തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്ഭവൻ സർക്കാരിലേക്ക് മടക്കി അയച്ചത് ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ. ഇനി ഇത് ബില്ലാക്കിയാലും രാജ്ഭവൻ ഉടനൊന്നും ഒപ്പിടില്ല. ഓർഡിനൻസിനു പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

നിലവിൽ നിയമസഭ പാസാക്കിയ ആറ് ബില്ലുകൾ ഗവർണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുണ്ട്. വിവാദമായ ലോകായുക്ത നിയമഭേദഗതി, വി സി. നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയിൽ സർക്കാർ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്ന സർവകലാശാലാ നിയമഭേദഗതി, മിൽമയിൽ അഡ്‌മിനിസ്ട്രേറ്റർമാർക്കും വോട്ടവകാശം നൽകുന്ന സഹകരണ നിയമഭേദഗതി തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഈ ബില്ലുകളിന്മേലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. ഇതിൽ വിവാദമായ ലോകായുക്ത നിയമഭേദഗതി മുഖ്യമന്ത്രി പിണറായി വിജയനും നിർണ്ണായകാണ്. ലോകായുക്താ വിധി മുഖ്യമന്ത്രിക്കെതിരായാലും രാജി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഗവർണ്ണറുടെ നിലപാടോടെ അത് അട്ടിമറിക്കപ്പെട്ടു. ബില്ലിൽ ഒപ്പിടാത്തത് വലിയ തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്.

സർവകലാശാലാ വി സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്നാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിന് സർക്കാർ രൂപം നൽകിയത്. സമാന സ്വഭാവമുള്ള സർവകലാശാലകൾക്കായി ഒരു ചാൻസലറെന്ന നിലയിലായിരിക്കും നിയമനം. എന്നാൽ ഗവർണ്ണറുടെ നിസ്സഹകരണത്തോടെ ഓർഡിനൻസ് തന്നെ അപ്രസക്തമായി. നിയമസഭയിൽ ബില്ലാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനുണ്ട്. പക്ഷേ ബിൽ നിയമമാകണമെങ്കിൽ ഗവർണ്ണർ ഒപ്പിടണം. ഇതിനിടെ യുജിസി നിയമ ഭേദഗതി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഗവർണ്ണർമാർ ചാൻസലറാകണമെന്ന തരത്തിലെ ഭേദഗതിയാകും ഇത്.

ഗവർണർമാരെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർമാരായി നിയമിക്കുന്നത് ദേശീയനയത്തിന്റെ ഭാഗമാണെന്നും കേരളത്തിന് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും കഴിഞ്ഞദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. യുജിസി. നിർദേശങ്ങളുടെ ഭാഗമായി കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും സംസ്ഥാന സർവകലാശാലകളിൽ ഗവർണർമാരും ചാൻസലറാകുകയെന്ന നിബന്ധന കൊണ്ടുവരാനാണ് കേന്ദ്ര ആലോചന.

കേരളത്തിനു പുറമെ തമിഴ്‌നാട്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സർക്കാരും ഗവർണർമാരും തമ്മിൽ സർവകലാശാലാ കാര്യങ്ങളിൽ ഏറ്റുമുട്ടലുണ്ട്. ഇവിടെയും സമാനരീതിയിലുള്ള നിയമനിർമ്മാണം വിവിധഘട്ടങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടലിന് ശ്രമിക്കുന്നത്.