ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ സമ്പന്നായ മനുഷ്യൻ. ഗൗതം അദാനിയുടെ മേൽവിലാസം ഇപ്പോൾ അങ്ങനെയാണ്. ശതകോടീശ്വരനാണെങ്കിലും, അദാനി പലപ്പോഴും പഴി കേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ്. മോദിയുമായുള്ള അടുപ്പമാണ് അദാനിയുടെ സമ്പത്ത് കുമിഞ്ഞുകൂടാൻ കാരണമെന്നാണ് വിമർശനം. എന്നാൽ, ഇത് ദോഷൈകദൃക്കുകളുടെ വിമർശനം എന്നാണ് ഗൗതം അദാനി ചിരിച്ചുകൊണ്ടുപറയുക. ഇന്ത്യ ടിവിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലും അദാനി പറയുന്നത് തന്റെ വിജയമന്ത്രം വേറൊന്നുമല്ല, മേഹനത്ത്, മേഹനത്ത്..മേഹനത്ത്... കഠിനാദ്ധ്വാനം.

മോദിയോട് അടുപ്പമുള്ളതുകൊണ്ടാണോ ഈ ഉയർച്ച?

അങ്ങനെയാണെങ്കിൽ താൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിസിനസ് ചെയ്യുന്നുണ്ടല്ലോ എന്നാണ് ഗൗതം അദാനിയുടെ ചോദ്യം. ഓരോ സംസ്ഥാനത്തും പരമാവധി നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. 22 സംസ്ഥാനങ്ങളിലാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഇതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല. ഒരു സംസ്ഥാന സർക്കാരുമായും തങ്ങൾക്ക് പ്രശ്‌നമില്ല. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പോലും ഞങ്ങൾ പ്രവർത്തിക്കുന്നു. മമതദീദിയുടെ ബംഗാളിൽ, നവീൻ പട്‌നായിക്ജിയുടെ ഒഡിഷയിൽ, ജഗന്മോഹൻ റെഡ്ഡിയുടെ, കെസിആറിന്റെ...ഒക്കെ സംസ്ഥാനങ്ങളിൽ.

രജത് ശർമ അവതാരകനായ ആപ് കി അദാലത്തിലാണ് ഗൗതം അദാനി അതിഥിയായി എത്തിയത്. 60 കാരനായ വ്യവസായി പറഞ്ഞു:' മോദിജിയുടെ പക്കൽ നിന്ന് നിങ്ങൾക്ക് വ്യക്തിപരമായ സഹായം ഒരിക്കലും കിട്ടില്ലെന്ന് ഞാൻ പറയും. ദേശീയ താൽപര്യം മുൻനിർത്തി നിങ്ങൾക്ക് നയങ്ങളെ കുറിച്ച് സംസാരിക്കാം. പക്ഷേ ഒരു നയം രൂപീകരിക്കുമ്പോൾ, അത് എല്ലാവർക്കും വേണ്ടിയാണ്, അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമല്ല'.

വായ്പാഭാരത്തെ കുറിച്ചുള്ള ഗോസിപ്പുകൾ

കഴിഞ്ഞ 7-8 വർഷമായി ഞങ്ങളുടെ വരുമാനം 24 ശതമാനം കണ്ട് ഉയർന്നിട്ടുണ്ട്. വായ്പകൾ 11 ശതമാനം കണ്ട് ഉയർന്നിട്ടും ഉണ്ട്. ഞങ്ങളുടെ ആസ്തികൾ ഞങ്ങളുടെ വായ്പകളേക്കാൾ നാല് മടങ്ങ് അധികമാണ്.

