കൊട്ടാരക്കര: കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണ പദ്ധതിയിൽ വിമർശനവുമായി കെ ബി ഗണേശ് കുമാർ എംഎൽഎ. ബൈപാസ് കൊട്ടാരക്കര നഗരത്തെ നശിപ്പിക്കുമെന്ന വാദം ഉയർത്തിയാണ് എംഎൽഎ രംഗത്തുവന്നത്. നഗരത്തെ നശിപ്പിക്കുമെന്നത് കൂടാതെ നമ്മുടെ ആയുസ്സ്‌കാലത്ത് യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴേകരിക്കത്തുനിന്ന് വയലിലൂടെ എസ്.ജി കോളജ് ഭാഗത്തെത്തി അവിടെനിന്ന് മൈലത്തെത്തുന്ന രീതിയിലാണ് ബൈപാസ്. താഴേകരിക്കം മുതൽ മൈലംവരെയുള്ള സർവ കച്ചവടങ്ങളും നശിപ്പിക്കും. വാഹനവിൽപന ഷോറൂമുകൾ, ഹോട്ടലുകൾ തുടങ്ങിയ പ്രമുഖ കച്ചവട സ്ഥാപനങ്ങളൊക്കെ ഇവിടെയാണ്.

ബൈപാസെത്തിയാൽ ബാറിൽ പോകേണ്ടവർ മാത്രമേ പട്ടണത്തിൽ വരൂ. തിരുവല്ല ബൈപാസ് പോലെ പ്രയോജനമില്ലാതെയാകും. ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റുന്നതുപോലെയാകും എസ്.ജി കോളജിലെ അവസ്ഥയെന്നും ഗണേശ്‌കുമാർ വിമർശിച്ചു. പുലമണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേൽപാലമെന്ന നിർദ്ദേശം ആദ്യം മുന്നോട്ടുവെച്ചത് ഗണേശ്‌കുമാർ ആയിരുന്നു. രാമേശ്വരത്തേതു പോലെ ലോഹപ്പാലം നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം.

കഴിഞ്ഞ സർക്കാറിന്റ കാലത്ത് ഇതിനായി കൊട്ടാരക്കര എംഎ‍ൽഎ ആയിരുന്ന പി. അയിഷാപോറ്റിയെയും ഉദ്യോഗസ്ഥരെയും കൂട്ടി രാമേശ്വരത്തുപോയി ലോഹമേൽപാലം സന്ദർശിക്കുകയും ചെയ്തു. പാലത്തിന്റെ രൂപരേഖ ഉൾപ്പെടെ തയാറാക്കിയെങ്കിലും പിന്നീട് ലോഹപ്പാലമെന്നത് കോൺക്രീറ്റ് പാലമായി മാറി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 60 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതിയും ലഭിച്ചു. മണ്ണു പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.

പാലം നിർമ്മാണത്തിനെതിരെ നഗരത്തിലെ വ്യാപാരികളിൽ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. രവി നഗറിൽനിന്ന് ആരംഭിച്ച് കുന്നക്കര വരെ 700 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചാൽ എം.സി റോഡിലൂടെയെത്തുന്ന ദീർഘ ദൂര വാഹനങ്ങൾക്ക് പുലമൺ ജങ്ഷനിൽ ഇറങ്ങാതെ കടന്നുപോകാം. പാലം നിർമ്മാണത്തിനുള്ള നീക്കങ്ങൾ സജീവമാകുമ്പോൾത്തന്നെയാണ് ബൈപാസ് നിർമ്മാണത്തിനായി മന്ത്രി കെ.എൻ. ബാലഗോപാൽ മുന്നിട്ടിറങ്ങിയത്. സാധ്യത പഠനത്തിനുശേഷം കിഫ്ബിയിൽ ഉൾപ്പെടുത്തി ബൈപാസ് നിർമ്മിക്കാൻ തീരുമാനമെടുക്കുകയും സ്ഥലമേറ്റെടുക്കലിനായി 110.36 കോടി രൂപ അനുവദിക്കുകയും ചെയ്തു.

മൂന്ന് കിലോമീറ്റർ നീളത്തിൽ ബൈപാസ് യാഥാർഥ്യമാക്കാൻ 325 കോടി രൂപയാണ് കണക്കാക്കുന്നത്. 1.2 കിലോമീറ്റർ നീളം മേൽപാലത്തിലുൾപ്പെടെ നാലുവരിപ്പാതയാണ് ലക്ഷ്യമിടുന്നത്. കൊട്ടാരക്കര വികസന സെമിനാറിലെ പ്രധാന നിർദ്ദേശമായി ബൈപാസ് നിർമ്മാണം ഉയർന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊട്ടാരക്കര ബൈപാസിന് മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം അനുമതി ലഭിച്ചത്. അന്തിമ രൂപരേഖ ഉൾപ്പെടെ തയാറാക്കുന്നതിനിടയിലാണ് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎയുടെ വിമർശനം.