ന്യൂഡൽഹി: ഗർഭസ്ഥശിശുക്കൾ ഭാരതീയ സംസ്‌കാരത്തെ അറിഞ്ഞിരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ച് ആർഎസ്എസിന്റെ അനുബന്ധ സംഘടനയായ സംവർധിനി ന്യാസ്. രാമൻ, ഹനുമാൻ, ശിവാജി, സ്വതന്ത്ര സമരസേനാനികൾ എന്നിവരുടെ ജീവിതത്തെപ്പറ്റിയും ത്യാഗങ്ങളെ പറ്റിയും ഗർഭിണികളെ പഠിപ്പിക്കണമെന്നും അങ്ങനെ ഗർഭസ്ഥശിശു ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുമെന്നുമാണ് ഞായറാഴ്ച ഡൽഹി ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു ശിൽപശാലയിൽ സംവർധിനി ന്യാസ് അവകാശപ്പെട്ടത്.

ഗർഭാവസ്ഥയിലുള്ള ശിശുക്കളെ സംസ്‌കാരവും മൂല്യങ്ങളും പഠിപ്പിക്കാൻ ഗർഭിണികൾക്കായി 'ഗർഭ സംസ്‌കാർ' എന്ന പേരിൽ പരിശീലന പരിപാടിയുമായാണ് ആർഎസ്എസിന്റെ അനുബന്ധ സംഘടനയായ സംവർധിനി ന്യാസ് രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ ദേശീയ സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്.

ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരെ ഉൾപ്പെടുത്തിയാണു പരിപാടി. ഗർഭാവസ്ഥയിൽ തന്നെ ശിശുക്കൾക്കു സാംസ്‌കാരിക മൂല്യങ്ങൾ പകർന്നുനൽകുന്നതിനായി ഗർഭകാലത്ത് ഗീത പാരായണം, രാമായണ പാരായണം, യോഗാഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന പരിപാടിയാണു ന്യാസ് ആസൂത്രണം ചെയ്യുന്നത്. കുഞ്ഞിനു രണ്ടു വയസ്സാകുന്നവരെ പരിശീലനമുണ്ടാകും. ഗീതാശ്ലോകങ്ങൾ, രാമായണത്തിലെ കാവ്യങ്ങൾ എന്നിവയുടെ പാരായണത്തിന് ഊന്നൽ നൽകും. ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ കഴിയുമെന്നു മാധുരി മറാത്തെ പറഞ്ഞു.

ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ വിഭാഗമായ സംവർധിനി ന്യാസ്, 'ഗർഭ സംസ്‌കാർ' പദ്ധതിയിൽ കുറഞ്ഞത് 1000 സ്ത്രീകളെയെങ്കിലും പങ്കെടുക്കിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി, ഞായറാഴ്ച ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ന്യാസ് ശിൽപശാല സംഘടിപ്പിച്ചു. ഡൽഹി എയിംസിൽനിന്ന് ഉൾപ്പെടെ നിരവധി ഗൈനക്കോളജിസ്റ്റുകൾ ഇതിൽ പങ്കെടുത്തതായി മാധുരി മറാത്തെ വ്യക്തമാക്കി.

ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ 'സംവർദിനീ ന്യാസ്' എന്ന ഉപവിഭാഗം ആരംഭിച്ച 'ഗർഭ സൻസ്‌കാർ' കാമ്പയിനിന്റെ ഭാഗമായി ജെഎൻയുവിൽ സംഘടിപ്പിച്ച ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്ന് സംഘടനയെ അനുകൂലിക്കുന്ന എൺപതോളം ഗൈനക്കോളജി ഡോക്ടർമാരും ആയുർവേദ ഡോക്ടർമാരും പങ്കെടുത്തു. 'ഗർഭ സൻസ്‌കാർ' പരിശീലിക്കുന്നതിലൂടെ കുട്ടിയുടെ ജനിതക ഘടനയിൽപ്പോലും മാറ്റം വരുത്താൻ പറ്റുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

