ന്യൂഡൽഹി: ഗവർണ്ണറുടെ 'പ്ലഷർ' നഷ്ടപ്പെട്ട മന്ത്രി കെ എൻ ബാലഗോപാലിന് രാജി വയ്‌ക്കേണ്ടി വരുമോ? ഏതായാലും പ്ലഷർ നഷ്ടപ്പെടുന്ന രാജ്യത്തെ ആദ്യ സംസ്ഥാന മന്ത്രിയല്ല ബാലഗോപാൽ. മുമ്പ് ഉത്തർപ്രദേശിൽ അസംഖാനും ഗവർണ്ണറുടെ പ്രീതി പോയി. പക്ഷേ രാജിവയ്‌ക്കേണ്ടി വന്നില്ല. കോടതിയിലെ നിയമ പോരാട്ടങ്ങളും വ്യക്തമായ വിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചില്ല. അന്ന് ഗവർണ്ണറും മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം അവസാനം രമ്യതയിലെത്തിയതായിരുന്നു ഇതിന് കാരണം. അതിന് മുമ്പ് ഒരു മന്ത്രി 'പ്ലഷർ' വിവാദത്തിൽ കുടുങ്ങി രാജിവച്ചിട്ടുണ്ട്. അന്ന് ഗവർണറായിരുന്നില്ല 'പ്ലഷർ' പിൻവലിച്ചത്. രാഷ്ട്രപതിയായിരുന്നു പ്രശ്‌നക്കാരൻ. അതും സെയിൽ സിങ് എന്ന രാഷ്ട്രപതി.

രാജീവ് ഗാന്ധിയും രാഷ്ട്രപതി സെയിൽ സിങ്ങും നടന്ന ശീതസമരത്തിൽ ഇപ്പോൾ കെ എൻ ബാലഗോപാൽ ഇരയായതുപോലെ അന്നത്തെ കേന്ദ്ര സഹമന്ത്രി കെ കെ തിവാരി രാജിവെക്കേണ്ടിവന്നത് രാഷ്ട്രപതി സമാനമായ കത്തു പ്രധാനമന്ത്രിക്ക് കൊടുത്തതുകൊണ്ടാണ് .മന്ത്രിയെന്ന നിലയിൽ തുടരാൻ തന്റെ പ്ലഷർ തിവാരിക്ക് നഷ്ടപ്പെട്ടു എന്നാണ് സെയിൽ സിങ്ങിന്റെ കത്തിന്റെ രത്നച്ചുരുക്കം.
അന്ന് രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കപ്പെട്ടെങ്കിലും തിവാരിക്ക് രാജിയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണഘടനാ വിദഗ്ദർ തല പുകഞ്ഞാലോചിട്ടും തിവാരിയെ രക്ഷപ്പെടുത്താനായില്ല. അന്ന് സഭയിൽ രാജിപ്രഖ്യാപിച്ചു മന്ത്രിസഭയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു-ഇതാണ് യഥാർത്ഥ്യം. അതായത് രാഷ്ട്രപതിയുടെ പ്ലഷർ പോയാൽ കേന്ദ്രമന്ത്രിക്ക് തുടരാനാകില്ലെന്നതാണ് കീഴ് വഴക്കം.

സെയിൽസിങ് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞപ്പോൾ തിവാരി മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ പ്ലഷർ നഷ്ടമായാൽ ബാലഗോപാലിന് തുടരാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുതിർന്ന മാധ്യമ പ്രവർത്തകനായ ജി ശക്തിധരൻ ഇതുമായി ബന്ധപ്പെട്ടെഴുതിയ പോസ്റ്റ് ചർച്ചയായിട്ടുണ്ട്. ഇതിനൊപ്പം പ്ലഷറുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏക രാജി സംഭവമിതാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഭരണഘടനയിലെങ്ങും ഗവർണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ അത് നേരേചൊവ്വേ അങ്ങ് എഴുതുവച്ചാൽ മതിയായിരുന്നല്ലോ. അല്ലാതെ ഗവർണറുടെ ഇഷ്ടമെന്ന് എഴുതി അത് മുഖ്യമന്ത്രിയുടെ ഇഷ്ടമെന്ന് വ്യാഖ്യാനിക്കേണ്ടല്ലോ. നിയമനത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ഉപദേശം അനിവാര്യമാകുന്നത്. ഈ സാഹചര്യത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത നീക്കം നിർണ്ണായകമാണ്.

