- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്‌ക്കൊന്ന് മുറുകിയ ഗവർണർ വീണ്ടും അയയുന്നു; നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് വീണ്ടും ഇലയിട്ട് സദ്യയൊരുക്കുന്നു! രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിക്കും സദ്യയൊരുക്കി ഗവർണറുടെ നയതന്ത്രം; വിരുന്നു നയതന്ത്രം സർക്കാറിന് ഗുണം ചെയ്യുമോ?
തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി മുറുകിയും അയഞ്ഞുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നോട്ടു പോക്ക്. ഇടയ്‌ക്കൊന്ന് അയയുന്ന ഗവർണർ സർക്കാറുമായി വീണ്ടും മുറുകുന്നതാണ് പതിവ്. ഇക്കുറിയും ആ പതിവ് തെറ്റിക്കാൻ ഗവർണർ തയ്യാറല്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്ന ഗവർണർ വീണ്ടും സർക്കാറുമായി അനുരഞ്ജന വഴിതേടുകയാണ്. അതിനായി അദ്ദേഹം അവസരമാക്കുന്നത് രാഷ്ട്രപതിയുടെ കേരള സന്ദർശനവും.
പൊതുവേ സൽക്കാരപ്രിയനായ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ചു കൊണ്ടാണ് പതിവുനയതന്ത്രം പയറ്റുന്നത്. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുർമുവിന്റെ ബഹുമാനാർഥമാണ് ഗവർണറുടെ വിരുന്ന്. വിരുന്നുനയതന്ത്രത്തിന്റെ ഫലമായി പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടൽ ഹയാത്തിലാണ് സത്കാരം. കേരളീയസദ്യയാണ് സസ്യഭുക്കായ രാഷ്ട്രപതിക്ക് ഒരുക്കുന്നത്. എന്നാൽ, വിരുന്നിന്റെ ഭാഗമായി മത്സ്യ, മാംസ വിഭവങ്ങളും ഉണ്ടാകും. സാധാരണ രാഷ്ട്രപതി രാജ്ഭവനിലെ വി.ഐ.പി. സ്യൂട്ടിലാണ് താമസിക്കാറെങ്കിലും ഇപ്രാവശ്യം സ്വകാര്യഹോട്ടലിലാണ് താമസം. ഗവർണർ താമസിക്കുന്ന പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അദ്ദേഹം വി.ഐ.പി. സ്യൂട്ടിലാണ് താമസം. 17-ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പിറ്റേന്ന് വൈകീട്ട് ലക്ഷദ്വീപിലേക്ക് പോകും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെച്ചിരിക്കയാണെന്നുകാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് സർക്കാർ. സർവകലാശാലാ വി സി. നിയമനങ്ങളിൽ സർക്കാരും ഗവർണറുമായി തുടങ്ങിയ ഏറ്റുമുട്ടലിന് പിന്നീട് ഒരുഘട്ടത്തിലും ഇളവുവന്നില്ലെന്ന് മാത്രമല്ല രൂക്ഷമാകുകയും ചെയ്തു.
ഗവർണർ ആതിഥ്യം നൽകിയ ക്രിസ്മസ് വിരുന്ന് മുഖ്യമന്ത്രി ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ, പിന്നീട് റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടത്തിയ അറ്റ് ഹോം പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി ചായസത്കാരത്തിൽ പങ്കുകൊണ്ടു. രാഷ്ട്രപതിയുടെ ഇരുവശത്തുമായിരുന്ന് സദ്യയുണ്ണുമെങ്കിലും ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഇരിപ്പുവശത്തിന് വലിയ മാറ്റമുണ്ടാകുമെന്ന് കരുതാൻ കഴിയില്ല.
അടുത്തിടെ നിമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. ബില്ലുകളിൽ വിശദീകരണം തേടിയിട്ടും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് ഗവർണർ പറഞ്ഞു. അഞ്ച് മാസം മുമ്പാണ് വിശദീകരണം ആവശ്യപ്പെട്ടത്. വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകേണ്ടതില്ല. ഇക്കാര്യത്തിന് മറ്റൊരാളെ ചുമതലപ്പെടുത്താൻ സാധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
ഭരണപരമായ കാര്യങ്ങൾ തന്നോടു വിശദീകരിക്കേണ്ടതു മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് അദ്ദേഹം നിർവഹിക്കുന്നില്ലെന്നും ഗവർണർ നിലപാട് സ്വീകരിച്ചിരുന്നു. സർക്കാരിനെതിരായ പരാതികൾ അന്വേഷിക്കണോ എന്നു തീരുമാനിക്കേണ്ടതു സർക്കാരല്ലെന്നും ലോകായുക്ത ബില്ലിൽ ഒപ്പു വയ്ക്കില്ലെന്നു സൂചന നൽകി അദ്ദേഹം പറഞ്ഞു. സർവകലാശാലകളുടെ ചാൻസലറായി താൻ തുടരണമെന്നു മുഖ്യമന്ത്രി തന്നെ കത്തു നൽകിയതാണെന്നും ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ഗവർണർ ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് അനുമതി കാത്ത് ഗവർണറുടെ മുമ്പിലുള്ളത്. ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ലാത്തതിനാലും സംശയമുള്ളതിനാലുമാണ് ഒപ്പിടാത്തതെന്നാണ് ഗവർണറുടെ വിശദീകരണം. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരപരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പുവെക്കുന്നതിലെ പ്രയാസവും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