- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് പൂർണമായി കീഴടങ്ങി ഗവർണർ; ഏറ്റുമുട്ടൽ വഴി ഒഴിവാക്കിയത് ഡൽഹിയിലെ അദൃശ്യ ശക്തിയുടെ ഇടപെടലിലോ? സർക്കാർ പറയുന്നയാളെ ഇനി വി സിയായി നിയമിക്കും; കുസാറ്റ് താൽക്കാലിക വിസിയായി സർക്കാർ ശുപാർശ ചെയ്ത ഡോ.പി.ജി.ശങ്കരനെ നിയമിച്ചു; ഗവർണർ കാലാവധി അവസാനിക്കും വരെ ഇനി സമവായ പാത
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനോടുള്ള ഏറ്റിമുട്ടൽ പാത ഒഴിവാക്കി അനുനയ പാതയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറുമായി നിരന്തരം കലഹരിച്ചിരുന്ന ആ കാലത്തിന് ആരിഫ് മുഹമ്മദ് ഖാൻ തൽക്കാലം വിട നൽകുകയാണ്. കോടതികളിൽ നിന്നേറ്റ തിരിച്ചടികളും ഡൽഹിയിൽ നിന്നുള്ള ഇടപെടലുകളുമാണ് ഗവർണറെ തൽക്കാലം സമവായ പാതയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചനകൾ. ഇനി മുതൽ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഈ ലൈൻ സ്വീകരിച്ചതോടെ ആദ്യപടിയെന്ന നിലയിൽ, ഇതനുസരിച്ച് കുസാറ്റിൽ (കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി) താൽക്കാലിക വിസിയായി സർക്കാർ ശുപാർശ ചെയ്ത ഡോ.പി.ജി.ശങ്കരനെ ഗവർണർ നിയമിച്ചു. ഇക്കാര്യതതിൽ സർക്കാറിന് പൂർണമായും അദ്ദേഹം വഴങ്ങി. കുസാറ്റിൽ താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാരിന്റെ ശുപാർശ ആവശ്യമില്ലെങ്കിലും ഗവർണർ സർക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയും പ്രഫസറുമാണു ഡോ.ശങ്കരൻ.
കുസാറ്റ് വിസി വിരമിച്ച സാഹചര്യത്തിൽ ചുമതല നൽകുന്നതിന് എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രഫസർമാരുടെ പാനൽ രാജ്ഭവൻ ശേഖരിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ചുമതല നൽകുന്നതിനോടു ഗവർണർ യോജിച്ചില്ല. കാലാവധി അവസാനിക്കുന്നതിനു മുൻപു വിസിയും പിവിസിയും ഗവർണറെ സന്ദർശിക്കാൻ അനുമതി തേടിയെങ്കിലും നൽകിയില്ല. സുപ്രീംകോടതി വിധിയെ തുടർന്നു ഗവർണർ പിരിച്ചുവിടൽ നോട്ടിസ് നൽകിയവരിൽ കുസാറ്റ് വിസിയും ഉൾപ്പെട്ടിരുന്നു.
സാങ്കേതിക സർവകലാശാലയിൽ സർക്കാരിനെ അവഗണിച്ചു ഗവർണർ ചുമതല നൽകിയ ഡോ.സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചതു ഗവർണർക്കു തിരിച്ചടിയായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നിസ്സഹായനായി. ഈ സാഹചര്യത്തിലാണു കുസാറ്റിൽ സർക്കാരിന്റെ താൽപര്യം ഗവർണർ ആരാഞ്ഞത്. കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടിയേറ്റതും സർക്കാർ ഗവർണറിനെതിരെ നിരന്തരം രംഗത്തുവരികയും ചെയ്തതോടെയാണ് അദ്ദേഹം അനുനയ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
എംജി വിസിയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. മലയാളം വിസിയുടെ ചുമതലയും അദ്ദേഹം തന്നെയാണു വഹിക്കുന്നത്. രണ്ടു സർവകലാശാലകളിലും പകരം ആർക്കു ചുമതല നൽകണമെന്നു സർക്കാരിനോട് ആരായാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി 2024 സെപ്റ്റംബറിൽ അവസാനിക്കുകയാണ്. അതുവരെ സർക്കാരിനു താൽപര്യമുള്ളവർക്കു വിസിയുടെ താൽക്കാലിക ചുമതല നൽകി മുന്നോട്ടു പോകും.
സ്ഥിരം വിസിയായി സർക്കാരിനു വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു സേർച് കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്തു നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പു വച്ചിട്ടില്ല. ഇപ്പോഴത്തെ രീതിയിലുള്ള സേർച് കമ്മിറ്റി രൂപീകരിക്കുന്നതിനു സർവകലാശാലയുടെ പ്രതിനിധിയെ നൽകുന്നതു സിപിഎം തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവർണർക്കു സേർച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കില്ല.
സംസ്ഥാനത്തെ എല്ലാ ഗവ. കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാതെ താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. സമാനമായി സർവകലാശാലകളിലും താൽക്കാലിക വിസിമാർ തുടരും. കേരള, സാങ്കേതിക, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, കുസാറ്റ്, മലയാളം സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം വിസി ഇല്ല. എംജി വിസി അടുത്ത മാസം വിരമിക്കും. കണ്ണൂർ, കാലിക്കറ്റ്, സംസ്‌കൃത വിസിമാർക്കെതിരെയുള്ള ക്വോ വാറന്റോ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. ഈ വിസിമാർക്കും ഓപ്പൺ, ഡിജിറ്റൽ വിസിമാർക്കും ഗവർണർ നൽകിയ പിരിച്ചുവിടൽ നോട്ടിസ് കോടതി തടഞ്ഞിരിക്കുകയാണ്.
അതേസമയം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം കേരള സർക്കാരിനും ആശ്വാസമാകുമെന്ന കാര്യം ഉറപ്പാണ്. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എത്രയും വേഗമെന്ന് ഭരണഘടന പറയുന്നതിന്റെ അതിന്റേതായ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കേരള നിയമസഭ പാസാക്കിയ ബില്ലുകളിലും ഗവർണർ ഒപ്പുവെച്ചേക്കും.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സർക്കാർ ഫയൽചെയ്ത ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകളിലെല്ലാം ഒപ്പുവെച്ചെന്ന് ഗവർണർ അറിയിച്ച സാഹചര്യത്തിൽ ഹർജി സുപ്രീം കോടതി തീർപ്പാക്കി. കേരളത്തിലും നിയമസഭ പാസാക്കിയ പല ബില്ലുകളിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഈ കേസ് കേരള സർക്കാരിനും ആത്മവിശ്വാസം നൽകും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ കേരളവും ഇനി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും.
മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയാണെന്ന് തെലങ്കാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഈ ഹർജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കണമെന്നും ദാവെ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിഷയം ഒരുപോലെ കാണാനാകില്ലെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഒരു നിലപാട് സുപ്രീംകോടതി എടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