ചങ്ങാത്ത മുതലാളിത്തം എന്ന രാഹുലിന്റെ വിമർശനം

ചങ്ങാത്ത മുതലാളിത്തം എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം രാഷ്ട്രീയവ്യവഹാരത്തിന്റെ ഭാഗമാണ്. രാജസ്ഥാനാണ് അദാനി ചൂണ്ടിക്കാട്ടുന്ന ഒരു ഉദാഹരണം. നിക്ഷേപം എന്നത് ഞങ്ങളുടെ സ്വാഭാവിക പരിപാടിയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ക്ഷണപ്രകാരം, ഞാൻ രാജസ്ഥാൻ നിക്ഷേപക സംഗമത്തിൽ പോയിരുന്നു.

പിന്നീട് രാഹുൽ പോലും രാജസ്ഥാനിലെ ഞങ്ങളുടെ നിക്ഷേപത്തെ പ്രശംസിച്ചു. രാഹുലിന്റെ നയങ്ങൾ വികസന വിരുദ്ധമല്ലെന്ന് എനിക്ക് അറിയാം, അദാനി പറഞ്ഞു.

ആദ്യത്തെ ബിഗ് ബ്രേക്ക് രാജീവ് ഗാന്ധിയുടെ കാലത്ത്

മോദിയുമായുള്ള ബന്ധമാണ് തന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് വിമർശിക്കുന്നവർ, തന്റെ വിജയം തുടങ്ങിയത് കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന കാലത്താണെന്ന കാര്യം മറന്നുപോകരുത്. 'എനിക്ക് ജീവിതത്തിൽ മൂന്ന് ബിഗ് ബ്രേക്കുകൾ ഉണ്ടായി. ആദ്യത്തേത് 1985 ൽ രാജീവ് ഗാന്ധിയുടെ കാലത്താണ്. അക്കാലത്തെ എക്‌സിം നയപ്രകാരം ഞങ്ങളുടെ കമ്പനിയെ ആഗോള ട്രേഡിങ് ഹൗസാക്കാൻ അനുമതി കിട്ടി.

രണ്ടാമത്തേത് 1991 ൽ, നരസിംഹ റാവുവിന്റെ കാലത്ത്, ഡോ മന്മോഹൻ സിങ് സമ്പദ് വ്യവസ്ഥയിൽ ഉദാരവത്കരണം നടപ്പാക്കിയപ്പോൾ ഞങ്ങൾ, പൊതു-സ്വാകര്യം പങ്കാളിത്ത രീതിയിലേക്ക് മാറി. മൂന്നാമത്തേത്, നരേന്ദ്ര മോദിയുടെ 12 വർഷം നീണ്ട ഗുജറാത്ത് ഭരണകാലത്ത്. അത് നല്ലൊരു അനുഭവമായിരുന്നു എന്ന് അഭിമാനത്തോടെ പറയാം. ഗുജറാത്ത് നിക്ഷേപ സൗഹൃദമാണ്, അല്ലാതെ അദാനി സൗഹൃദമല്ല.

കഠിനാദ്ധ്വാനം വിജയ മന്ത്രം

ഒരു പദ്ധതി പോലും ലേലത്തിലൂടെയല്ലാതെ ഏറ്റെടുത്തിട്ടില്ല. അദാനി ഗ്രൂപ്പിന്റെ നയം, അത് തുറമുഖമാകട്ടെ, വിമാനത്താവളമാകട്ടെ, റോഡാകട്ടെ, എന്തായാലും, ലേലത്തിലൂടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ലേല പ്രക്രിയ അട്ടിമറിച്ചെന്ന് രാഹുൽജി പോലും ആരോപിചിട്ടില്ല, ഗൗതം അദാനി പറഞ്ഞു. താങ്കളുടെ വിജയ ഫോർമുല എന്തെന്ന ചോദ്യത്തിന് മെഹനത്ത് എന്ന വാക്ക് മൂന്നു വട്ടം ഉച്ചരിക്കുകയാണ് ഗൗതം അദാനി ചെയ്തത്. കഠിനാദ്ധ്വാനം, കഠിനാദ്ധ്വാനം, കഠിനാദ്ധ്വാനം