ഇഷ്ടം അഥവാ പ്രീതി എന്ന വാക്ക് ഒഴിവാക്കണമെന്നും മന്ത്രിമാർ അവർക്ക് സഭയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസമുള്ളിടത്തോളം തുടരണമെന്നും വേണം നിഷ്‌കർഷിക്കാനെന്ന് ഭരണഘടനാ അസംബ്ലിയിൽ ഒരു അഭിപ്രായം ഉണ്ടായി. സാധാരണയായി അങ്ങനെ തന്നെയാണ് മന്ത്രിമാർ അധികാരത്തിൽ തുടരുന്നതെന്നും, അതാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും അംബേദ്കർ പറഞ്ഞു. എന്നാൽ ഭൂരിപക്ഷം ഇല്ലെങ്കിലും ഇഷ്ടം അഥവാ പ്രീതി ഉണ്ടായാൽ തുടരാനും കഴിയില്ലല്ലോ. വിശ്വാസമില്ലാതെ ആയാൽ അവരെ പുറത്താക്കാൻ മറ്റ് നടപടികൾ ഉണ്ടല്ലോയെന്നും അംബേദ്കർ വിശദീകരിച്ചു. അതിനാൽ ഇഷ്ടം അഥവാ പ്രീതിയെന്ന വാക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് അംബേദ്കർ വിവരിച്ചു.

ലോകത്തുള്ള എല്ലാ ജനാധിപത്യ ക്രമങ്ങളിലും ഇതേ പദമാണ് ഉപയോഗിക്കുന്നതെന്നും, ഭൂരിപക്ഷത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമൊന്നും പറയുന്ന പതിവോ ശൈലിയോ എങ്ങുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെയുമല്ല, ഇഷ്ടം അഥവാ പ്രീതിയെന്ന അധികാരം ഒരാളെ പിരിച്ചുവിടാനും സ്വീകരിക്കാമെന്ന് അദ്ദേഹം വാദിച്ചു. ഒരാളെ പുറത്താക്കാൻ അഴിമതി, കൈക്കൂലി, ഭരണഘടനാ ലംഘനം എന്നിങ്ങനെ നിരവധി സ്വീകാര്യമായ കാരണങ്ങളുണ്ട്. അതെല്ലാം ഭരണഘടനയിൽ എഴുതിച്ചേർക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇഷ്ടം അഥവാ പ്രീതിയെന്ന് ചേർത്താൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജി ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

തിവാരി ഡൽഹിയിൽ ജീവനോടെ ഉണ്ട് മറക്കണ്ട

'പ്രീതി നഷ്ടം രാജ്യചരിത്രത്തിലാദ്യം; ഗവർണർ- സർക്കാർ പോര് അസാധാരണ തലത്തിലേക്ക്...'മലയാള മനോരമയുടെ ഓൺലൈൻ വാർത്തയുടെ മുഖ്യതലക്കെട്ടാണിത് ഒന്നുകിൽ മുഖ്യമന്ത്രിയെ ഇന്നത്തെ ധർമ്മസങ്കടത്തിൽ നിന്ന് കരകയറ്റാനുള്ള മാധ്യമ പൊടിക്കൈ ,അതല്ലെങ്കിൽ ഈ പത്രം പെയ്ഡ് ന്യൂസ് ഇനത്തിൽ നേടിക്കൊണ്ടിരിക്കുന്ന കോടികളുടെ ഒരു ചെറിയ തെളിവ് അവർ പോലും അറിയാതെ ചാക്കിൽ നിന്ന് പുറത്തു ചാടി. ഇത്രയേറെ ആധുനിക സൗകര്യങ്ങളുള്ള മനോരമയുടെ ഡിജിറ്റൽ ലൈബ്രറിയിൽ പഴയ പത്രം കാണും. ഒന്ന് തുറന്നുനോക്കൂ. അതല്ലെങ്കിൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ദേശാഭിമാനിയിലെ ഏതെങ്കിലും ലേഖകനോട് ചോദിക്കൂ. ലജ്ജിച്ചു തലതാഴ് ത്തേണ്ടി വരും.

