ പറയുന്നത് ഇങ്ങനെ.
സർക്കുലർ കണ്ട് എന്തുചെയ്യണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് ബാറുടമകൾ. തുറന്നുവയ്ക്കണോ, പൂട്ടണോ ഇതാണ് ആശയക്കുഴപ്പം. ക്രമസമാധാന ചുമതലയിൽ നിന്ന് പൊലീസ് പൂർണമായി ഒഴിഞ്ഞല്ലോ!
അതേസമയം, കോവിഡ് കാലത്തിന് ശേഷമുള്ള പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പൊലീസ് നിർദ്ദേശം. .കൊച്ചിയിൽ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്നാണ് പൊലീസിന്റെ മാർഗ്ഗനിർദ്ദേശം.പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങൾക്കും ഡിജെ പരിപാടികൾക്കടക്കം കർശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ലഹരി പാർട്ടികൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
നിരന്തരം ലഹരി പാർട്ടികളുടെ വാർത്തകൾ പുറത്തുവരുന്ന കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.ഹോട്ടലുകളിലും പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാർട്ടികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പൊലീസ് നിരീക്ഷണം ആരംഭിച്ചിരുന്നു.ലഹരി പാർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിൽ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.ജില്ല മുഴുവൻ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ജില്ലയുടെ അതിർത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും റൂറൽ പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