തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ വിജിലൻസ് കണ്ടെത്തുമ്പോൾ ചർച്ചയാകുന്നത് സമഗ്ര അന്വേഷണത്തിന്റെ ആവശ്യം. വലിയ മാഫിയ തന്നെ തട്ടിപ്പിന് പിന്നിലുണ്ട്. ഉദ്യോഗസ്ഥ അഴിമതിയും വ്യക്തം. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും തെളിഞ്ഞു. കോടികളുടെ ആസ്തിയുള്ളവർക്ക് പോലും ദുരിതാശ്വാസം കിട്ടും. പാവങ്ങൾ സഹായത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് ഇത്.

എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചു. ഹൃദയ രോഗത്തിന് ആയുർവേദ ഡോക്ടറുടെ കുറിപ്പിടിയിലും പണം നൽകി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി. കൊല്ലം ജില്ലയിൽ 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്ന് കണ്ടെത്തി. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്. അങ്ങനെ സർവ്വത്ര കള്ളക്കളി.

കോട്ടയം മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10000 രൂപയും 2020 ൽ ഇതേ വ്യക്തിക്ക് കാൻസറിന് കോട്ടയം കലക്ടറേറ്റ് മുഖേന 10000 രൂപ അനുവദിച്ചതായും കണ്ടെത്തി. ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനായ ഡോക്ടറാണെന്നും കണ്ടെത്തി. അതായത് ഹൃദയരോഗത്തിനും ക്യാൻസറിനും വരെ എല്ലു ഡോക്ടറുടെ സർട്ടിഫിക്കറ്റ്. ഒന്നും പരിശോധിക്കാതെയാണ് പണം നൽകുന്നതെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ കൂടുതൽ പരിശോധനകൾ വിജിലൻസ് തുടരും. പിടിച്ചെടുത്ത രേഖകൾ വിജിലൻസ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധനകൾ നടന്നത്. വിജിലൻസിന് കിട്ടിയ രഹസ്യ വിവരങ്ങളാണ് നിർണ്ണായകമായത്. നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്‌പെഷലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും കണ്ടെത്തി. ഇടുക്കി കലക്ടറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അപേക്ഷരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടി തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും വിജിലൻസ് കണ്ടെത്തി.

കാസർകോട് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കയ്യക്ഷരത്തിലുള്ളതാണെന്ന് കണ്ടെത്തി. എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലൻസ് സംഘത്തിന്റെ പരിശോധിയിൽ തെളിഞ്ഞത്. കരൾ രോഗത്തിന്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സർട്ടിഫിക്കറ്റായിരുന്നു. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റുകളാണ്.

കരുനാഗപ്പള്ളിയിൽ ഒരേ വീട്ടിലെ എല്ലാ കുടുംബാംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകി. രണ്ട് ഘട്ടങ്ങളിലായി ഇത്തരത്തിൽ നാല് സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് കണ്ടെത്തൽ. കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാൻ കർശന പരിശോധനയുണ്ടാകുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.