2014-നു ശേഷം ഗർഭസ്ഥ ശിശുക്കളെ പഠിപ്പിക്കുന്നതിനായി പ്രായോഗിക പദ്ധതികളും വിവിധ ഹിന്ദുത്വവാദി സംഘടനകൾ 2018 ജൂലായിൽ ഉത്തർപ്രദേശിലെ മീററ്റിൽ ആർഎസ്എസ് നേതാവ് വിനോദ് ഭാരതിയും, ഡോ. നീരജ് സിംഗലും ചേർന്ന് 'വേദാന്ത് ഗർഭ് വിഗ്യാൻ ഏവം സൻസ്‌കാർ കേന്ദ്ര' എന്ന പേരിൽ ഗർഭിണികളെ പരിശീലിപ്പിക്കാൻ കേന്ദ്രം തുടങ്ങിയിരുന്നു. ഗർഭ സൻസ്‌കാർ ഒരു ശാസ്ത്ര ശാഖയായി വേദാന്ത കാലം മുതൽ നിലനിന്നുവരുന്നതാണെന്നായിരുന്നു അവരുടെ വാദം.

ഗർഭിണികളാകുന്നതിന് മൂന്ന് മാസം മുമ്പുതന്നെ ഗർഭ സൻസ്‌കാറിന്റെ പരിശീലന പരിപാടികൾ ആരംഭിക്കും. അമ്മമാരാകാൻ തയ്യാറെടുക്കുന്നവർ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയ ഭക്ഷണക്രമം പാലിക്കണമെന്നതാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ നാഡീ സിദ്ധി പരിശീലിക്കുന്നതിന് പ്രാണായാമങ്ങൾ ചെയ്യാൻ തുടങ്ങും. ഈ ഘട്ടത്തിൽ മന്ത്രങ്ങളും, ഹനുമാൻ ചാലിസകളും, ദുർഗാ ചാലിസകളും ശിവാജി, മഹാറാണ പ്രതാപ് എന്നിവരുടെ കഥകളും കേൾപ്പിക്കും.

ഗർഭിണികൾ മാംസാഹാരം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു കൈപ്പുസ്തകം പുറത്തിറക്കിയ സംഭവം ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ആ നടപടി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡോക്ടർമാരടക്കം ആരോഗ്യമേഖലയിലെ പല പ്രമുഖരും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് ഗർഭ് സൻസ്‌കാർ കാമ്പയിനിന് ഇടവേള നൽകിയ ആർഎസ്എസ് അനുബന്ധ സംഘടന വീണ്ടും സമാന ആശയവുമായി വന്നിരിക്കുകയാണ്.

ഇത്തവണ ജെഎൻയുവിൽ ഗൈനക്കോളജി ഡോക്ടർമാർ അടങ്ങുന്ന വലിയൊരു വേദിയാണ് ആർഎസ്എസ് തങ്ങളുടെ ആശയം പ്രചരിപ്പിക്കാൻ ഉപയോഗിച്ചത്. രാജ്യത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത് എന്ന് കുട്ടിക്കളെ ഗർഭാവസ്ഥയിൽ തന്നെ പഠിപ്പിക്കണമെന്ന് സംവർദ്ധിനി ന്യാസിന്റെ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായ മാധുരി മറാത്തെ വേദിയിൽ പറയുകയുണ്ടായി. ജിജ ഭായ് പ്രാർത്ഥനയിലൂടെയാണ് ഛത്രപതി ശിവജിയെപ്പോലൊരു മകന് ജന്മം നൽകിയതെന്നും അവരെപ്പോലെ എല്ലാ സ്ത്രീകളും പ്രാർത്ഥിച്ച് ഹിന്ദു രാജാക്കന്മാരുടെ ഗുണങ്ങളുള്ള മക്കളെ പ്രസവിക്കണമെന്നും മാധുരി പ്രസംഗത്തിൽ പറഞ്ഞു.