- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ അധികാരം എന്തെന്ന് തെളിയിച്ച് രാജ്ഭവൻ; ഭയന്ന് വിറച്ച് നീക്കം ചെയ്തുവെന്ന അറിയിപ്പ് 15 പേർക്ക് കൈമാറി വൈസ് ചാനൻസലർ; സെർച്ച് കമ്മറ്റി അംഗത്തെ തീരുമാനിച്ച് നൽകാമെന്ന് മന്ത്രി ബിന്ദുവും; വിഷയം കോടതിയിൽ എത്താനുള്ള സാധ്യതയും കുറവ്; കേരളാ സർവ്വകലാശാലയെ ഗവർണ്ണർ നേരെയാക്കുമ്പോൾ
തിരുവനന്തപുരം: ഇനി ആ 15 പേരും സെനറ്റ് അംഗങ്ങൾ അല്ല. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ വിഷയത്തിൽ കേരള സർവകലാശാല ഒടുവിൽ ഗവർണറുടെ തീരുമാനത്തിനു വഴങ്ങി. സെനറ്റിൽനിന്നു നീക്കം ചെയ്‌തെന്ന അറിയിപ്പ് 2 സിൻഡിക്കറ്റ് അംഗങ്ങൾ ഉൾപ്പെടെ 15 പേർക്കും രജിസ്റ്റ്രാർ കൈമാറി. ഇതോടെ ഇവർ സെനറ്റ് അംഗങ്ങൾ അല്ലാതെയായി. ഇവർ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അതിന് സാധ്യത തീരെ കുറവാണ്. കോടതിയിൽ നിന്ന് ഗവർണ്ണർക്ക് അനുകൂല ഉത്തരവുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇത്.
15 പേരെ നാടകീയമായാണ് രാജ്ഭവൻ പുറത്താക്കിയത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിട്ടും സർവകലാശാല വിജ്ഞാപനം ഇറക്കാതിരുന്നതോടെ, കഴിഞ്ഞദിവസം രാജ്ഭവൻ തന്നെ ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. രാജ് ഭവന്റെ അധികാരങ്ങൾ വെളിപ്പെടുത്താൻ കൂടിയാണ് ഇത്. ഗവർണറുടെ തീരുമാനം അനുസരിക്കാത്തതിന് അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന ഘട്ടത്തിലാണ് വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള നിലപാടു മാറ്റിയത്.
വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ മുൻപു വിളിച്ച സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 15 പേരാണ് പുറത്താക്കപ്പെട്ടത്. സേർച് കമ്മിറ്റി പ്രതിനിധിയെ നവംബർ നാലിനു സെനറ്റ് യോഗം നിർദേശിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചിട്ടുണ്ട്. എന്നാൽ, സെനറ്റ് അംഗങ്ങൾക്ക് അയച്ച അറിയിപ്പിൽ ഇക്കാര്യം അജൻഡയിലുള്ളതായി പറഞ്ഞിട്ടില്ല. ഏതായാലും ഈ വിഷയത്തിൽ ഗവർണ്ണറോട് പോരിന് സർക്കാരിനും താൽപ്പര്യമില്ല. കോടതിയിൽ കേസുണ്ടായാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ മനസ്സിലാക്കിയാണ് ഇത്. കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിൽ പ്രിയാ വർഗ്ഗീസിനെ പ്രതികൂട്ടിൽ നിർത്തുന്നതായിരുന്നു ഹൈക്കോടതി വിധി.
കേരളാ സർവ്വകലാശാലയുടെ സേർച് കമ്മിറ്റിയുടെ 3 മാസ കാലാവധി നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അന്നു സെനറ്റ് യോഗം പ്രതിനിധിയെ നിശ്ചയിക്കുമെന്നു മന്ത്രി അറിയിച്ചത്. എന്നാൽ, കമ്മിറ്റിയുടെ കാലാവധി ഗവർണർ 3 മാസം കൂടി നീട്ടിയ സാഹചര്യത്തിൽ സിപിഎം അംഗങ്ങൾ പഴയ നിലപാട് പുനഃപരിശോധിക്കുമോ എന്നു സംശയമാണ്. മഹാദേവൻ പിള്ള തിങ്കളാഴ്ച വിരമിക്കും. താൽക്കാലിക ചുമതല ലഭിക്കുന്ന വിസിയുടെ അധ്യക്ഷതയിലാവും അടുത്ത സെനറ്റ് യോഗം. ഗവർണർ ഇന്നു കൊച്ചിയിലെത്തും. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നു കരുതുന്നു. അതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനങ്ങളുണ്ടാകും.
പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇവരോട് അടുത്ത മാസം നാലിനും 19 നും ചേരുന്ന സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ച് സർവകലാശാല അയച്ച കത്ത് പിൻവലിച്ചതായി കണക്കാക്കാമെന്ന് അധികൃതർ പറയുന്നു. പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം വന്നശേഷമാണ് നാലിനു ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും വിസി കത്ത് നൽകിയത്. ഇതു റദ്ദാക്കി പ്രത്യേകം അറിയിപ്പ് നൽകിയിട്ടില്ല. ഇതിനിടെയാണ് കേസിന് പോയാൽ പ്രശ്‌നമാകുമെന്ന വിലയിരുത്തലുകൾ എത്തുന്നത്.
കേസിൽ തോറ്റാൽ സർവ്വകലാശാല വിവാദങ്ങളിൽ ഗവർണ്ണർക്ക് കരുത്തു കൂടും. സർക്കാർ കൂടുതൽ പ്രതിരോധത്തിലുമാകും. കണ്ണൂരിലെ കേസിലും വലിയ തിരിച്ചടിയാണ് സർക്കാരിന് നേരിടേണ്ടി വന്നത്.
മറുനാടന് മലയാളി ബ്യൂറോ