രാജീവ് ഗാന്ധിയും രാഷ്ട്രപതി സെയിൽ സിങ്ങും നടന്ന ശീതസമരത്തിൽ ഇപ്പോൾ കെ എൻ ബാലഗോപാൽ ഇരയായതുപോലെ അന്നത്തെ കേന്ദ്ര സഹമന്ത്രി കെ കെ തിവാരി രാജിവെക്കേണ്ടിവന്നത് രാഷ്ട്രപതി സമാനമായ കത്തു പ്രധാനമന്ത്രിക്ക് കൊടുത്തതുകൊണ്ടാണ് .മന്ത്രിയെന്ന നിലയിൽ തുടരാൻ തന്റെ പ്ലഷർ തിവാരിക്ക് നഷ്ടപ്പെട്ടു എന്നാണ് സെയിൽ സിങ്ങിന്റെ കത്തിന്റെ രത്നച്ചുരുക്കം.
അന്ന് രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കപ്പെട്ടെങ്കിലും തിവാരിക്ക് രാജിയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണഘടനാ വിദഗ്ദർ തല പുകഞ്ഞാലോചിട്ടും തിവാരിയെ രക്ഷപ്പെടുത്താനായില്ല. അന്ന് സഭയിൽ രാജിപ്രഖ്യാപിച്ചു മന്ത്രിസഭയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു.

രാഷ്ട്രപതി പദവിയിൽ നിന്ന് സെയിൽ സിങ്ങ് ഒഴിഞ്ഞശേഷം തിവാരിയെ മടക്കിക്കൊണ്ടുവന്നു എന്നത് മറ്റൊരു കാര്യം. ഇവിടെ ഗവർണ്ണർക്ക് ഇനിയും രണ്ടുവർഷത്തോളം സമയമുണ്ട്. അതല്ലെങ്കിൽ ഭരണഘടനാ ബഞ്ച് ഇടപെട്ട് ഈ വകുപ്പ് ഭേദഗതി ചെയ്യണം. ആരിഫ് മുഹമ്മദ് ഖാൻ എന്തെങ്കിലും കാണാതെ ചാടി ഇറങ്ങുന്നവനല്ല എന്നത് ഓർക്കുക, എനിക്ക് അദ്ദേഹത്തോട് ഭക്തിയോ മമതയെ ഇല്ല .ഈ പ്രശ്‌നത്തിലും ഞാൻ ബാലഗോപാലിന്റെ പക്ഷത്താണ്.കേരളത്തോടൊപ്പമാണ്. പക്ഷെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടുന്ന ഒരു മനുഷ്യനെ ഒരു മാഫിയാ സംഘം വേട്ടയാടുന്നത് കാണുമ്പൊൾ എനിക്ക് അതിനൊപ്പം നിൽക്കാനാവില്ല. മനോരമ പോലുള്ള വൻകിട പത്രങ്ങൾ കുഴിയിൽ ചാടിച്ചുതരും.

അവർക്ക് എത്ര കോടി കിട്ടും എന്നതേ നോക്കേണ്ടത്ള്ളൂ .കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ കാലം മുതൽ കാണുന്നതാണ്. അപ്പോഴാണ്, ഏതോ വിടന്മാർ തൊട്ടു അശുദ്ധമാക്കി എന്ന് പറയുന്ന സ്വപ്നസുന്ദരിക്ക് അതിനേക്കാൾ പരിശുദ്ധി ഉണ്ടെന്ന് തോന്നിപ്പോകുന്നത്. (സമയം കിട്ടിയാൽ കൂടുതൽ എഴുതാം.അക്ഷരത്തെറ്റുകൾ ക്ഷമിക്കുക,)