- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി വി ഓൺ ചെയ്യാനും ഡോർ തുറന്നു കൊടുക്കാനും ഗൺമാൻ; അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്.. ഇവർ ജന്മികളോ മറ്റോ ആണോ? സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? പുതിയ ഐപിഎസുകാർക്കതിരെ വിമർശനവുമായി ഗണേശ് കുമാർ
കൊല്ലം: യുവ ഐപിഎസുകാർക്കെതിരെ വിമർശനവുമായി പത്താനാപുരം എംഎൽഎ കെ ബി ഗണേശ് കുമാർ. പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് യുവ ഐപിഎസുകാരുടെ ശീലങ്ങളെ ഗണേശ് വിമർശിച്ചത്. ടിവി ഓൺ ചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നുകൊടുക്കാനും ഇവർക്ക് ഗൺമാൻ വേണമെന്നും വിമർശിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എസ് പി വന്നാൽ ഗൺമാൻ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോ?. സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? ഓർഡർലി സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞു. ചിലർ എനിക്കും സ്നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് ഞാൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ട്', ഗണേശ് കുമാർ പറഞ്ഞു.
പൊലീസിനെ കാണേണ്ടത് അങ്ങനെയല്ലെന്ന് ഗണേശ് വ്യക്തമാക്കി. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോൾ സിവിൽ പൊലീസ് ഓഫീസർമാരായി ജോലി നേക്കുന്നത്. ഇവരെക്കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകി വിരിപ്പിച്ചാൽ താൻ അതിൽ പ്രതിഷേധിക്കും അടിമത്വത്തിന്റെ കാലം കഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ 184 പൊലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. തനിക്ക് അത് തമാശയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാർക്കൊപ്പം നാലും അഞ്ചും പേർ വെറുതേയുണ്ടെന്നും ഗണേശ് കുമാർ കുറ്റപ്പെടുത്തി. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാൽ ഒരു മണിക്കൂറിനുള്ളിൽ ഈ കുറവ് നികത്താനാകും. സത്യം പറയുമ്പോൾ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ. ബ്രെത്ത് അനലൈസർ എത്ര സ്റ്റേഷനുകളിൽ വർക്ക് ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കണം. യാഥാർത്ഥ്യം പറയാൻ ഗണേശ് കുമാറേ വരൂ. അത് പറയുമ്പോൾ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം അടുത്തിടെ കൊച്ചിയിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കല്യാണത്തിന് അതിഥികളെ നക്ഷത്ര ഹോട്ടലുകളിലേക്ക് എത്തിക്കാൻ ഷട്ടിൽ സർവീസ് നടത്തിയത് സർക്കാർ വാഹനങ്ങളായിരുന്നു. ഇതും ഏറെ വിവാദങ്ങൽക്ക് വഴിവെച്ചിരുന്നു. ഐ.ആർ. ബറ്റാലിയൻ കമാൻഡന്റ് പദം സിങ്ങിന്റെ കല്യാണത്തിനാണ് പൊലീസിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങൾ ദുരുപയോഗം ചെയ്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് സർക്കാർ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന കാഴ്‌ച്ച കഴിഞ്ഞ ആഴ്‌ച്ചയാണ് ഉണ്ടായത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങളുണ്ട്. എല്ലാം ഔദ്യോഗിക ബോർഡുകൾ മറച്ചാണ് ഓടിയതും. ജില്ലയിലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് നൽകിയിട്ടുള്ള രണ്ട് വാഹനങ്ങളും കല്യാണ ഓട്ടത്തിന് വിട്ടുനൽകിയിരുന്നു. സർക്കാർ വാഹനങ്ങളുടെ നഗ്‌നമായ ദുരുപയോഗമാണ് ഉന്നത പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നടന്നതും.
മറുനാടന് മലയാളി ബ്യൂറോ